Spotlight

‘കനകസിംഹാസനത്തില്‍ ഏത് ശുനകനുമിരിക്കാമെന്ന് തോന്നിപ്പിക്കരുത്’; എൻഎസ്എസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഗണേഷ് കുമാർ

എൻഎസ്എസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി കെ.ബി.ഗണേഷ് കുമാർ രംഗത്തെത്തി. സംഘടനയ്ക്കുള്ളിൽ വൻതോതിലുള്ള അഴിമതിയും ബന്ധുനിയമനവുമാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരേ കുടുംബത്തിലെ 43 പേർക്ക് എൻഎസ്എസ് സ്ഥാപനങ്ങളിൽ ജോലി നൽകിയ സംഭവം ഇതിന് വ്യക്തമായ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നിലപാടുകളെയും സംഘടനയുടെ സമദൂര നയത്തെയും ചോദ്യം ചെയ്തതിനാണ് തന്നെ നേതൃസ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കിയതെന്ന് ഗണേഷ്കുമാർ പറഞ്ഞു. കനകസിംഹാസനത്തിൽ ഏത് ശുനകനുമിരിക്കാമെന്ന് തോന്നിപ്പിക്കരുതെന്നും ഗണേഷ്കുമാര്‍ വിമര്‍ശിച്ചു. ഉയർന്ന പദവികളിൽ ഇരിക്കുന്നവരുടെ പെരുമാറ്റം ആ പദവിയുടെ അന്തസ്സിന് നിരക്കാത്തതാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നായർ സംരക്ഷണ സമിതി പുറത്തിറക്കിയ, എൻഎസ്എസ് നേതൃത്വത്തെ വിമർശിക്കുന്ന ‘ദേവതാരുവിലെ ഇത്തിൾകണ്ണികൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കവേയാണ് ഗണേഷ്കുമാർ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. തൊട്ടടുത്തുള്ള മന്നം ക്ലബിൽ നിശ്ചയിച്ചിരുന്ന പരിപാടിക്ക്, എൻഎസ്എസ് നേതൃത്വം അനുമതി നല്‍കാത്തതിനാൽ ഇവിടേക്ക് മാറ്റുകയായിരുന്നുവെന്നാണ് വിവരം.