പണം വാഗ്ദാനം ചെയ്ത് ഗർഭിണികളെ വലയിലാക്കി നവജാതശിശുക്കളെ തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ടുപേർ പാലായ്ക്ക് സമീപം ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായി. അസം സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയുടെ പരാതിയിൽ തിരുനെൽവേലി സ്വദേശി രാജൻ, വാഗമൺ സ്വദേശി അർജുൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഒന്നര വയസ്സുള്ള കുട്ടിയുടെ അമ്മയായ പരാതിക്കാരി വീണ്ടും ഗർഭിണിയായപ്പോൾ ഗർഭഛിദ്രത്തിന് ഭർത്താവിന്റെ വീട്ടുകാർ നിർബന്ധിച്ചെങ്കിലും യുവതി വഴങ്ങിയില്ല. തുടർന്ന് കുഞ്ഞിനെ ദത്തുനൽകാൻ സമ്മതിച്ച യുവതിയെ പ്രസവ ശേഷം മടങ്ങിയെത്തിയാൽ മതിയെന്നു പറഞ്ഞ് ഭർതൃവീട്ടുകാർ ഇറക്കിവിട്ടു. പിന്നീട് ഒരു സന്നദ്ധസംഘടനയുടെ സംരക്ഷണയിലാണ് യുവതി കഴിഞ്ഞിരുന്നത്.
സോഷ്യൽ മീഡിയ വഴി പ്രസവസഹായം തേടിയപ്പോഴാണ് പ്രതികൾ യുവതിയെ ബന്ധപ്പെടുന്നത്. കുഞ്ഞിനെ നൽകണമെന്ന വ്യവസ്ഥയിൽ കേരളത്തിലെത്തിച്ച ഇവരെ തീക്കോയിയിലെ റബർ തോട്ടത്തിനുള്ളിലെ വാടകവീട്ടിൽ മറ്റു ഗർഭിണികൾക്കൊപ്പം താമസിപ്പിച്ചു. പ്രസവ ശേഷം കുഞ്ഞിനെ നൽകാൻ തയ്യാറാകാതിരുന്ന യുവതിയെ തടങ്കലിൽ വച്ച് മർദിച്ച ശേഷം പുറത്താക്കുകയായിരുന്നു. അലഞ്ഞുതിരിഞ്ഞ ഇവരെ നാട്ടുകാർ സാന്ത്വനം കെയർ ഹോമിലെത്തിച്ചതാണ് കേസിലെ വഴിത്തിരിവായത്.
യുവതി നിലവിൽ സ്ത്രീ സംരക്ഷണ കേന്ദ്രത്തിലാണുള്ളത്. കാണുമ്പോളറിയാവുന്ന എട്ടു പേർക്കെതിരെ പരാതിയുണ്ട്. തിരുവനന്തപുരം സ്വദേശികളായ ഏജന്റുമാർ ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതികൾ മുൻപും കുട്ടികളെ കടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. പാലാ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.




