എട്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതുപേരെ കൊലപ്പെടുത്തിയ ‘സീരിയല്‍ കില്ലറെ’ വധശിക്ഷയ്ക്കു വിധേയനാക്കി ജപ്പാന്‍. തകഹിരോ ഷിറൈഷി(34)നെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 2022-നു ശേഷം രാജ്യത്തു നടപ്പിലാക്കുന്ന ആദ്യത്തെ വധശിക്ഷയാണിതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ ടോക്കിയോ തടങ്കല്‍ ഹൗസിലാണ് ഇയാളെ തൂക്കിലേറ്റിയെന്ന് ജപ്പാന്‍ നീതിന്യായ മന്ത്രി കെയ്‌സുകെ സുസുക്കി പറഞ്ഞു. ടോക്കിയോയ്ക്ക് സമീപമുള്ള സാമ നഗരത്തിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ഒമ്പതുപേരെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം അവയവങ്ങള്‍ മുറിച്ചുമാറ്റിയ കേസില്‍ 2017-ലാണ് ഷിറൈഷിയെ പോലീസ് അറസ്റ്റ് ചെയ്തത്.
സാമൂഹിക മാധ്യമമായ എക്‌സ് (പഴയ ട്വിറ്റര്‍) വഴിയാണ് എല്ലാ ഇരകളെയും ഇയാള്‍ പരിചയപ്പെട്ട് വലയിലാക്കിയത്. അതിനാല്‍ ”ട്വിറ്റര്‍ കില്ലര്‍” എന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്. ഇയാളുടെ അപ്പാര്‍ട്ട്‌മെന്റില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കൂളറുകളില്‍ ഇരകളുടെ തലകളും മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തി. ദുര്‍ഗന്ധം മറയ്ക്കാന്‍ ഇവ പൂച്ചകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന പ്ലാസ്റ്റിക് പെട്ടിയിലാണ് സൂക്ഷിച്ചിരുന്നത്.
കുറ്റകൃത്യനിരക്ക് കുറവുള്ള ജപ്പാനെ ഈ കണ്ടെത്തലുകള്‍ ഭീതിയിലാഴ്ത്തിയിരുന്നു. ഒമ്പത് ഇരകളില്‍ പലരും ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്ന യുവതികളും പെണ്‍കുട്ടികളുമായിരുന്നു. ട്വിറ്റര്‍ വഴി അവരെ തന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കി ഷിറൈഷി ആകര്‍ഷിച്ചു.
ഇരകളെ ആകര്‍ഷിച്ച് അപ്പാര്‍ട്ട്‌മെന്റില്‍ കൊണ്ടുവന്ന ശേഷം, ഷിറൈഷി അവരെ കഴുത്തുഞെരിച്ചു കൊല്ലുകയും ഇരകളില്‍ ചിലരെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.
അതിനുശേഷം അവരുടെ വിലപിടിപ്പുള്ള ആഭരണങ്ങളും കവര്‍ന്നു. ശേഷം മൃതദേഹങ്ങള്‍ മുറിച്ചു വ്യത്യസ്ത സ്ഥലങ്ങളില്‍ ഒളിപ്പിക്കുകയായിരുന്നു രീതി. ഇരകളില്‍ 15-17 വയസുള്ള പെണ്‍കുട്ടികളും ഉണ്ടായിരുന്നു. ഇതില്‍ ഒരു പെണ്‍കുട്ടിയെക്കുറിച്ച് അന്വേഷിച്ചെത്തിയ പുരുഷനെയും ഇയാള്‍ കൊലപ്പെടുത്തി.
2017-ല്‍ രണ്ട് മാസത്തെ കാലയളവിനുള്ളിലാണ് ഈ കൊലപാതക പരമ്പരകള്‍ അരങ്ങേറിയത്. മാനസികമായി വേദനയനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് ഇയാള്‍ ട്വിറ്ററിലൂടെ ഇരകളെ ആകര്‍ഷിച്ചത്. ”നിങ്ങള്‍ക്ക് സ്വയം സഹായിക്കാന്‍ കഴിയുന്നില്ലെങ്കില്‍, എനിക്ക് നിങ്ങളെ സഹായിക്കാനാകും” പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ വിചാരണയ്ക്കിടെ അദ്ദേഹത്തിന്റെ ഒരു പോസ്റ്റ് വായിച്ചു.
ഇരകളിലൊരാളുടെ സഹോദരന്‍ തന്റെ സഹോദരിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഷിറൈഷിയുടെ സന്ദേശങ്ങള്‍ കണ്ടതാണ് പ്രതിക്കെതിരായ പ്രധാന തെളിവായത്.
ആത്മഹത്യയില്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും സാമൂഹിക മാധ്യമങ്ങളില്‍ അതിനെക്കുറിച്ച് എഴുതിയ ആളുകളെയാണ് ലക്ഷ്യംവച്ചതെന്നു ഷിറൈഷി വിചാരണ വേളയില്‍ പോലീസിനോട് പറഞ്ഞു. അതുകൊണ്ടുതന്നെ, തന്റെ ചിന്തകളിലേക്ക് അവരെ വളരെ എളുപ്പം എത്തിക്കാന്‍ കഴിഞ്ഞിരുന്നുവെന്നും കൊടുംകുറ്റവാളി അന്വേഷണ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തി.




