അജിൻക്യ എന്ന വാക്കിന് കീഴടക്കാന്‍ കഴിയാത്തത് എന്നാണ് അര്‍ത്ഥം. ടെസ്റ്റിലും ഏകദിനത്തിലും ക്യാപ്റ്റനെന്ന നിലയിൽ തോൽവി അറിയാതെയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം അജിൻക്യ രഹാനെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. വ്യാഴാഴ്ച ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം തന്റെ കരിയറിന് തിരശ്ശീലയിടുന്ന കാര്യം ആരാധകരെ അറിയിച്ചത്.
2020-21 ലെ ബോർഡർ ഗാവസ്കർ ട്രോഫിയിലാണ് രഹാനെയുടെ മികച്ച ക്യാപ്റ്റൻസി ലോകം കണ്ടത്. പരുക്കുകൾ മൂലം പ്രമുഖ താരങ്ങൾ പുറത്താകുകയും ഒന്നാം ടെസ്റ്റിലെ തോൽവിക്ക് ശേഷം സ്ഥിരം ക്യാപ്റ്റൻ വിരാട് കോലി നാട്ടിലേക്ക് മടങ്ങുകയും ചെയ്ത നിർണായക ഘട്ടത്തിലാണ് രഹാനെ ടീമിന്റെ ചുമതല ഏറ്റെടുക്കുന്നത്. തുടർന്ന് മികച്ച നേതൃത്വത്തിലൂടെ ഇന്ത്യയെ 2-1ന്റെ വീരോചിത വിജയത്തിലേക്ക് നയിച്ച അദ്ദേഹം, ഗാബയിൽ ഓസ്ട്രേലിയയെ മുട്ടുകുത്തിച്ച് ചരിത്രമെഴുതുകയും ചെയ്തു.
അഡ്ലെയ്ഡിൽ നടന്ന ഒന്നാം ടെസ്റ്റിൽ നാണംകെട്ട തോൽവി വഴങ്ങിയ ശേഷമാണ് ഇന്ത്യ പരമ്പരയിലേക്ക് തിരിച്ചുവന്നത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ കേവലം 36 റൺസിന് ഓൾഔട്ടായ ഇന്ത്യ, ടെസ്റ്റിലെ തങ്ങളുടെ ഏറ്റവും കുറഞ്ഞ സ്കോറെന്ന നാണക്കേടോടെ എട്ടു വിക്കറ്റിന്റെ തോൽവിയാണ് വഴങ്ങിയത്. തോൽവിക്ക് പിന്നാലെ കോലി മടങ്ങിയതോടെയാണ് രഹാനെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നത്. മെൽബണിൽ നടന്ന രണ്ടാം ടെസ്റ്റിൽ സെഞ്ചറിയോടെ ഇന്ത്യയെ എട്ടു വിക്കറ്റ് വിജയത്തിലേക്ക് നയിച്ച അദ്ദേഹം പരമ്പര 1-1ന് സമനിലയിലാക്കി.
സിഡ്നിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ അഞ്ചാം ദിനം വരെ വീറോടെ പൊരുതിയ ഇന്ത്യ മത്സരം സമനിലയിൽ അവസാനിപ്പിച്ചു. ഗാബയിൽ നടന്ന നാലാം ടെസ്റ്റിൽ മത്സരത്തിന്റെ അവസാന ദിവസം 328 റൺസ് എന്ന വലിയ വിജയലക്ഷ്യം മറികടന്ന ഇന്ത്യ, 32 വർഷത്തിനിടെ ആ ഗ്രൗണ്ടിൽ ഓസ്ട്രേലിയക്ക് ആദ്യ തോൽവി സമ്മാനിക്കുകയും ചെയ്തു.
