Crime

വെള്ളം പോലും കൊടുത്തില്ല, ദുർമന്ത്രവാദത്തിനിടെ യുവതിയെ തല്ലിക്കൊന്നു- വീഡിയോ

കർണാടകയിലെ ശിവമോഗ ജില്ലയിൽ 45 വയസ്സുള്ള ഗീതമ്മ എന്ന യുവതിയെ ദുർമന്ത്രവാദത്തിനിടെ മകന്റെ മുന്നിലിട്ട് തല്ലിക്കൊന്നു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മകനെയും മറ്റ് രണ്ട് പേരെയും പോലീസ് കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു.

ഹോസ ജംബ്രാഘട്ട ഗ്രാമത്തിലെ താമസക്കാരിയായ ഗീതമ്മയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ സഞ്ജയ്, അകന്ന ബന്ധുക്കളായ ആശ, ഭർത്താവ് സന്തോഷ് എന്നിവരാണ് കേസിലെ പ്രതികൾ.

സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗീതമ്മ വെള്ളത്തിനായി യാചിക്കുമ്പോൾ ആശ വടികൊണ്ട് തുടര്‍ച്ചയായി അടിക്കുകയും മുടിക്ക് കുത്തിപ്പിടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങൾ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

പോലീസ് റിപ്പോർട്ടുകൾ പ്രകാരം, ഞായറാഴ്ച രാത്രി ഏകദേശം 9:30-ഓടെയാണ് ആശ ഗീതമ്മയുടെ വീട്ടിലെത്തിയത്. ഗീതമ്മയെ ദുഷ്ടശക്തികൾ ബാധിച്ചിട്ടുണ്ടെന്നും ദുർമന്ത്രവാദം നടത്തണമെന്നും ആശ സഞ്ജയിയെ അറിയിച്ചു. സഞ്ജയ് ഇതിന് സമ്മതിക്കുകയും ചെയ്തു.

ഗീതമ്മയുടെ വീടിന് പുറത്ത് പൂജ നടത്തിയ ശേഷം ആശ ഗീതമ്മയെ പുറത്തേക്ക് വലിച്ചിഴയ്ക്കുകയും വടികൊണ്ട് അടിക്കാൻ തുടങ്ങുകയും ചെയ്തു. എന്നിട്ടും തൃപ്തയാകാതെ, ആത്മാവ് പോയില്ലെന്ന് പറഞ്ഞ് ആശ ഗീതമ്മയെ ഹലെ ജംബ്രാഘട്ടയിലെ ചൗഡമ്മ ക്ഷേത്രത്തിലേക്ക് ഏകദേശം 2.5 കിലോമീറ്റർ ദൂരത്തേക്ക് നിർബന്ധിച്ച് കൊണ്ടുപോകുകയും പുലർച്ചെ 2:30 വരെ ആക്രമണം തുടരുകയും ചെയ്തു.