The Origin Story

മഹാഭാരതത്തിലെ ദ്രൗപദിയാണോ പാനിപൂരി കണ്ടുപിടിച്ചത്? രസകരമായ കഥ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും!

പാനിപൂരി പോലെ ഒരു വിഭവത്തിന്റെ ആദ്യ കടികഴിക്കുമ്പോഴുണ്ടാകുന്ന ആവേശം ഇന്ത്യയിൽ വേറൊരു ഭക്ഷണത്തിനും നൽകാനാകില്ല. പാനിപൂരിയുടെ ഉത്ഭവത്തെക്കുറിച്ച് അഞ്ച് ആളുകളോട് ചോദിച്ചാൽ, അഞ്ച് വ്യത്യസ്ത ഉത്തരങ്ങളാകും ലഭിക്കുക. ഈ പ്രിയപ്പെട്ട ലഘുഭക്ഷണത്തിന്റെ ഉത്ഭവത്തെക്കുറിച്ച് നിരവധി കഥകൾ പ്രചരിക്കുന്നുണ്ടെങ്കിലും, ഏറ്റവും നാടകീയമായ ഒന്ന് മഹാഭാരതത്തിലെ പാഞ്ചാല രാജകുമാരിയായ ദ്രൗപദിയുമായി ബന്ധപ്പെട്ടതാണ്.

അമർ ചിത്രകഥയിലെ ഒരു കഥയനുസരിച്ച്, പാണ്ഡവരുടെ വനവാസക്കാലത്ത്, നവവധുവായ ദ്രൗപദിയുടെ കഴിവും ബുദ്ധിയും പരിശോധിക്കാൻ അമ്മായിയമ്മയായ കുന്തി തീരുമാനിച്ചു. അവർ കുറച്ച് ഉരുളക്കിഴങ്ങ് കൂട്ടാനും ഒരൊറ്റ ചെറിയ ചപ്പാത്തിയുണ്ടാക്കാനുള്ള ഗോതമ്പുമാവും മാത്രം ദ്രൗപദിക്ക് നൽകി. എത്ര കുറഞ്ഞ വിഭവങ്ങളാണെങ്കിലും പാണ്ഡവരായ അഞ്ചുപേരുടെയും വിശപ്പടക്കണമെന്നായിരുന്നു കുന്തിയുടെ നിർദ്ദേശം.

ഏതൊരു സാധാരണക്കാരിയെയും പ്രതിസന്ധിയിലാക്കുന്ന ഒരു വെല്ലുവിളിയായിരുന്നു അത്. എന്നാൽ ദ്രൗപദി തോറ്റുകൊടുക്കാൻ തയ്യാറായില്ല. മാവും ഉരുളക്കിഴങ്ങും അതുപോലെ വിളമ്പുന്നതിന് പകരം, ആ ചെറിയ മാവ് ഉരുളയെ അവർ പല ചെറിയ ഭാഗങ്ങളാക്കി മാറ്റി, ഓരോന്നും ചെറുതായി പരത്തി എണ്ണയിൽ വറുത്തെടുത്തു. അതിലേക്ക് ഉരുളക്കിഴങ്ങ് മിശ്രിതം നിറച്ച് അഞ്ച് പാണ്ഡവർക്കും വിശപ്പടങ്ങുവോളം നൽകി. ദ്രൗപദിയുടെ ഈ ബുദ്ധിശക്തിയിൽ സന്തുഷ്ടയായ കുന്തി, ആ വിഭവത്തിന് അമരത്വം ലഭിക്കട്ടെ എന്ന് അനുഗ്രഹിച്ചതായാണ് ഐതിഹ്യം. ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷവും പാനിപൂരി എല്ലാവരുടെയും പ്രിയപ്പെട്ട ഭക്ഷണമായി തുടരുന്നത് ഇതുകൊണ്ടാകാം.

ദ്രൗപദിയുടെ കഥ വളരെ രസകരമാണെങ്കിലും, ചരിത്രകാരന്മാർ പാനിപൂരിയുടെ ഉത്ഭവത്തെക്കുറിച്ച് തികച്ചും വ്യത്യസ്തമായ മറ്റൊരു കഥയാണ് പങ്കുവെക്കുന്നത്. ഇന്നത്തെ ബീഹാറിന്റെ ഭാഗമായ പുരാതന മഗധ രാജ്യത്തിലാണ് പാനിപൂരിയുടെ തുടക്കമെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ഉപഭൂഖണ്ഡത്തിലുടനീളം ഉപ്പുവെള്ളത്തിൽ ഉണ്ടാക്കുന്ന പലഹാരങ്ങളും ഫർസാനുകളും പ്രചാരത്തിലുണ്ടായിരുന്ന കാലത്താണ് ഇത് രൂപപ്പെട്ടത്.

അന്ന് ഈ വിഭവം ‘ഫുൽക്കി’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ഇപ്പോഴും പാണിപൂരിയെ ഈ പേരിൽ വിളിക്കാറുണ്ട്. ഇന്നത്തെ പാനിപൂരിയിൽ നിന്ന് അല്പം വ്യത്യസ്തമായിരുന്നു അന്നത്തെ ഫുൽക്കികൾ. അവ വലിപ്പത്തിൽ ചെറുതും കൂടുതൽ മൊരിഞ്ഞതുമായിരുന്നു, എന്നാൽ അതിനുള്ളിൽ എന്താണ് നിറച്ചിരുന്നതെന്ന് കൃത്യമായി വ്യക്തമല്ല.

എന്നാൽ മഹാഭാരത കഥയിലെപ്പോലെ, ഫുൽക്കി കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ് നിർദ്ദിഷ്ട വ്യക്തികൾക്കൊന്നും അവകാശപ്പെടാനില്ല. ചെറുതായി പരത്തിയ മാവ് എണ്ണയിലിട്ട് വറുക്കുമ്പോൾ അത് ഉള്ളുപൊള്ളയായി വീർത്തുവരുമെന്നും, അതിൽ കൂട്ടുകൾ നിറച്ച് ഒറ്റക്കടിക്ക് കഴിക്കാമെന്നും ആദ്യം ചിന്തിച്ചതാരാണെന്ന് ഒരു രേഖകളിലും വ്യക്തമല്ല.

വനവാസക്കാലത്തെ ഒരു സ്ത്രീയുടെ ബുദ്ധിശക്തിയിൽ നിന്ന് പിറവിയെടുത്തതായാലും മഗധയിലെ കമ്പോളങ്ങളിലെ ഭക്ഷണ പരീക്ഷണങ്ങളിൽ നിന്ന് ഉണ്ടായതായാലും, പാനിപൂരി ഇന്ന് അതിന്റെ ഉത്ഭവത്തെക്കാളൊക്കെ ഒരുപാട് വളർന്നു കഴിഞ്ഞു. വടക്കൻ ഇന്ത്യയിൽ ഗോൾഗപ്പയായും, കൊൽക്കത്തയിൽ പുച്ചക്കയായും, ഒഡീഷയിൽ ഗുപ് ചുപ്പായും, ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിൽ ബതാഷേയായും അതത് നാടുകളുടെ സംസ്കാരത്തിനനുസരിച്ച് പാണിപൂരി ഇന്ന് അറിയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *