Featured Sports

തന്റെ കൈയില്‍നിന്ന് ട്രോഫി വേണ്ട! നഖ്‍വിയിൽനിന്ന് ട്രോഫി വാങ്ങില്ലെന്ന് ഇന്ത്യന്‍ ടീം, ഏഷ്യാകപ്പിൽ അനിശ്ചിതത്വം!

ദുബായിൽ നടന്ന വനിതാ ഏഷ്യാകപ്പിൽ വിജയികളായ ഇന്ത്യൻ ടീമിന് കിരീടം നൽകിയില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാകിസ്ഥാൻ മന്ത്രിയുമായ മൊഹ്സിൻ നഖ്‌വിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തതാണ് അനിശ്ചിതത്വത്തിന് കാരണമായത്. റണ്ണറപ്പുകളായ ശ്രീലങ്കയ്ക്ക് മൊഹ്സിൻ നഖ്‌വി ചെക്ക് കൈമാറിയെങ്കിലും, ചാമ്പ്യന്മാരായ ഇന്ത്യയ്ക്കുള്ള ട്രോഫിയോ മറ്റ് ബഹുമതികളോ വിതരണം ചെയ്യാൻ തയ്യാറായില്ല.

കഴിഞ്ഞ 2025-ലെ പുരുഷ ഏഷ്യാകപ്പ് ജയിച്ചപ്പോഴും മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ഇന്ത്യൻ ടീം ട്രോഫി വാങ്ങിയിരുന്നില്ല. അന്ന് സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ടീം കിരീടമില്ലാതെയാണ് വിജയം ആഘോഷിച്ചത്. പിന്നീട് ആ ട്രോഫി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഓഫീസിലേക്ക് കൊണ്ടുപോവുകയായിരുന്നു. ബിസിസിഐയ്ക്കോ ഇന്ത്യൻ ടീമിനോ ആ ട്രോഫി ഇതുവരെയും കൈമാറിയിട്ടില്ല.

ശ്രീലങ്കയ്ക്കെതിരായ മത്സരശേഷം 40 മിനിറ്റ് വൈകിയാണ് പുരസ്കാര ചടങ്ങുകൾ ആരംഭിച്ചത്. ശ്രീലങ്കൻ കളിക്കാർക്കും പരിശീലകർക്കും മെമെന്റോകളും രണ്ടാം സ്ഥാനക്കാർക്കുള്ള മെഡലുകളും നൽകി. തുടർന്ന് ലങ്കൻ ക്യാപ്റ്റൻ ചമരി അത്തപ്പത്തു സംസാരിച്ചതിന് പിന്നാലെ തത്സമയ സംപ്രേഷണവും അവസാനിപ്പിച്ചു.

കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന പുരുഷ ഏഷ്യാകപ്പ് ഫൈനലിൽ പാകിസ്ഥാനെ 5 വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. പഹൽഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷൻ സിന്ദൂറിന്റെയും പശ്ചാത്തലത്തിൽ മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങിയില്ലെന്ന് ഇന്ത്യ ഉറപ്പിച്ചു പറയുകയായിരുന്നു.