Oddly News

ചിരിപ്പൂരം! കസേരയിൽ തല കുടുങ്ങി യുവാവ്, രക്ഷിക്കാൻ ചെന്ന കൂട്ടുകാരനും കുടുങ്ങി; വൈറൽ വീഡിയോ

ചൈനയിലെ ഒരു ആശുപത്രിയിൽ നടന്ന വിചിത്രമായ സംഭവം സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുകയാണ്. കസേരയുടെ കൈപ്പിടിയിൽ തല കുടുങ്ങിയ ഒരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സുഹൃത്തിന്റെ തലയും മറ്റൊരു കസേരയിൽ കുടുങ്ങിയതാണ് സംഭവം. എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്.

ആശുപത്രിയിലെ കസേരയിൽ കിടക്കുകയായിരുന്ന ആളുടെ തല അബദ്ധത്തിൽ കസേരയുടെ കൈപ്പിടിയുടെ ഇടയിൽ കുടുങ്ങുകയായിരുന്നു. തല പുറത്തെടുക്കാൻ അദ്ദേഹം പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് അവിടെയുണ്ടായിരുന്ന മറ്റുള്ളവർ സഹായിക്കാൻ എത്തിയെങ്കിലും ഫലമുണ്ടായില്ല.

ഈ സമയത്താണ് അദ്ദേഹത്തിന്റെ സുഹൃത്ത് അവിടെയെത്തുകയും, തല എങ്ങനെ എളുപ്പത്തിൽ പുറത്തെടുക്കാമെന്ന് കാണിച്ചു കൊടുക്കാൻ ശ്രമിക്കുകയും ചെയ്തത്. എന്നാൽ, ടെക്‌നിക് കാണിച്ചുകൊടുക്കുന്നതിനിടെ സുഹൃത്തിന്റെ തലയും തൊട്ടടുത്തുള്ള കസേരയിൽ കുടുങ്ങിപ്പോയി. ഇതോടെ രണ്ടുപേരുടെയും തല കസേരകളിൽ കുടുങ്ങിപ്പോയ വിചിത്രമായ അവസ്ഥയായി.

ഇരുവരുടെയും അവസ്ഥ കണ്ട് ആളുകൾ അമ്പരക്കുകയും ചിരിക്കുകയും ചെയ്തു. ആദ്യത്തെയാൾ എങ്ങനെയാണ് തല അതിനുള്ളിൽ കടത്തിയതെന്നും, സുഹൃത്ത് എന്തിനാണ് അതിലേക്ക് വെറുതെ തലയിട്ടതെന്നും ചോദിച്ച് നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.