ഈ രണ്ടാം വിജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ആ പരമ്പരയിൽ ആകെ 268 റൺസാണ് രഹാനെ അടിച്ചുകൂട്ടിയത്. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ തുടങ്ങിയ പ്രധാന കളിക്കാർക്ക് പരുക്കേറ്റപ്പോഴും, യാതൊരു സമ്മർദവുമില്ലാതെ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവിന് നേതൃത്വം നൽകാൻ രഹാനെക്ക് കഴിഞ്ഞു.
ഇന്ത്യയ്ക്കായി 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ട്വന്റി20 മത്സരങ്ങളും കളിച്ച രഹാനെ ആകെ 8414 റൺസ് നേടിയിട്ടുണ്ട്. ടെസ്റ്റിൽ 12 സെഞ്ചറികളും 26 അർധസെഞ്ചറികളും നേടിയ അദ്ദേഹം ഏകദിനത്തിൽ മൂന്ന് സെഞ്ചറികളും 24 അർധസെഞ്ചറികളും സ്വന്തമാക്കി. 2023 ജൂലൈയിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിലാണ് രഹാനെ അവസാനമായി ഇന്ത്യൻ ജ്ഞേഴ്സി അണിഞ്ഞത്. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ താരമായ അദ്ദേഹം, പരുക്കിൽ വലഞ്ഞ ഇന്ത്യൻ ടീമിനെ 2020-21ലെ ബോർഡർ ഗാവസ്കർ ട്രോഫിയിൽ 2-1ന്റെ ചരിത്രവിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനുമാണ്.
മുന്നോട്ട് പോകാനുള്ള സമയമായെന്ന് മനസ്സിലാക്കിയാണ് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുന്നതെന്ന് വിഡിയോയിൽ രഹാനെ വ്യക്തമാക്കി. വികാരനിർഭരമായ വാക്കുകളോടെയാണ് താരം വിടവാങ്ങൽ പ്രസംഗം നടത്തിയത്. ഏതൊരു കാര്യത്തിനും തുടക്കവും ഒടുക്കവും ഉണ്ടെന്നത് സത്യമാണെന്നും, സമയം വരുമ്പോൾ അത് ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 20 വർഷമായി ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ടെന്നും, എന്നാൽ ക്രിക്കറ്റുമായുള്ള തന്റെ ബന്ധം ഇവിടെ അവസാനിക്കുന്നില്ലെന്നും രഹാനെ കൂട്ടിച്ചേർത്തു. ബി.സി.സി.ഐക്കും മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും കുടുംബത്തിനും ആരാധകർക്കും നന്ദി അറിയിച്ച താരം ‘ക്യാപ് നമ്പർ 278 സൈനിങ് ഓഫ്’ എന്ന് പറഞ്ഞാണ് തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
ഇന്ത്യൻ ടീമിന്റെ നേതൃനിരയിൽ കരിയറിന്റെ ഭൂരിഭാഗം സമയവും ഉണ്ടായിരുന്നുവെങ്കിലും ഒരു ഫുൾ ടൈം ക്യാപ്റ്റൻ പദവി അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. സ്ഥിരം ക്യാപ്റ്റന്റെ അഭാവത്തിൽ മാത്രമാണ് അദ്ദേഹത്തിന് ടീമിനെ നയിക്കാൻ അവസരം ലഭിച്ചത്. ആറ് ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ചതിൽ നാലെണ്ണത്തിൽ ജയിക്കുകയും രണ്ടെണ്ണം സമനിലയിലാക്കുകയും ചെയ്തു. കുറഞ്ഞത് അഞ്ച് ടെസ്റ്റുകളിലെങ്കിലും ഇന്ത്യയെ നയിച്ച ക്യാപ്റ്റന്മാരിൽ ഏറ്റവും ഉയർന്ന വിജയശരാശരിയുള്ളതും രഹാനെക്കാണ്. ഈ നേട്ടത്തിൽ വിരാട് കോലി, മഹേന്ദ്ര സിങ് ധോണി, രോഹിത് ശർമ എന്നിവർക്കും മുകളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.




