Celebrity Featured

‘ഞാന്‍ കെട്ടിയത് ഒരു കുട്ടിയെയാണ്’; ഇപ്പോള്‍ എന്നെ കൈകാര്യം ചെയ്യുന്നൊരു കുട്ടിയെകൂടി കിട്ടി; ഫഹദ്

കുട്ടികളെ കൈകാര്യം ചെയ്യാൻ തനിക്ക് പ്രത്യേക കഴിവാണെന്ന് ആളുകൾ പറയാറുണ്ടെന്നും, അതിന് കാരണം താനൊരു ‘കുട്ടിയെ’ കല്യാണം കഴിച്ചതിനാലാണെന്നും തമാശ രൂപേണ വെളിപ്പെടുത്തി സൂപ്പർ താരം ഫഹദ് ഫാസിൽ. പുതിയ ചിത്രമായ ‘ഡോണ്ട് ട്രബിൾ ദ് ട്രബിളിന്റെ’ പ്രമോഷനിടെയായിരുന്നു താരത്തിന്റെ ഈ രസകരമായ പ്രതികരണം. അതോടൊപ്പം, ചിത്രത്തിൽ ഒപ്പം അഭിനയിച്ച കൗമാര താരം സാറ പലേക്കറുമൊത്തുള്ള അനുഭവങ്ങളും സാറയുടെ മികച്ച ക്ഷമാശീലത്തെയും പ്രകടനത്തെയും പ്രശംസിച്ച് ഫഹദ് പങ്കുവെച്ചു.

‘ഞാനൊരു കുട്ടിയെയാണ് വിവാഹം കഴിച്ചത്, അതുകൊണ്ടാണ് കുട്ടികളെ കൈകാര്യം ചെയ്യാൻ കഴിവുണ്ടെന്ന് ആളുകൾ പറയുന്നത്. എന്നാൽ ഇതാ എന്നെപ്പോലും കൈകാര്യം ചെയ്യുന്ന ഒരാളെ ഞാൻ കണ്ടുമുട്ടി’ എന്നായിരുന്നു സാറയെക്കുറിച്ച് ഫഹദിന്റെ വാക്കുകൾ. ഡയലോഗുകൾ വിട്ടുപോകുമ്പോൾ സാറ തന്നെ തിരുത്താറുണ്ടായിരുന്നെന്നും തന്റെ ഭാഗങ്ങൾ കൂടി പഠിച്ചെടുത്ത അവളാണ് തനിക്ക് ഇതുവരെ ഒപ്പം അഭിനയിച്ചവരിൽ ഏറ്റവും പ്രിയപ്പെട്ട നടിയെന്നും ഫഹദ് കൂട്ടിച്ചേർത്തു. ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന ഈ ചിത്രം തിയറ്ററുകളിൽ തന്നെ കാണണമെന്നും താരം അഭ്യർത്ഥിച്ചു. ഫഹദും സാറയും സൗരഭ് സച്ച്ദേവയും ഒന്നിക്കുന്ന ചിത്രം ഒക്ടോബർ രണ്ടിനാണ് റിലീസ് ചെയ്യുന്നത്.

2014 ഓഗസ്റ്റ് 21-നായിരുന്നു ഫഹദ് ഫാസിലും നസ്രിയ നസീമും വിവാഹിതരായത്. ‘ബാംഗ്ലൂർ ഡെയ്സ്’ എന്ന സിനിമയുടെ സെറ്റിൽ വെച്ച് ഉടലെടുത്ത പ്രണയമാണ് വിവാഹത്തിലെത്തിയത്. അന്നത്തെ നസ്രിയയുടെ പ്രായത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾ നടന്നിരുന്നു.