ഓസ്ട്രേലിയയിലെ ഒരു ലൈബ്രറിയിൽ നിന്ന് ഏകദേശം 150 വർഷങ്ങൾക്ക് മുൻപ് കടമെടുത്ത പുസ്തകം ഒടുവിൽ തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച “ആന്റിക്വിറ്റീസ് ഓഫ് ഏഥൻസ്” എന്ന പുസ്തകമാണ് കയാമ എന്ന കടലോര നഗരത്തിലെ ലൈബ്രറിയിലേക്ക് കഴിഞ്ഞ ആഴ്ച തിരിച്ചെത്തിയത്. വീട് പുതുക്കിപ്പണിയുന്നതിനിടയിൽ അടച്ചുപൂട്ടിയ ഒരു പെട്ടിയിൽ നിന്നാണ് ഒരാൾക്ക് ഈ പുസ്തകം ലഭിച്ചത്.
പണപ്പെരുപ്പം കണക്കിലെടുത്താൽ, ഈ പുസ്തകത്തിന് നിലവിൽ നൽകേണ്ട വൈകിയതിനുള്ള പിഴ തുക ഏകദേശം 18.7 ലക്ഷം രൂപ (28,000 ഓസ്ട്രേലിയൻ ഡോളർ) വരുമെന്ന് ലൈബ്രറി മാനേജർ മിഷേൽ ഹഡ്സൺ പറഞ്ഞു. 1872-ൽ ലൈബ്രറി ആരംഭിച്ചപ്പോൾ പുസ്തകത്തിന്റെ കവറിൽ അച്ചടിച്ച ആഴ്ചയിൽ മൂന്ന് പെൻസ് എന്ന കണക്കിലാണ് ഈ പിഴ തുക കണക്കാക്കിയത്.
“ഇത്രയും പഴക്കമുള്ള ഒരു പുസ്തകം ഞങ്ങൾക്ക് ഇതുവരെ തിരികെ ലഭിച്ചിട്ടില്ല,” ഹഡ്സൺ പറഞ്ഞു. സാധാരണയായി 30-ഓ 40-ഓ വർഷം വൈകിയ പുസ്തകങ്ങളാണ് ലൈബ്രറികളിൽ തിരിച്ചെത്താറുള്ളത്.
ഈ പുസ്തകം ഇപ്പോൾ ലൈബ്രറിയുടെ ചരിത്രത്തിന്റെ ഭാഗമായി മാറിയെങ്കിലും, ഇത് ആരാണ് കൊണ്ടുപോയതെന്ന് കണ്ടെത്താൻ വഴിയൊന്നുമില്ല. 1870-കളിലെ ലൈബ്രറിയുടെ വായ്പാ രജിസ്റ്റർ നഷ്ടപ്പെട്ടുപോയതാണ് കാരണം. ഈ പുസ്തകം കൊണ്ടുപോയത് ആരാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളൊന്നും പുസ്തകത്തിലില്ല,” ഹഡ്സൺ കൂട്ടിച്ചേർത്തു.
അന്നത്തെ ലൈബ്രറി നിയമങ്ങൾ അനുസരിച്ച്, പഴയ കടങ്ങൾ തീർത്താൽ മാത്രമേ പുതിയ പുസ്തകങ്ങൾ നൽകിയിരുന്നുള്ളൂ. ഒരു വീട്ടിൽ വായിക്കാൻ അറിയാവുന്ന കുറഞ്ഞത് ആറ് അംഗങ്ങളെങ്കിലും ഉണ്ടെങ്കിൽ മാത്രമേ മൂന്ന് പുസ്തകങ്ങൾ വരെ നൽകിയിരുന്നുള്ളൂ. കൂടാതെ മദ്യപിച്ചെത്തുന്നവർക്ക് പുസ്തകം നൽകിയിരുന്നതുമില്ല. “ഒരുപക്ഷേ അതുകൊണ്ടായിരിക്കാം അവർ ഇത് തിരികെ തരാതിരുന്നത്,” ഹഡ്സൺ തമാശയായി പറഞ്ഞു.
പുകക്കുഴലിന് സമീപം പതിറ്റാണ്ടുകളോളം ഇരുന്നതിനാൽ ചെറിയ രീതിയിൽ വെള്ളം കയറി കേടുപാടുകൾ സംഭവിച്ച ഈ പുസ്തകം, ലൈബ്രറിയുടെ ആദ്യകാല ശേഖരത്തിലെ 506-ാം നമ്പർ പുസ്തകമായിരുന്നു. ലൈബ്രറി തുറന്ന് ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ഇത് കാണാതായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ അപൂർവ്വ പുസ്തകം ഇനി ലൈബ്രറിയുടെ പ്രാദേശിക ചരിത്ര വിഭാഗത്തിൽ പ്രദർശനത്തിന് വെയ്ക്കും.
“ഇത് ഇനി ആർക്കും വായിക്കാൻ പുറത്തേക്ക് നൽകില്ല. ഈ പുസ്തകം തിരികെ കിട്ടാൻ ഇനിയും ഒരു 150 വർഷം കൂടി കാത്തിരിക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല,” ഹഡ്സൺ പറഞ്ഞു.




