കുവൈത്ത് സിറ്റി∙ രാജ്യത്ത് നിയമവാഴ്ചയും പൊതുക്രമവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജലീബ് അൽ ശുയൂഖിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ വ്യാപക സുരക്ഷാ റെയ്ഡിൽ പ്രവാസി നിയമലംഘകരും കുറ്റവാളികളുമടക്കം 1,253 പേർ അറസ്റ്റിലായി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിന്റെ നിർദ്ദേശപ്രകാരം നടന്ന പരിശോധനയിൽ വിവാഹബാഹ്യ ബന്ധങ്ങളിൽ ജനിച്ച 36 കുട്ടികളെയും ഇവരുടെ മാതാക്കൾക്കൊപ്പം സുരക്ഷാസേന കണ്ടെത്തി. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അബ്ദുൽ വഹാബ് അൽ വുഹൈബിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചാണ് മിന്നൽ പരിശോധന പൂർത്തിയാക്കിയത്.
വിവിധ മന്ത്രാലയങ്ങളുടെയും അതോറിറ്റികളുടെയും സഹകരണത്തോടെയാണ് ഈ സുരക്ഷാ നടപടികൾ അരങ്ങേറിയത്. കുവൈത്ത് നഗരസഭയുടെ നേതൃത്വത്തിൽ 777 നിയമലംഘനങ്ങൾക്കെതിരെ നോട്ടീസ് നൽകുകയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 27 വാഹനങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. നിയമവിരുദ്ധമായി പ്രവർത്തിച്ച 1,200 കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് ഫർവാനിയ ഗവർണറേറ്റിലെ വൈദ്യുതി ലോഡിൽ 60 ശതമാനം കുറവുണ്ടായിട്ടുണ്ട്. അതോടൊപ്പം തകർച്ചാഭീഷണി നേരിടുന്ന 1,432 കെട്ടിടങ്ങൾ പൊതുമരാമത്ത് മന്ത്രാലയം കണ്ടെത്തുകയും അനധികൃത മലിനജല കണക്ഷനുകൾ അടച്ചുപൂട്ടുകയും ചെയ്തു.
വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മാൻപവർ അതോറിറ്റിയും വാണിജ്യ മന്ത്രാലയവും നടത്തിയ പരിശോധനകളിൽ ആയിരക്കണക്കിന് ലംഘനങ്ങൾ കണ്ടെത്തുകയും അനധികൃത സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തു. തരംമാറ്റിയും അനധികൃതമായും പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ ഫയർഫോഴ്സ്, പരിസ്ഥിതി അതോറിറ്റി, ഫൂഡ് ആൻഡ് ന്യൂട്രീഷ്യൻ അതോറിറ്റി എന്നിവരും കർശന നടപടികളാണ് സ്വീകരിച്ചത്. മേഖലയിലെ ഷെൽട്ടറുകൾ കേന്ദ്രീകരിച്ച് നിരവധി പേർക്ക് ആരോഗ്യ മന്ത്രാലയം വൈദ്യസഹായം ലഭ്യമാക്കുകയും അത്യാവശ്യക്കാരെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.
നിയമലംഘകർ താവളമാക്കിയ ഒഴിഞ്ഞ കെട്ടിടങ്ങൾ ഒഴിപ്പിച്ചും വ്യാജ താമസരേഖകളുള്ളവരെ കണ്ടെത്തി നാടുകടത്തൽ കേന്ദ്രങ്ങളിലേക്ക് മാറ്റിയും തുടരുന്ന ഈ സുരക്ഷാ ക്യാംപെയ്ൻ വരുംദിവസങ്ങളിലും രാജ്യത്തിന്റെ മുഴുവൻ മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.




