Spotlight

കുറ്റസമ്മതം നടത്തി, പ്രധാനമന്ത്രി ക്ഷമിച്ചു; എന്നിട്ടും വേട്ടയാടൽ: സഹികെട്ട് വീടുവിട്ട് പതിനഞ്ചുകാരിയും അമ്മയും

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ 15 വയസുകാരിയോട് പ്രധാനമന്ത്രി ക്ഷമിക്കുകയും, തനിക്ക് തെറ്റുപറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നും പറഞ്ഞ് പെൺകുട്ടി പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും സമൂഹത്തിലും സോഷ്യൽ മീഡിയയിലും ചിലർ പെൺകുട്ടിയോട് ക്ഷമിക്കാൻ തയ്യാറാകാത്തതിനെത്തുടർന്ന്, ഇവരുടെ ശല്യം കാരണം കുടുംബത്തിന് വാടകവീട് ഒഴിഞ്ഞ് പോകേണ്ടിവന്നു.

അപരിചിതരും പോലീസും നിരന്തരം വീട്ടിലെത്തുന്നതിനാലാണ് നോയിഡയിലെ വാടകവീട് ഉപേക്ഷിക്കേണ്ടി വന്നതെന്ന് പെൺകുട്ടിയുടെ മാതാവ് വ്യക്തമാക്കി. പ്രധാനമന്ത്രി ക്ഷമിച്ചിട്ടും തങ്ങളുടെ കുടുംബം ഇപ്പോഴും ഭീഷണിയും പീഡനവും നേരിടുകയാണെന്ന് അവർ പറഞ്ഞു. പത്താം ക്ലാസിൽ പഠിക്കുന്ന മകളുടെയും അധ്യാപികയായ തന്റെയും ഭാവി ഇനി എന്താകുമെന്ന കാര്യത്തിൽ വലിയ ആശങ്കയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

2019-ൽ ഭർത്താവ് അപകടത്തിൽ മരിച്ചതിനുശേഷം ഒറ്റയ്ക്കാണ് മകളെ വളർത്തുന്നതെന്നും ചെറിയ മകൻ ബന്ധുക്കളുടെ കൂടെയാണെന്നും അമ്മ പറഞ്ഞു. ആളുകളും പോലീസും അടിക്കടി വീട്ടിലെത്തുമ്പോൾ ജീവിക്കാൻ പ്രയാസമാണെന്നും, തങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കാൻ അധികൃതരും പൊതുജനങ്ങളും തയ്യാറാകണമെന്നും അവർ അഭ്യർത്ഥിച്ചു.

ഡൽഹി ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ അവിടെയുണ്ടായിരുന്ന മറ്റുള്ളവരുടെ സ്വാധീനത്തിലാണ് താൻ പ്രധാനമന്ത്രിക്കെതിരെ സംസാരിച്ചതെന്ന് പെൺകുട്ടി മാപ്പപേക്ഷിച്ചുള്ള വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. ഇത് തന്റെ ആദ്യത്തെയും അവസാനത്തെയും തെറ്റാണെന്നും അത്തരം കാര്യങ്ങൾ പറഞ്ഞതിൽ ലജ്ജ തോന്നുനാൽ ആരെയും മുഖമുയർത്തി നോക്കാൻ കഴിയുന്നില്ലെന്നും രാജ്യത്തോട് മാപ്പ് ചോദിക്കുന്നുവെന്നും പെൺകുട്ടി പറഞ്ഞിരുന്നു.

പെൺകുട്ടിക്കെതിരെ നോയിഡ പോലീസ് കേസെടുത്ത് ഡൽഹി പോലീസിന് കൈമാറിയെങ്കിലും ഇതുവരെ തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ല. പെൺകുട്ടി മാപ്പ് പറഞ്ഞതിനാലും സീറോ എഫ്.ഐ.ആർ ആയതിനാലും കേസ് പിൻവലിക്കുന്നത് പരിശോധിക്കുകയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു. അതേസമയം, ഭരണഘടനാ പദവിയിലുള്ളവർക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന അപകീർത്തികരമായ പ്രചാരണങ്ങളിൽ ഡൽഹി പോലീസ് സൈബർ സെല്ലിന്റെ അന്വേഷണം തുടരുന്നുമുണ്ട്.