തെലങ്കാനയിൽ റോഡപകടം സൃഷ്ടിച്ച് ഭർത്താവിനെ വധിക്കാൻ കാമുകനോട് ആവശ്യപ്പെടുന്ന ഭാര്യയുടെ സോഷ്യൽ മീഡിയ ചാറ്റുകൾ പുറത്തുവന്നു. ഭർത്താവിനെ കൊലപ്പെടുത്തിയില്ലെങ്കിൽ താൻ ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങളും ഇതിലുണ്ട്. വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം ചാറ്റുകൾ കൈക്കലാക്കിയതിന് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിലുള്ള ചിലകോട് ഗ്രാമവാസിയായ ഗാഡെ രാജേശ്വർ റാവുവാണ് ഭാര്യ ഭവാനിക്കും കാമുകൻ സൈദുലുവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി പൊലീസിനെ സമീപിച്ചത്. ഖമ്മത്തിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ രാജേശ്വർ റാവു 2016-ലാണ് ഭവാനിയെ വിവാഹം കഴിച്ചത്. ഈ ദമ്പതികൾക്ക് രണ്ട് കുട്ടികളുമുണ്ട്.
കൊറിയർ ഡെലിവറി ജീവനക്കാരനായ സൈദുലുവുമായി ഭാര്യ അടുത്ത സൗഹൃദത്തിലായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ജൂലൈ 27-ന് ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയ റാവു ഭാര്യയെയും സൈദുലുവിനെയും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടു. തൊട്ടടുത്ത ദിവസം സഹോദരനെ കൂട്ടാൻ പോയ സമയത്ത് സൈദുലു തന്നെ പിന്തുടരുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായും ഇയാൾ നൽകിയ പരാതിയിലുണ്ട്.
സംഭവത്തിന് ശേഷം ഭാര്യയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് തന്നെ കൊലപ്പെടുത്താൻ പദ്ധതിയൊരുക്കുന്ന വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം സംഭാഷണങ്ങൾ റാവുവിന് ലഭിക്കുന്നത്. ഈ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ സഹിതം ആഗസ്റ്റ് 1-ന് ഇയാൾ ഡോർനക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തനിക്ക് പൊലീസ് സംരക്ഷണം വേണമെന്നും റാവു ആവശ്യപ്പെട്ടു. പരാതി ലഭിച്ചതായും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും ഖമ്മം റൂറൽ സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു.




