Featured Spotlight

‘അല്ലായിരുന്നേൽ, പോക്രിത്തരം പറഞ്ഞതിന് ഞാൻ നിങ്ങളെ തന്തയ്ക്ക് വിളിച്ചേനെ..’; ടി.ജി.ക്കെതിരെ പൊലീസ് സർജൻ ഡോ. കൃഷ്ണൻ ബാലേന്ദ്രൻ

ആലപ്പുഴ: ഡൽഹി ജന്തർ മന്തറിൽ സി.ജെ.പി നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭക്കാർക്കെതിരെ ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ് നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷവിമർശനവുമായി ആലപ്പുഴ മെഡിക്കൽ കോളജ് പൊലീസ് സർജൻ ഡോ. കൃഷ്ണൻ ബാലേന്ദ്രൻ. ‘നമ്മുടെ മക്കളെ വെടിവെച്ചുകൊന്നേനേ’ എന്നാണ് അയാൾ പറയുന്നതെന്നും, ഈ പോക്രിത്തരത്തിന് തന്തയ്ക്ക് വിളിക്കാൻ തനിക്കും അറിയാമെങ്കിലും മാന്യത കാത്തുസൂക്ഷിക്കേണ്ടതുകൊണ്ട് മാത്രമാണ് കൂടുതൽ ഒന്നും പറയാത്തതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ജന്തർ മന്തറിൽ കർഫ്യൂ പ്രഖ്യാപിച്ച് പിരിഞ്ഞുപോകാത്തവരെ വെടിവെച്ചുകൊല്ലുമെന്നും ശവങ്ങൾ പെറുക്കി ആശുപത്രിയിലാക്കുമെന്നുമുള്ള മോഹൻദാസിന്റെ പ്രസ്താവന വലിയ അമർഷത്തിന് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സമരത്തിൽ പങ്കെടുത്ത സ്വന്തം മകനെ മുൻനിർത്തി ഡോ. കൃഷ്ണൻ ബാലേന്ദ്രൻ വൈകാരികമായി പ്രതികരിച്ചത്. ജെൻസി തലമുറയിൽപ്പെട്ട തന്റെ ഏകമകൻ വ്യക്തമായ രാഷ്ട്രീയ നിലപാടുള്ളയാളാണെന്നും നിലവിൽ കേരളത്തിന് പുറത്താണ് പോസ്റ്റ് ഗ്രാജുവേഷൻ പഠിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജൂലൈ 20-ന് ജന്തർ മന്തറിൽ പോലീസ് അതിക്രമം നടന്ന വാർത്ത കണ്ടശേഷം രണ്ടുദിവസമായി മകനെ ഫോണിൽ കിട്ടാതെ ഭാര്യ ഏറെ ആശങ്കപ്പെട്ടിരുന്നെന്നും, ഒടുവിൽ സന്ദേശ അയച്ചപ്പോൾ താൻ ജീവനോടെയും സുരക്ഷിതനായുമിരിക്കുന്നു എന്ന് മകൻ മറുപടി നൽകിയെന്നും അദ്ദേഹം പങ്കുവെച്ചു.

ഇതിനുശേഷമാണ് ടി.ജി. മോഹൻദാസിന്റെ പ്രസ്താവനയെ ഡോക്ടർ രൂക്ഷമായി വിമർശിക്കുന്നത്. താനായിരുന്നെങ്കിൽ സമരക്കാരെ വെടിവെച്ചുകൊന്നേനേ എന്ന് ഒരു അമ്മാവൻ പറയുന്നത് കണ്ടെന്നും, നമ്മുടെ മക്കളെയാണോ വെടിവെച്ചുകൊല്ലുന്നതെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് ഒരു പൊതു ഇടമായതുകൊണ്ടും ആൾക്കാരെ പരസ്യമായി തന്തയ്ക്ക് വിളിക്കുന്നത് വളരെ മോശമായ പരിപാടിയായതുകൊണ്ടും മാത്രമാണ് താൻ സ്വയം നിയന്ത്രിക്കുന്നത്. അല്ലെങ്കിൽ ഈ പോക്രിത്തരം പറഞ്ഞതിന് മോഹൻദാസിനെ തന്തയ്ക്ക് വിളിച്ചേനെ എന്നും, താനൊരു മാന്യനായതുകൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ലെന്നും ഡോ. കൃഷ്ണൻ ബാലേന്ദ്രൻ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

ആകെ ഒരു മകനാണുള്ളത്.

Gen Z കൊഹോട്ടിൽ വരും.

