Featured Good News

അമ്മത്തൊട്ടിലിൽ ആയിരാമത്തെ കൺമണി; അവള്‍ ഇനി ‘സഹസ്ര’, ഹ്യൂമൻ മിൽക്ക് ബാങ്കുമായി ശിശുക്ഷേമ സമിതി

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിൽ പദ്ധതിയിലൂടെ സംരക്ഷണം ലഭിച്ച കുഞ്ഞുങ്ങളുടെ എണ്ണം ആയിരം തികഞ്ഞു. ഇന്നലെ പുലർച്ചെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ അഞ്ചുദിവസം പ്രായമുള്ള പെൺകുഞ്ഞ് എത്തിയതോടെയാണ് ഈ ചരിത്രനേട്ടം കുറിച്ചത്. ‘ആയിരം ജീവനുകളുടെ സാക്ഷ്യവും ആയിരം പ്രതീക്ഷകളുടെ പുതിയ തുടക്കവുമാണ് സഹസ്ര’ എന്ന് വ്യക്തമാക്കിക്കൊണ്ട് സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപിയാണ് കുഞ്ഞിന് ‘സഹസ്ര’ എന്ന് പേരിട്ടത്. 2002 നവംബർ 14 ശിശുദിനത്തിൽ തുടക്കമിട്ട പദ്ധതി, ഉപേക്ഷിക്കപ്പെടാൻ സാധ്യതയുള്ള നവജാതശിശുക്കൾക്ക് വലിയൊരു അഭയകേന്ദ്രമായി മാറുകയായിരുന്നു. പുലർച്ചെ 3.35-ന് എത്തിയ 2.57 കിലോഗ്രാം ഭാരമുള്ള ഈ പെൺകുഞ്ഞടക്കം പദ്ധതിയുടെ കരുതലായി മാറിയത് ആയിരം കുരുന്നുകളാണ്.

അമ്മത്തൊട്ടിലിലൂടെ ലഭിച്ച 1000 കുട്ടികളിൽ 681 പേർ പെൺകുട്ടികളും 319 പേർ ആൺകുട്ടികളുമാണ്. ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ എത്തിയത് തിരുവനന്തപുരം ജില്ലയിലാണ്—667 പേർ. കോട്ടയം (43), കൊല്ലം (38), മലപ്പുറം, പാലക്കാട് (34 വീതം), പത്തനംതിട്ട (28), തൃശൂർ (27), ആലപ്പുഴ (26), കോഴിക്കോട് (25), എറണാകുളം, കണ്ണൂർ (21 വീതം), ഇടുക്കി (20), കാസർകോട് (16) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകൾ. എന്നാൽ വയനാട്ടിൽ നിന്ന് ഇതുവരെ ഒരു കുഞ്ഞും അമ്മത്തൊട്ടിലിൽ എത്തിയിട്ടില്ല.

2002 ഡിസംബർ 24-ന് എത്തിയ ‘നിത്യ’യാണ് അമ്മത്തൊട്ടിലിലെ ആദ്യ കുഞ്ഞ്. നൂറാമത്തെ കുഞ്ഞിന് ‘ശതശ്രീ’ എന്നും ആയിരാമത്തെ കുഞ്ഞിന് ‘സഹസ്ര’ എന്നും പേരിട്ടു. മഴ, നിള, കനി, കതിർ, തെന്നൽ, പ്രകൃതി, ഇന്ത്യ, കേരളീയ, ഇതൾ തുടങ്ങിയ മനോഹരമായ പേരുകളും മുൻകാലങ്ങളിൽ കുട്ടികൾക്ക് നൽകിയിട്ടുണ്ട്. 2023-ൽ നിലവിലെ ഭരണസമിതി ചുമതലയേറ്റ ശേഷം 111 കുട്ടികളാണ് അമ്മത്തൊട്ടിലിലെത്തിയത്. ഇതിൽ 78 പേർ പെൺകുട്ടികളും 33 പേർ ആൺകുട്ടികളുമാണ്. ഇതേ കാലയളവിൽ 258 കുട്ടികൾക്ക് ദത്തെടുക്കലിലൂടെ പുതിയ കുടുംബങ്ങളെ ലഭിച്ചു, ഇതിൽ 227 പേർ ഇന്ത്യയിലും 31 പേർ വിദേശത്തുമാണ്.

സംസ്ഥാനത്തെ അമ്മത്തൊട്ടിലുകൾ പൂർണ്ണമായും ഹൈടെക് ആക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അരുൺ ഗോപി അറിയിച്ചു. ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിൽ ഹൈടെക് സംവിധാനങ്ങളുടെ നിർമ്മാണം നടക്കുകയാണ്. കൂടാതെ, അമ്മയുടെ മുലപ്പാൽ ലഭിക്കാത്ത നവജാതശിശുക്കൾക്കായി തിരുവനന്തപുരം കേന്ദ്രീകരിച്ച് ആധുനിക ഹ്യൂമൻ മിൽക്ക് ബാങ്ക് 2027 ജനുവരിയോടെ ആരംഭിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷറർ കെ. ജയപാലും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.