സമൂഹമാധ്യമങ്ങളിലെ സൈബർ അധിക്ഷേപങ്ങളിൽ നിന്ന് ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവായ ആൻസി സോജനും രക്ഷയില്ല. രാജ്യത്തിന് അഭിമാനമായ താരത്തെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകൾക്ക് താഴെ ആൻസിയുടെ അലങ്കാര വസ്തുക്കളെയും മേക്കപ്പിനെയുമാണ് പലരും പരിഹസിക്കുന്നത്. മുടി പിന്നിലേക്ക് കെട്ടിവെച്ച് കണ്ണെഴുതി വേദിയിലെത്തുന്ന താരത്തിന്റെ ലുക്ക് ട്രെൻഡാകുന്നതിനൊപ്പം തന്നെ, വെറും രണ്ട് സെന്റിമീറ്റർ ദൂരത്തിൽ സ്വർണം നഷ്ടപ്പെടാൻ കാരണം താരത്തിന്റെ മുടിപ്പിന്നുകളും ആഭരണങ്ങളുമാണെന്ന തരത്തിൽ വിമർശകർ ഉപദേശങ്ങളും പരിഹാസങ്ങളുമായി കമന്റ് ബോക്സുകളിൽ നിറയുകയാണ്.
‘ഒരു ഡസൻ കുണുക്കുള്ളത് ഊരിവെച്ചിരുന്നെങ്കിൽ ഫാസ്റ്റ് ആകുമായിരുന്നു, തലയിൽ തൂങ്ങി ആടുന്ന സാധനങ്ങൾ അഴിച്ച് വെച്ച് ചാടിയാൽ 7 മിനിറ്റ് കിട്ടുമായിരുന്നു, മത്സരാർഥികൾ ഇത്ര അധികം അഭരണങ്ങൾ അണിയുന്നത് നല്ലതല്ല, പല കാരണത്താൽ അവരുടെ സ്പീഡ് കുറയാൻ കാരണമാകും..’ ഇന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം ആൻസിയുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നവരാണ് ഭൂരിഭാഗവും.
മത്സരത്തിൽ ആദ്യ ചാട്ടം മുതൽ അഞ്ചാം ശ്രമം വരെ ഒന്നാം സ്ഥാനത്തു നിന്ന ശേഷമാണ് അവസാന ചാട്ടത്തിൽ അപ്രതീക്ഷിതമായി ആൻസിക്ക് സ്വർണം നഷ്ടമായത്. 2004-ൽ അഞ്ജു ബോബി ജോർജ് കുറിച്ച 22 വർഷം പഴക്കമുള്ള ദേശീയ റെക്കോഡ് 6.88 മീറ്ററായി തിരുത്തിക്കുറിച്ചാണ് തൃശൂർ നാട്ടിക സ്വദേശിയായ ആൻസി ഏഷ്യൻ ഗെയിംസിലേക്ക് എത്തിയത്. ഓട്ടോ ഡ്രൈവറായ പിതാവിന്റെ കഠിനാധ്വാനവും തനിക്കെതിരെ ഉയർന്ന അധിക്ഷേപങ്ങളും അതിജീവിച്ചാണ് ഈ നേട്ടങ്ങളത്രയും താരം സ്വന്തമാക്കിയത്.
മാത്രമല്ല, കഴിഞ്ഞ കുറച്ചുകാലമായി പിസിഒഎസ് ബുദ്ധിമുട്ടിച്ചിരുന്നെന്നും 63 കിലോയിൽ നിന്ന് 55 കിലോയിലേക്ക് ഭാരം കുറച്ചത് കഠിനമായ വ്യായാമം വഴിയാണെന്നും ആൻസി വെളിപ്പെടുത്തിയിരുന്നു. മുൻപും വെള്ളിയായിരുന്നു ലഭിച്ചതെന്നും, ഇത്തവണ സ്വർണത്തിനായി പരമാവധി പോരാടിയെന്നും, തിരിച്ചടികളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കുമെന്നും വ്യക്തമാക്കിയ ആൻസി ഇനിയും പോരാടുമെന്ന ഉറച്ച പ്രഖ്യാപനമാണ് നടത്തിയത്. എന്നാൽ ഇതൊന്നും കാണാതെ സമൂഹ മാധ്യമങ്ങളിലെ ഒരു വിഭാഗം ആളുകൾ ഇപ്പോഴും സ്വർണം നഷ്ടപ്പെട്ടതിന്റെ വിചിത്ര കാരണങ്ങൾ കണ്ടെത്താനുള്ള തിരക്കിലാണ്.




