മീൻ നോൺ വെജ് ഭക്ഷണമാണോ? അതെ എന്ന് അത്ര പെട്ടെന്ന് പറയാൻ വരട്ടെ. മീൻ വിഭവങ്ങൾ കഴിക്കാൻ ആഗ്രഹമുള്ള വെജിറ്റേറിയൻസിന് ഏറെ പ്രതീക്ഷ നൽകുന്ന പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് യുപി മന്ത്രി സഞ്ജയ് നിഷാദ്. വെളുത്തുള്ളിയും ഉള്ളിയും ചേർക്കാതെ പാകം ചെയ്യുന്ന മീൻ വിഭവങ്ങളെ വെജിറ്റേറിയനായി കണക്കാക്കാമെന്നാണ് മന്ത്രിയുടെ പുതിയ അവകാശവാദം.
ഉത്തരേന്ത്യയിൽ ഇപ്പോൾ പവിത്രമായ ശ്രാവണ (സാവൻ) മാസമാണ് നടക്കുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം പരമശിവന് പ്രാധാന്യമുള്ള ഈ മാസത്തിൽ വിശ്വാസികൾക്ക് കർശനമായ ആചാരങ്ങളുണ്ട്. സാവൻ മാസത്തിൽ മാംസാഹാരം കഴിക്കുന്നത് പൂർണ്ണമായും വിലക്കിയിട്ടുള്ളതിനാൽ സാത്വികമായ സസ്യാഹാരരീതി മാത്രമാണ് എല്ലാവരും പിന്തുടരുന്നത്. എന്നാൽ മന്ത്രി വളഞ്ഞ വഴികളിലൂടെ മാംസാഹാരം കഴിക്കാൻ ആഹ്വാനം ചെയ്ത് ജനങ്ങളെ പറ്റിക്കുകയാണെന്നാണ് പ്രധാന വിമർശനം.
ഭക്ഷണരീതികൾ പരിശോധിച്ചാൽ മത്സ്യം എന്നത് സാത്വികമല്ല, മറിച്ച് ‘തമസിക്’ (ശരീരത്തെ തളർത്തുന്ന) ഭക്ഷണമായാണ് കണക്കാക്കുന്നത്. അതിനാൽ ഇത് സാവൻ മാസത്തിൽ മാത്രമല്ല, എല്ലാ മാസങ്ങളിലും ഒഴിവാക്കേണ്ട ഒന്നാണ്. എന്നാൽ ഉള്ളിയും വെളുത്തുള്ളിയും ‘രാജസിക്’ (മനസ്സിനെയും ശരീരത്തെയും ഉത്തേജിപ്പിക്കുന്ന) ഭക്ഷണങ്ങളുടെ ഗണത്തിലാണ് വരുന്നത്. ഇവ ശ്രാവണ മാസത്തിൽ മാത്രമാണ് പൊതുവെ ഒഴിവാക്കാറുള്ളത്.
ശ്രാവണ മാസത്തിൽ വലിയ കുഴപ്പമില്ലാത്ത ഉള്ളിയും വെളുത്തുള്ളിയും ഒഴിവാക്കാൻ നിർദേശിക്കുകയും പകരം മീൻ കഴിക്കാം എന്ന് പറയുകയും ചെയ്ത മന്ത്രിയുടെ ലക്ഷ്യം സംശയാസ്പദമാണെന്നാണ് ആളുകൾ ചൂണ്ടിക്കാണിക്കുന്നത്.




