Spotlight

ലഹരിക്കെതിരെ വിദ്യാർഥികളെവച്ച് കീർത്തനയുടെ സൂംബ; ഡാൻസിനിടെ പോക്കറ്റിൽനിന്ന് തെറിച്ചുവീണത് സിഗരറ്റ് ! യാത്രകളേറെയും ബെംഗളൂരുവിലേയ്ക്ക്

കോഴിക്കോട്: ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളിൽ സജീവമായിരുന്ന അധ്യാപികയായ കീർത്തന പേരാമ്പ്രയിൽ ലഹരിയിടപാട് കേസിൽ അറസ്റ്റിലായത് വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. സ്കൂളില്‍ സൂംബ ഡാൻസ് പരിശീലകയായിരുന്ന ഇവർ ലഹരിക്കടത്തിൽ പിടിയിലായത് വിശ്വസിക്കാനാകുന്നില്ലെന്ന് പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ യൂസഫ് കെ.കെ പ്രതികരിച്ചു.

പിടിയിലായ രണ്ടുപേരും എപ്പോഴും ഒരുമിച്ചാണ് ഉണ്ടായിരുന്നതെന്നും കുടുംബകാര്യങ്ങൾ പങ്കുവെച്ചുള്ള സൗഹൃദമായിരിക്കും ഇതെന്നാണ് കരുതപ്പെട്ടിരുന്നതെന്നും പേരാമ്പ്ര ബിആർസിയിലെ ഷാജിമ ടീച്ചർ പറഞ്ഞു. കായിക വിഷയങ്ങളിൽ ഏറെ അവഗാഹമുണ്ടായിരുന്ന കീർത്തനയ്ക്ക് താൽക്കാലിക ജോലിയായതിനാൽ ശമ്പളം കുറവായിരുന്നെന്നും, അതിനാൽ മറ്റ് ബിസിനസുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നാണ് സഹപ്രവർത്തകർ കരുതിയതെന്നും അവർ കൂട്ടിച്ചേർത്തു. ആഴ്ചയിൽ മൂന്ന് ദിവസം മാത്രം ബിആർസിയിൽ എത്തിയിരുന്ന ഇവരുടെ ബെംഗളൂരു യാത്രകളെക്കുറിച്ച് ചോദിച്ചപ്പോൾ ബന്ധുക്കൾ അവിടെയുണ്ടെന്നാണ് മറുപടി നൽകിയിരുന്നതെന്നും ഷാജിമ ടീച്ചർ വ്യക്തമാക്കി.

അതേസമയം, മുൻപ് രാമല്ലൂർ സ്കൂളിൽ വെച്ച് സൂംബ പരിശീലനത്തിനിടെ കീർത്തനയുടെ പോക്കറ്റിൽ നിന്ന് സിഗരറ്റ് തെറിച്ചുവീണത് വിദ്യാർഥികളും അധ്യാപകരും കാണുകയും പരാതി നൽകുകയും ചെയ്തിരുന്നതായി യൂത്ത് ലീഗ് പ്രവർത്തകർ ആരോപിച്ചു. വിഷയത്തിൽ ബിആർസി ഓഫീസ് സീൽ ചെയ്ത് സമഗ്രമായ അന്വേഷണം നടത്തണമെന്നും തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ആരോപിച്ച് ഇവർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

എംഡിഎംഎയുമായി സഫ്‌വാന്‍ എന്നയാൾ പിടിയിലായതിനെ തുടർന്നു നടത്തിയ അന്വേഷണമാണ് അധ്യാപകരിലേക്ക് കേസ് എത്തിച്ചത്. സഫ്‌വാന്‍റെ ഫോൺ പരിശോധിച്ചപ്പോൾ താൽക്കാലിക അധ്യാപികയായ കീർത്തനയുടെ അക്കൗണ്ടിലേക്ക് നിരന്തരം വൻതുക കൈമാറിയതായി പൊലീസ് കണ്ടെത്തുകയായിരുന്നു.

വളരെ തുച്ഛമായ ശമ്പളം മാത്രമുണ്ടായിരുന്ന കീർത്തനയും കാവ്യയും ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്നും ബംഗളൂരുവിലേക്ക് നിരന്തരം യാത്ര ചെയ്തിരുന്നതായും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ലഹരി വാങ്ങുന്നവർ പണം അയച്ചിരുന്നത് ഈ അധ്യാപികമാരുടെ ഗൂഗിൾ പേ അക്കൗണ്ടുകളിലേക്കായിരുന്നു. ഇങ്ങനെ ലഭിക്കുന്ന ലക്ഷക്കണക്കിന് രൂപയിൽ നിന്നും സ്വന്തം കമ്മീഷൻ എടുത്ത ശേഷം ബാക്കി തുക ലഹരിസംഘത്തിന്റെ തലവന്മാർക്ക് അയച്ചു നൽകുകയായിരുന്നു ഇവരുടെ രീതി. സ്ത്രീകൾ എന്ന നിലയിൽ അധ്യാപകരെ ആരും സംശയിക്കില്ല എന്നതുകൊണ്ടാണ് സാമ്പത്തിക ഇടപാടുകൾക്കായി ലഹരിസംഘം ഇവരെ കരുവാക്കിയതെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *