മുംബൈ: ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ആർ.പി.എഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ് ചെക്കറെയും റേസർ ബ്ലേഡ് കൊണ്ട് ആക്രമിക്കുകയും ജനൽച്ചില്ല് തകർക്കുകയും ചെയ്ത മോഡൽ അറസ്റ്റിലായി. ബന്ധാ-ഗംഗാനഗർ അരവാലി എക്സ്പ്രസിൽ വെച്ചാണ് താനെ സ്വദേശിയായ അന്തരാ സോഹം ബാനർജി (31) എന്ന മോഡൽ അക്രമം അഴിച്ചുവിട്ടത്. ഓഗസ്റ്റ് 12-ന് രാത്രി ബോറിവിലിക്കും ദഹാനുവിനും ഇടയിലായിരുന്നു ഈ സംഭവം നടന്നത്.
വെബ് സീരീസ് ചിത്രീകരണത്തിനായി സൂറത്തിലേക്ക് പോകുകയായിരുന്ന യുവതി സ്ലീപ്പർ ക്ലാസ് ടിക്കറ്റുമായി എസി കോച്ചിൽ കയറി മറ്റൊരാളുടെ സീറ്റിൽ ഇരിക്കുകയായിരുന്നു. സീറ്റ് ഒഴിയാൻ ആവശ്യപ്പെട്ടതോടെ യാത്രക്കാരനുമായി തർക്കമുണ്ടായി. തുടർന്ന് ടിക്കറ്റ് എക്സാമിനർ ഹരിതേഷ് ത്രിപാഠിയും ആർ.പി.എഫ് ഉദ്യോഗസ്ഥരായ യാമിനി കാന്ത് മിശ്ര, രാജേഷ് കുമാർ എന്നിവരും ഇടപെട്ടെങ്കിലും യുവതി കൂടുതൽ അക്രമാസക്തയാവുകയായിരുന്നു.
ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ യുവതി വസ്ത്രങ്ങൾ ഊരിയെറിയുകയും റേസർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിൽ ഉദ്യോഗസ്ഥർക്കും യുവതിക്കും പരിക്കേൽക്കുകയും യൂണിഫോം കീറുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥർ എസി കോച്ച് പൂട്ടിയിട്ടതോടെ ജനൽച്ചില്ല് തകർത്ത് പുറത്തുകടക്കാൻ ശ്രമിച്ച യുവതിയെ ദഹാനു റെയിൽവേ സ്റ്റേഷനിൽ വെച്ച് ജി.ആർ.പി കസ്റ്റഡിയിലെടുത്തു.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ആക്രമണം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്ത യുവതിയെ ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തിൽ വിട്ടു. എസി കോച്ചിൽ ടിക്കറ്റ് ലഭിക്കാത്തതിലെ നിരാശയാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം.
അതിനിടെ, അറസ്റ്റിലായത് താനെ സ്വദേശിനിയായ മോഡലാണെന്നും ‘കസൗട്ടി സിന്ദഗി കെ’ പരമ്പരയിലൂടെ പ്രശസ്തയായ തനിക്ക് ഈ സംഭവവുമായി ബന്ധമില്ലെന്നും വ്യക്തമാക്കി നടി അന്തരാ ബാനർജി രംഗത്തെത്തി. ഏക്താ കപൂറിന്റെ ‘കസൗട്ടി സിന്ദഗി കെ’ പോലുള്ള സൂപ്പര്‍ ഹിറ്റ് പരമ്പരകളിലൂടെ പ്രശസ്തയാണ് അന്തരാ ബാനര്‍ജി.
പേരുകളിലെ സാദൃശ്യം കാരണം ചില മാധ്യമങ്ങൾ തന്റെ ചിത്രം തെറ്റായി ഉപയോഗിച്ചതാണെന്ന് അന്തറ ബാനർജിയുടെ ടീം പ്രസ്താവനയിലൂടെ അറിയിച്ചു. എഫ്.ഐ.ആറിന്റെ പകർപ്പ് പരിശോധിച്ച് കേസിൽ ഉൾപ്പെട്ടത് നടിയല്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനായി മുംബൈയിൽ വാർത്താസമ്മേളനം നടത്തും.