അവനെ ഞാനങ്ങനെ വളർത്തിയിട്ടൊന്നുമില്ല.

ചെറിയ പ്രായത്തിൽത്തന്നെ വായിക്കാൻ പുസ്തകങ്ങൾ ധാരാളം വാങ്ങി കൊടുത്തു.

അത്ര തന്നെ പേരന്റിങ്ങിലുള്ള എന്റെ റോൾ.

പ്ലസ്ടൂനും അതിന് ശേഷവും അവന്റെ സ്വന്തം ഇഷ്ടത്തിനുള്ള വിഷയങ്ങൾ പഠിക്കാൻ വിട്ടു.

അവൻ അവന്റെ വഴിക്ക് പോയി.

അവന് വ്യക്തമായ രാഷ്ട്രീയം ഉണ്ട്.

അവൻ തന്നെ തിരഞ്ഞെടുത്ത കലഹങ്ങളുമുണ്ട്.

ഡിഗ്രിയും അതിന് ശേഷം ഇപ്പോ പോസ്റ്റ് ഗ്രാജ്വേഷനും ചെയ്യുന്നത് കേരളത്തിന് പുറത്താണ്.

അവന്റെ സ്വഭാവത്തിന് ഇക്കഴിഞ്ഞ സമരത്തിൽ എവിടേലും കാണും എന്ന് അറിയാമായിരുന്നു.

July 20 ന് ഡൽഹിയിലെ ജന്തർ മന്ദറിലെ പോലീസ് അതിക്രമങ്ങൾ കേട്ടറിഞ്ഞ് അവന്റെ അമ്മ രണ്ടുമൂന്ന് ദിവസമായി അവനെ വിളിച്ചിട്ട് കിട്ടുന്നില്ല… വിവരമൊന്നുമില്ല… എന്ന് എന്നോട് പറഞ്ഞു.

സാധാരണ അവർ അങ്ങനെ പറയാറില്ല.

നല്ല ധൈര്യശാലിയാണ്.

അവന് ഞാനൊരു മെസേജ് അയച്ചു.

അതിനുള്ള അവന്റെ മറുപടി ആണ് താഴെ കൊടുത്തിരിക്കുന്നത്.

അതങ്ങനെ ഒരുത്തൻ.

ലവൻ ഒരു Gen Z കാരൻ

ഞാൻ ഒരു GenZ ക്കാരന്റെ തന്ത.

അത് കൊണ്ട് അത് വിട്ടു.

===============================

അപ്പോഴാണ് ഒരു അമ്മാവന്റെ പ്രസ്താവന കാണാനിടയായത്. (അത് first comment ആയിട്ട് ഇട്ടിട്ടുണ്ട്).

അങ്ങേരായിരുന്നേൽ സമരക്കാരെ വെടിവെച്ച് കൊന്നേനെന്നും അത് കഴിഞ്ഞ് ശവങ്ങൾ പെറുക്കിയെടുത്തേനേ എന്നും.

ഏത്… ആരെ… നമ്മുടെ മക്കളേ വെടിവെച്ച് കൊന്നേനേ എന്ന്.

ഫേസ്ബുക്കായിപ്പോയി.

അതും പബ്ലിക്ക് സ്പേസ്.

അങ്ങേരേകണ്ടിട്ട് കുറേ പ്രായമായ ലുക്കും.

എങ്ങനെ പരസ്യമായി തന്തയ്ക്ക് വിളിക്കും?

ഈ ഫേസ്ബുക്ക് ഒരു തുറന്ന പബ്ലിക്ക് സ്പേസായത് കൊണ്ടും…

ആൾക്കാരെ പരസ്യമായി തന്തയ്ക്ക് വിളിക്കുന്നത് വളരെ വളരെ മോശമായ ഒരു പരിപാടി ആയ്ത് കൊണ്ടും…

ഇത്രേം മാത്രം പറഞ്ഞേച്ചും പോയേക്കാം.

മേല്പറഞ്ഞ കാരണങ്ങൾ കൊണ്ടും,

പിന്നെ.. ഞാനൊരു മാന്യനായത് കൊണ്ടും

ഞാനിപ്പോ വേറേ ഒന്നും പറയുന്നില്ല.

അല്ലായിരുന്നേൽ,

ഈ പോക്രിത്തരം പറഞ്ഞതിന് ഞാൻ നിങ്ങളെ തന്തയ്ക്ക് വിളിച്ചേനെ..

Leave a Reply

Your email address will not be published. Required fields are marked *