Featured Good News

‘കാതോടുകാതോരം’: മമ്മൂക്ക നൽകിയ ഓണസമ്മാനം; നിശ്ശബ്ദതയിൽ നിന്ന് കേൾവിയുടെ ലോകത്തേക്ക് ആ കുഞ്ഞുസഹോദരങ്ങൾ, കണ്ണ് നിറഞ്ഞ് അമ്മ

കൊച്ചി: നടൻ മമ്മൂട്ടി കൊടുത്തയച്ച റേഡിയോയും കസവ് മുണ്ടും മാവേലിയുടെ ചിത്രമുള്ള ഷർട്ടും ഏറ്റുവാങ്ങി മക്കളെ ഉടുപ്പിക്കുന്നതിനിടെ, സന്തോഷത്താൽ കണ്ണീരണഞ്ഞ് ബോബിന പറഞ്ഞു: ‘‘മമ്മൂക്ക മക്കളുടെ ചെവികള്‍ക്ക് നൽകിയ കേൾവിയാണ് ഞങ്ങളുടെ ജീവിതത്തിലെ വലിയ ഓണസമ്മാനം! അതേസമയം റേഡിയോയിൽ ആ പഴയ പാട്ടുയർന്നു… ‘കാതോടുകാതോരം’… ചിങ്ങം പിറക്കുമ്പോൾ കേൾവിയുടെ പുതിയൊരു ലോകത്തേക്ക് കാതുതുറക്കുകയാണ് ഇടുക്കി വണ്ടിപ്പെരിയാറിലെ കുഞ്ഞുസഹോദരങ്ങളായ മിഖായേലും മിഹോക്കും.

ജന്മനാ കേൾവിശക്തിയില്ലാതിരുന്ന ഇവർക്ക് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും ചേർന്ന് നടപ്പിലാക്കുന്ന ‘കാതോടു കാതോരം’ പദ്ധതിയാണ് തുണയായത്. ഇതിലൂടെ ഇരുവർക്കും കോക്ലിയാർ ഇംപ്ലാന്റ് ശസ്ത്രക്രിയ സൗജന്യമായി ചെയ്തു നൽകി.

ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശികളായ സോനു-ബോബിന ദമ്പതികളുടെ മക്കളാണ് മിഖായേലും മിഹോക്കും. മൂത്ത മകനായ മിഖായേലിന് രണ്ടു വയസ്സുള്ളപ്പോഴാണ് മാതാപിതാക്കൾ അവന്റെ കേൾവിതകരാർ തിരിച്ചറിയുന്നത്. കൂട്ടുകാരുമായി കളിക്കുന്നതിനിടെ കുരച്ചുകൊണ്ട് പാഞ്ഞടുത്ത നായയെ കണ്ട് മറ്റുള്ളവർ ഓടിയെങ്കിലും മിഖായേൽ അത് കേട്ടില്ല. ആദ്യം കാണിച്ച ആശുപത്രിയിൽ നാക്കിന്റെ പ്രശ്നമാണെന്നും പ്രായമാകുമ്പോൾ ശരിയാകുമെന്നും പറഞ്ഞ് തിരിച്ചയച്ചു.

പിന്നീട് കട്ടപ്പനയിലെ ആശുപത്രിയിൽ പരിശോധിച്ച ശേഷം ഇയർഫോൺ വച്ചെങ്കിലും പുരോഗതിയുണ്ടായില്ല. കേൾവിയെ സഹായിക്കുന്ന കോശങ്ങൾക്കായിരുന്നു തകരാർ. ഇതിനിടെ രണ്ടാമത്തെ കുട്ടിയായ മിഹോക്കിനും സമാനമായ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ചെറുപ്പത്തിലേ ശസ്ത്രക്രിയ നടത്തുന്നതാണ് ഫലപ്രദമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും, വണ്ടിപ്പെരിയാറിലെ ചെറിയ ലായത്തിൽ കഴിയുന്ന ദിവസവേതനക്കാരനായ സോനുവിന് ഇരുമക്കളുടെയും ചികിത്സയ്ക്കായി ഏകദേശം 25 ലക്ഷത്തോളം രൂപ കണ്ടെത്തുക അസാധ്യമായിരുന്നു.

സർക്കാരിന്റെ ശസ്ത്രക്രിയ പദ്ധതിയിൽ പേര് നൽകി കാത്തിരിക്കുന്നതിനിടയിലാണ് ബോബിന പത്രത്തിലൂടെ ‘കാതോട് കാതോരം’ പദ്ധതിയെക്കുറിച്ച് അറിയുന്നത്. തുടർന്ന് രാജഗിരി ആശുപത്രിയിലെ ഇ.എൻ.ടി, ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗം മേധാവി ഡോ. രാജേഷ് രാജു ജോർജിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി.

ഇ.എൻ.ടി സർജൻ ഡോ. സജിത്ത് അബ്രാഹാം, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ജോജി ആന്റണി, ഇംപ്ലാന്റ് കോ-ഓർഡിനേറ്റർ എൽജി എം. മാത്യു, സീനിയർ ഓഡിയോളജിസ്റ്റ് അബിൻ ലാസർ, സീനിയർ സ്പീച്ച് തെറാപ്പിസ്റ്റ് സാറ പോൾ എന്നിവരടങ്ങുന്ന വിദഗ്ദ്ധ മെഡിക്കൽ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. നിലവിൽ ഓഡിറ്ററി വെർബൽ തെറാപ്പി പരിശീലനത്തിലാണ് മിഖായേലും മിഹോക്കും.