രാവിലത്തെ കാപ്പി കുടിക്കുമ്പോൾ ഇനിമുതൽ നിങ്ങൾക്ക് കുറ്റബോധം തോന്നേണ്ടതില്ല. ഉറക്കമില്ലായ്മ, ഉത്കണ്ഠ, ഉയർന്ന ഹൃദയമിടിപ്പ് എന്നിവയ്ക്ക് കാരണമാകുമെന്ന പേരിൽ വർഷങ്ങളായി കാപ്പിക്ക് മോശം പ്രതിച്ഛായയാണ് ഉണ്ടായിരുന്നത്. എന്നാൽ മിതമായ അളവിൽ ശരിയായ രീതിയിൽ കഴിക്കുകയാണെങ്കിൽ കാപ്പിക്ക് അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ നൽകാൻ കഴിയും. പ്രത്യേകിച്ച് ബ്ലാക്ക് കോഫി ഏറ്റവും മികച്ച ആരോഗ്യ ഓപ്ഷനുകളിൽ ഒന്നാണ്. തലച്ചോറ് മുതൽ കരൾ വരെയുള്ള ശരീരത്തിലെ ഭൂരിഭാഗം അവയവങ്ങൾക്കും ബ്ലാക്ക് കോഫി ഗുണം ചെയ്യുമെന്നും കാപ്പി കുടിക്കുന്നവർ കൂടുതൽ കാലം ജീവിക്കാൻ സാധ്യതയുണ്ടെന്നും പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. വർത്തിക വിശ്വാനി വ്യക്തമാക്കുന്നു.
ദിവസവും ബ്ലാക്ക് കോഫി കുടിക്കുന്നത് കൊണ്ടുള്ള 6 പ്രധാന ഗുണങ്ങളും അവർ പങ്കുവെച്ചിട്ടുണ്ട്. ദിവസവും ഒന്നര മുതൽ മൂന്നര കപ്പ് വരെ കാപ്പി കുടിക്കുന്നവർക്ക് അല്ലാത്തവരെ അപേക്ഷിച്ച് മരണസാധ്യത 30 ശതമാനം കുറവാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഹൃദ്രോഗം, കരൾ രോഗങ്ങൾ, ടൈപ്പ്-2 പ്രമേഹം, സ്ട്രോക്ക് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ ഇത് സഹായിക്കും. കാപ്പിയിലുള്ള ആന്റിഓക്സിഡന്റുകൾ കരളിലെ വീക്കം കുറയ്ക്കുകയും ഫറ്റി ലിവർ, ലിവർ സിറോസിസ്, ലിവർ കാൻസർ എന്നിവയിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു.
ദിവസവും കുടിക്കുന്ന ഓരോ കപ്പ് കാപ്പിയും ടൈപ്പ്-2 പ്രമേഹത്തിനുള്ള സാധ്യത 6 മുതൽ 7 ശതമാനം വരെ കുറയ്ക്കുന്നു. കാപ്പിയിലുള്ള ക്ലോറോജെനിക് ആസിഡും പോളിഫെനോളുകളും ശരീരത്തിലെ വീക്കം കുറയ്ക്കാനും ഷുഗർ വലിച്ചെടുക്കുന്നത് പതുക്കെയാക്കാനും സഹായിക്കും. കരൾ, ഗർഭാശയ കാൻസറുകൾ വരാനുള്ള സാധ്യത കുറയ്ക്കുന്നതിനൊപ്പം വൻകുടൽ കാൻസർ ഉള്ളവരിൽ ജീവൻ നിലനിർത്താനുള്ള സാധ്യത കൂട്ടാനും കാപ്പി സഹായിക്കുമെന്ന് കണ്ടത്തിയിട്ടുണ്ട്. ഇതിനുപുറമേ പാർക്കിൻസൺസ് പോലുള്ള രോഗങ്ങളിൽ നിന്ന് തലച്ചോറിനെ സംരക്ഷിക്കാനും ബ്ലാക്ക് കോഫി നല്ലതാണ്.
എന്നിരുന്നാലും ബ്ലാക്ക് കോഫി എല്ലാവർക്കും ഒരുപോലെ അനുയോജ്യമല്ലെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. കടുത്ത ഉത്കണ്ഠ, ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയുള്ളവർ ഡോക്ടറുടെ ഉപദേശം തേടിയ ശേഷമേ കാപ്പി ശീലമാക്കാവൂ. സാധാരണയായി ഒരു ദിവസം 3 മുതൽ 4 കപ്പ് വരെ (ഏകദേശം 300-400 മില്ലിഗ്രാം കഫീൻ) കാപ്പി കുടിക്കാം. എങ്കിലും ഓരോരുത്തരുടെയും ശരീര പ്രകൃതി അനുസരിച്ച് ഇതിൽ മാറ്റം വരുത്തേണ്ടതാണ്. നല്ല ഉറക്കം, വ്യായാമം, കൃത്യമായ ഭക്ഷണം എന്നിവയ്ക്ക് പകരമാകാൻ കാപ്പിക്ക് കഴിയില്ലെന്ന കാര്യവും ഓർമ്മിക്കേണ്ടതുണ്ട്.




