ഒഡീഷയിലെ ഗ്രാമീണ സർക്കാർ ആശുപത്രിയിൽ നിന്ന് സൗജന്യമായി മികച്ച ചികിത്സ ലഭിച്ചതിനെ തുടർന്ന് ഇന്ത്യൻ ആരോഗ്യ മേഖലയെ പ്രശംസിച്ച് അമേരിക്കൻ വിനോദസഞ്ചാരി. അന്താരാഷ്ട്ര സിനിമാ നിർമ്മാതാവായ മൈക്ക് പങ്കുവെച്ച ഇൻസ്റ്റഗ്രാം വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്ത്യയിലെത്തി അഞ്ചാം ദിവസം ഒഡീഷയിലെ സ്വാദിഷ്ടമായ ഭക്ഷണം അമിതമായി കഴിച്ചതിനെ തുടർന്നാണ് മൈക്കിന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതും.
12 മണിക്കൂറോളം തുടർച്ചയായി ഛർദ്ദിച്ചതിനെ തുടർന്നാണ് ഗ്രാമീണ മേഖലയിലെ സർക്കാർ ആശുപത്രിയിൽ എത്തിയത്. അവിടെ വെച്ച് ഐ.വി ഫ്ലൂയിഡും മരുന്നുകളും സൗജന്യമായി നൽകി തന്നെ പരിചരിച്ചതായി മൈക്ക് പറഞ്ഞു. ഇന്ത്യയിലെ ഭക്ഷണത്തെക്കുറിച്ച് മോശം കമന്റുകൾ ഇടാൻ തുനിഞ്ഞവർക്ക് മൈക്ക് കൃത്യമായ മറുപടി നൽകുകയും ചെയ്തു. ഇത് ഭക്ഷണത്തിൽ നിന്നുള്ള വിഷബാധയല്ലെന്നും, രുചികരമായ ഭക്ഷണം അമിതമായി കഴിച്ചത് കൊണ്ടുണ്ടായ ബുദ്ധിമുട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയിൽ ഇത്തരം ചികിത്സകൾക്ക് ആയിരക്കണക്കിന് ഡോളർ ചെലവാകുമായിരുന്നു എന്ന് ചൂണ്ടിക്കാണിച്ച മൈക്ക്, ഇന്ത്യയിൽ തന്നിൽ നിന്ന് ഒരു പൈസ പോലും ഈടാക്കിയില്ലെന്നും തമാശരൂപേണ പറഞ്ഞു. 4.6 ലക്ഷത്തിലധികം ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ ഇന്ത്യൻ ആരോഗ്യ മേഖലയെയും ഒഡീഷയിലെ സൗജന്യ ചികിത്സാ സംവിധാനങ്ങളെയും പ്രശംസിച്ചുകൊണ്ട് നിരവധി ആളുകളാണ് കമന്റുകൾ പങ്കുവെക്കുന്നത്.




