Oddly News

‘നീ കൂടുതല്‍ നാടകം കളിക്കല്ലേടീ’; ജോലിക്കാരിയുടെ മോഷണം പൊക്കി, ശമ്പളം നൽകി പറഞ്ഞുവിട്ട് വീട്ടുടമ; വിഡിയോ വൈറൽ

വീട്ടിൽ മോഷണം നടത്തിയ ജോലിക്കാരിയെ കയ്യോടെ പിടികൂടിയെങ്കിലും പൊലീസിലേൽപ്പിക്കാതെ, അർഹതപ്പെട്ട വേതനം മുഴുവൻ നൽകി പറഞ്ഞയക്കുന്ന വീട്ടുടമയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വീട്ടുടമയ്ക്ക് മുന്നിൽ കൈകൂപ്പി കരഞ്ഞു മാപ്പുപറയുന്ന വീട്ടുജോലിക്കാരിക്ക്, ഇനി നാടകം കാണിക്കേണ്ടതില്ലെന്ന് പറഞ്ഞ് പണം കണക്കാക്കി നൽകി വിട്ടയക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

സംഭവത്തിന് പിന്നാലെ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള വിശ്വാസ്യത, തർക്കങ്ങൾ പരിഹരിക്കുന്ന രീതി, സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നതിന്റെ ശരിതെറ്റുകൾ എന്നിവയെച്ചൊല്ലി വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

വീട്ടിൽ മോഷണം നടന്നെങ്കിലും കൂടുതൽ സംഘർഷങ്ങൾ ഉണ്ടാക്കാതെയും പൊലീസിനെ അറിയിക്കാതെയും ശാന്തമായി വിഷയം പരിഹരിച്ച വീട്ടുടമയുടെ രീതിയെ ഒരു വിഭാഗം ആളുകൾ പ്രശംസിക്കുന്നുണ്ട്. അക്രമത്തിലേക്കോ പരസ്യമായ അപമാനത്തിലേക്കോ കടക്കാതെ ഇത്തരം സന്ദർഭങ്ങളെ എത്ര ലളിതമായി നേരിടാമെന്നതിന് ഉദാഹരണമാണ് ഇതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, വിഡിയോ പ്രചരിച്ചതിന് പിന്നാലെ വീട്ടുടമയ്ക്കെതിരെ രൂക്ഷമായ വിമർശനങ്ങളും ഉയരുന്നുണ്ട്. സ്വകാര്യമായി തീർത്ത വിഷയം എന്തിനാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്നും, ജോലിക്കാരിയുടെ മുഖം പോലും മറയ്ക്കാതെ ദൃശ്യങ്ങൾ പുറത്തുവിട്ടത് അപലപനീയമാണെന്നും എതിർക്കുന്നവർ വാദിക്കുന്നു. മോഷണം നടന്നുവെന്നത് വീട്ടുടമയുടെ ആരോപണം മാത്രമാണെന്നും, നിയമപരമായി പൊലീസിനെ അറിയിക്കുന്നതിന് പകരം അപമാനിക്കുന്ന തരത്തിൽ വിഡിയോ പ്രചരിപ്പിച്ചത് തെറ്റായ നടപടിയാണെന്നും വിമർശകർ വ്യക്തമാക്കുന്നു.

എന്നാൽ അക്രമത്തിനോ പരസ്യമായ വിചാരണയ്ക്കോ നിൽക്കാതെ ജോലി ചെയ്ത ദിവസത്തെ കൂലി നൽകി അയച്ച വീടുടമയുടെ തീരുമാനം മാനുഷികവും സംയമനം പാലിച്ചുള്ളതുമാണെന്ന് മറ്റൊരു വിഭാഗം ആളുകൾ വാദിച്ചു. മോഷണക്കുറ്റം ആരോപിക്കപ്പെടുന്ന തൊഴിലാളികൾ മർദ്ദനത്തിന് ഇരയാകുകയോ കൂലി നിഷേധിക്കപ്പെടുകയോ ചെയ്യുന്ന സംഭവങ്ങളുമായി താരതമ്യം ചെയ്താണ് പലരും ഇതിനെ പിന്തുണച്ചത്. പിന്നീട് ഉണ്ടാകാൻ സാധ്യതയുള്ള നിയമതർക്കങ്ങളിൽ തെളിവായിട്ടാകാം ഇത് ചിത്രീകരിച്ചതെന്നും ചിലർ അഭിപ്രായപ്പെട്ടു.

മോഷണം നടന്നിട്ടുണ്ടെങ്കിൽ വീടുടമ പോലീസിനെയാണ് സമീപിക്കേണ്ടിയിരുന്നതെന്നും, സ്ത്രീയുടെ സ്വകാര്യതയും വിവരങ്ങളും പരസ്യമാക്കിയത് ശരിയായില്ലെന്നും മറ്റു ചിലർ വാദിച്ചു. എന്തായാലും ഈ വൈറൽ വീഡിയോ ഗാർഹിക തൊഴിലാളികൾ, വിശ്വാസം, തൊഴിലുടമ-തൊഴിലാളി തർക്കങ്ങൾ, ഇത്തരം സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിന്റെ ധാർമികത എന്നിവയെക്കുറിച്ചുള്ള വലിയൊരു ചർച്ചയ്ക്കാണ് വഴിതുറന്നിരിക്കുന്നത്.