ബന്ധത്തിലായിരുന്നപ്പോൾ കാമുകിക്കായി ഏകദേശം 3.7 ലക്ഷം ഡോളർ (ഏകദേശം 3.5 കോടി രൂപ) ചെലവഴിച്ച ഇന്ത്യൻ വംശജനായ സി.ഇ.ഒ, വേർപിരിയലിന് ശേഷം ആ പണം തിരികെ ലഭിക്കാനായി നൽകിയ കേസിൽ തോറ്റു. ഇന്ത്യൻ ലോജിസ്റ്റിക്സ് കമ്പനിയായ ടി.സി.ഐ എക്സ്പ്രസ് ലിമിറ്റഡിന്റെ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ചന്ദർ അഗർവാളാണ് തന്റെ മുൻ കാമുകി ഫെലിഷ്യ ലീക്കെതിരെ സിംഗപ്പൂർ ഹൈക്കോടതിയെ സമീപിച്ചത്. താൻ നൽകിയ തുക പലിശരഹിത വായ്പയായിരുന്നുവെന്നും അത് തിരികെ നൽകണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ ഈ തുക പ്രധാനമായും സമ്മാനങ്ങളായി നൽകിയതാണെന്ന് കണ്ടെത്തിയ കോടതി അഗർവാളിന്റെ ഹർജി തള്ളി.
2019-ൽ ഒരു വിമാനയാത്രയ്ക്കിടയിലാണ് അഗർവാളും ഫെലിഷ്യയും കണ്ടുമുട്ടുന്നത്. തുടർന്ന് 2022 സെപ്റ്റംബറിൽ പ്രണയത്തിലായ ഇവർ 2023 ഡിസംബറിൽ വേർപിരിഞ്ഞു. ബന്ധത്തിലിരിക്കെ ഹെർമസ്, ഡിയോർ, പ്രാഡ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ആഡംബര വസ്തുക്കൾ, ഫസ്റ്റ് ക്ലാസ് വിമാന യാത്രകൾ, ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങൾ, പ്രീമിയം കോഴ്സുകൾ എന്നിവയ്ക്കായി അഗർവാൾ വലിയ തുക ചെലവഴിച്ചിരുന്നു. കാമുകിയുടെ ഫ്ലാറ്റിലെ ഫെങ് ഷൂയി പ്രവർത്തനങ്ങൾക്കായി 17,000 സിംഗപ്പൂർ ഡോളറും അദ്ദേഹം ചെലവിട്ടു. ഒരു ഭാരതീയനായ തനിക്ക് ഫെങ് ഷൂയിയിൽ വിശ്വാസമില്ലാത്തതിനാൽ ഇത് വായ്പയായി നൽകിയതാണെന്ന് അഗർവാൾ വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.
പണം വായ്പയായി വാങ്ങിയതാണെന്ന് തെളിയിക്കുന്ന രേഖകളോ വാട്ട്സ്ആപ്പ് സന്ദേശങ്ങളോ ഹാജരാക്കാൻ അഗർവാളിന് സാധിച്ചില്ല. കാമുകിയെ ആഡംബര സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കാൻ അഗർവാൾ സ്വയം താല്പര്യം കാണിക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. തുടർന്ന് കേസ് തള്ളിയ കോടതി ഫെലിഷ്യയുടെ നിയമപോരാട്ടത്തിനായുള്ള ചെലവുകൾ അഗർവാൾ നൽകണമെന്നും ഉത്തരവിട്ടു.
പ്രണയബന്ധം തകർന്നതിന്റെ നിരാശയിലും വിദ്വേഷത്തിലും കാമുകിയെ ബുദ്ധിമുട്ടിക്കാനാണ് അഗർവാൾ ഈ നീക്കം നടത്തിയതെന്ന് ജഡ്ജി ലീ സിയു കിൻ നിരീക്ഷിച്ചു. നൽകിയ തുക വായ്പയല്ല, മറിച്ച് സമ്മാനങ്ങളാണെന്ന് വ്യക്തമാക്കിയാണ് കോടതി കേസ് അവസാനിപ്പിച്ചത്.




