കണ്ണൂർ ചെറുപുഴയിൽ കനത്ത മഴയ്ക്കിടെ മീന്തുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ ആളെ രക്ഷിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട നീന്തൽ പരിശീലകൻ തിരുവനന്തപുരം സ്വദേശി ആർ. രാജേഷി (37) ന്റെ മൃതദേഹം കണ്ടെത്തി. തേജസ്വിനി പുഴയ്ക്കു നടുവിലെ തുരുത്തിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
രാജേഷ് രക്ഷപ്പെട്ട് വനത്തിൽ കയറിപ്പറ്റിയിട്ടുണ്ടാകാമെന്ന കുടുംബാംഗങ്ങളുടെ സംശയത്തെ തുടർന്ന് കഴിഞ്ഞ ദിവസം മുതൽ കേരള, കർണാടക വനംവകുപ്പുകളുടെ സംയുക്ത സംഘം കർണാടക വനത്തിനുള്ളിൽ തിരച്ചിൽ നടത്തിവരികയായിരുന്നു.
കഴിഞ്ഞദിവസം മലയോരത്തുണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും മീന്തുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ കോലുവള്ളിയിലെ ശബനിയിൽ ബെന്നിയെ (61) രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രാജേഷ് ഒഴുക്കിൽപ്പെടുന്നത്. കോലുവള്ളി നോർത്തുള്ള തന്റെ കൃഷിയിടത്തിൽ രാവിലെ എത്തിയ ബെന്നി, കർണാടക വനത്തിൽ ഉരുൾപൊട്ടി കാര്യങ്കോട് പുഴയിൽ വെള്ളം ഉയർന്നതോടെയാണ് ഒറ്റപ്പെട്ടത്. വെള്ളം കഴുത്തൊപ്പം ഉയർന്നതോടെ ഫോണും നഷ്ടപ്പെട്ട് മരത്തിൽ പിടിച്ച് സഹായത്തിനായി കാത്തുനിന്ന ബെന്നിയുടെ അടുത്തേക്ക് റാഫ്റ്റിൽ രാജേഷും സുഹൃത്തുക്കളും എത്തുകയായിരുന്നു.
രക്ഷാപ്രവർത്തകർ എറിഞ്ഞു നൽകിയ കയറിൽ പിടിച്ച് ബെന്നിയും പിന്നിലായി രക്ഷാപ്രവർത്തകരും പുഴ കടക്കുന്നതിനിടെ, ഏറ്റവും പിന്നിലുണ്ടായിരുന്ന രാജേഷിന്റെ പിടിവിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. തന്റെ ജീവൻ രക്ഷിച്ച രാജേഷിനായി പ്രാർത്ഥനയോടെ ബെന്നിയും ഭാര്യ ആൻസിയും കാത്തിരുന്നെങ്കിലും ആ ധീരന്റെ ജീവൻ പുഴ കവരുകയായിരുന്നു.




