Celebrity Sports

9 വർഷത്തെ ഡേറ്റിങ്ങില്‍ 4 മക്കൾ; 41-ാം വയസ്സിൽ ക്രിസ്‌റ്റ്യാനോയ്‌ക്ക് കല്യാണം! ഇന്നും വെളിപ്പെടുത്താതെ ആദ്യ മകന്റെ അമ്മയെ

പോർച്ചുഗലിന്റെ ഇതിഹാസ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ജീവിതപങ്കാളി ജോർജീന റോഡ്രിഗസിന്റെയും വിവാഹം വൈകാതെ നടക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. താരം ജനിച്ചു വളർന്ന മദേരയുടെ തലസ്ഥാനമായ ഫഞ്ചാലിലെ ചരിത്രപ്രസിദ്ധമായ കത്തീഡ്രലിൽ വെച്ചായിരിക്കും വിവാഹച്ചടങ്ങുകൾ നടക്കുക.

അഞ്ച് മക്കളെ വളർത്തുന്നതും കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളുമാണ് തന്റെ ജീവിതത്തെ പ്രകാശപൂർണ്ണമാക്കുന്നതെന്ന് പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ പലപ്പോഴും പറയാറുണ്ട്. 41 വയസ്സുകാരനായ റൊണാൾഡോയും 32 വയസ്സുകാരിയായ ജോർജീന റോഡ്രീഗ്‌സും ഒൻപതു വർഷമായി പ്രണയത്തിലാണ്. ഇരുവരും ഉടൻ വിവാഹിതരാകാൻ ഒരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഈ മാസം എട്ടിനാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത് എന്നാണ് സൂചന. പഞ്ചനക്ഷത്ര ഹോട്ടലായ സവോയ് പാലസിൽ കനത്ത സുരക്ഷയിലായിരിക്കും ആഘോഷങ്ങൾ സംഘടിപ്പിക്കുക. ഇതിന്റെ ഭാഗമായി ഹോട്ടലിന്റെ രണ്ടു നിലകളും ബാറുകളും സ്വകാര്യ ആവശ്യങ്ങൾക്കായി പൂർണ്ണമായും അടച്ചിടും. 2016-ൽ ആരംഭിച്ച ഇവരുടെ പ്രണയം ഒരു പതിറ്റാണ്ട് പൂർത്തിയാക്കുന്ന വേളയിലാണ് ഈ വിവാഹം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഡയമണ്ട് മോതിരം ധരിച്ച ചിത്രം പങ്കുവെച്ചുകൊണ്ട് ജോർജീന തന്നെയായിരുന്നു വിവാഹനിശ്ചയ വാർത്ത പുറത്തുവിട്ടത്.

2016-ൽ മഡ്രിഡിലെ പ്രശസ്തമായ ഗുച്ചി സ്റ്റോറിൽ സെയിൽസ് അസിസ്റ്റന്റായി ജോലി ചെയ്യുമ്പോഴാണ് ജോർജീനയെ റൊണാൾഡോ ആദ്യമായി കാണുന്നത്. 2017-ൽ ഇരുവരും ഈ ബന്ധം പരസ്യമാക്കി. ഇന്ന് 73 ദശലക്ഷത്തിലധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സുള്ള പ്രശസ്ത മോഡലും ബിസിനസുകാരിയുമാണ് ജോർജീന. ഇവരുടെ കുടുംബജീവിതത്തെക്കുറിച്ച് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ‘ഐ ആം ജോർജീന’ എന്ന മിനി സീരീസിന്റെ രണ്ടു സീസണുകളും വലിയ ജനപ്രീതി നേടിയിരുന്നു. ഇതിനു മുൻപ് റഷ്യൻ മോഡൽ ഐറിന ഷൈക്കുമായും റൊണാൾഡോ പ്രണയത്തിലായിരുന്നു.

2010 ജൂൺ 17-നാണ് റൊണാൾഡോയുടെ ആദ്യ മകനായ ക്രിസ്റ്റ്യാനോ ജൂനിയർ ജനിക്കുന്നത്. 16 വയസ്സുള്ള ജൂനിയറിന്റെ അമ്മയുടെ വിവരങ്ങൾ റൊണാൾഡോ സ്വകാര്യമായി സൂക്ഷിച്ചിരിക്കുകയാണ്. മകൻ വളരുമ്പോൾ സത്യം അവനോട് പറയുമെന്നും മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങിയല്ല അത് ചെയ്യുന്നതെന്നും റൊണാൾഡോ മുൻപ് വ്യക്തമാക്കിയിരുന്നു. സ്വന്തം മകനല്ലെങ്കിലും 2016 മുതൽ ക്രിസ്റ്റ്യാനോ ജൂനിയറിനെ സ്വന്തം കുഞ്ഞിനെപ്പോലെയാണ് ജോർജീന വളർത്തുന്നത്.

നിലവിൽ സ്‌പെയ്‌നിലെ മല്ലോർക്കയിൽ അവധിക്കാലം ആഘോഷിക്കുന്ന ഇവർ മനോഹരമായ ചിത്രങ്ങളും അനുഭവങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അച്ഛന്റെ പാത പിന്തുടർന്ന് ഫുട്ബോൾ രംഗത്ത് തിളങ്ങുന്ന ക്രിസ്റ്റ്യാനോ ജൂനിയർ ഇപ്പോൾ അൽ-നാസറിന്റെ യൂത്ത് ടീമിലാണ് കളിക്കുന്നത്. ക്രൊയേഷ്യയിൽ നടന്ന ടൂർണമെന്റിനായി പോർച്ചുഗലിന്റെ യൂത്ത് ടീമിലേക്ക് മകൻ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ റൊണാൾഡോ ഇൻസ്റ്റഗ്രാമിലൂടെ അഭിമാനം പ്രകടിപ്പിച്ചിരുന്നു.

ക്രിസ്റ്റ്യാനോ ജൂനിയറിനെക്കൂടാതെ റൊണാൾഡോയ്ക്കും ജോർജീനയ്ക്കും നാല് മക്കൾ കൂടിയുണ്ട്. 2017 ജൂണിൽ വാടക ഗർഭപാത്രത്തിലൂടെ ഇരട്ടക്കുട്ടികളായ ഇവാ മരിയയും മാറ്റിയോയും ജനിച്ചു. തുടർന്ന് 2017 നവംബറിൽ ജോർജീനയുടെയും റൊണാൾഡോയുടെയും ആദ്യ കുഞ്ഞായ അലാന മാർട്ടിന പിറന്നു. പിന്നീട് 2022 ഏപ്രിലിൽ ബെല്ല എസ്മെറാൾഡ ജനിച്ചെങ്കിലും, അവളുടെ ഇരട്ട സഹോദരനായ എയ്ഞ്ചൽ പ്രസവസമയത്ത് മരണപ്പെട്ടത് കുടുംബത്തിന് വലിയ ആഘാതമായി മാറി. വർഷങ്ങളായി ഒന്നിച്ച് ജീവിക്കുന്ന ഇരുവരും വിവാഹിതരാകുമോ എന്ന ചോദ്യത്തിന് ഭാവിയിൽ തീർച്ചയായും വിവാഹമുണ്ടാകുമെന്ന് പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിൽ റൊണാൾഡോ വ്യക്തമാക്കിക്കഴിഞ്ഞു. ഇപ്പോൾ പോർച്ചുഗലിലെ മദീരയിൽ വെച്ച് ഇവരുടെ സ്വപ്നവിവാഹം നടക്കാനുള്ള ഒരുക്കങ്ങളിലാണ് കുടുംബം.