കോഴിക്കോട് ബി.ആർ.സി.ക്ക് കീഴിൽ വർഷങ്ങളായി താൽക്കാലിക ജോലി ചെയ്തിരുന്ന കീർത്തന, അധ്യാപികയെന്ന പദവി മറയാക്കിയാണ് ലഹരിവിൽപന നടത്തിയിരുന്നത്. വടകരയിൽനിന്ന് എം.ഡി.എം.എ.യുമായി പിടികൂടിയ റിസ്വാൻ എന്നയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കീർത്തനയെക്കുറിച്ച് സൂചന ലഭിച്ചത്. കീർത്തനയുടെ അക്കൗണ്ട് വഴിയായിരുന്നു പണമിടപാടുകൾ. തുടന്ന് ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂരാച്ചുണ്ട് സ്വദേശിനിയും സുഹൃത്തുമായ കാവ്യയെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പേരാമ്പ്ര ബി.ആർ.സി.ക്ക് കീഴിലെ താൽക്കാലിക കായിക അധ്യാപികയായ കീർത്തന, വിവിധ സ്കൂളുകളിൽ കുട്ടികളെ പരിശീലിപ്പിക്കുന്നതിനിടയിലാണ് ലഹരിവിൽപന നടത്തിയത്. എം.എ. സൈക്കോളജി ബിരുദധാരിയായ കാവ്യ, ചെറൂവാളൂർ സർക്കാർ എൽ.പി. സ്കൂളിനോടു ചേർന്നുള്ള ഓട്ടിസം സ്കൂളിൽ സ്പെഷ്യൽ എഡ്യൂക്കേറ്ററായി ജോലി ചെയ്യുകയായിരുന്നു. വാഹനാപകടത്തിൽ പരുക്കേറ്റ സമയത്ത് സഹപ്രവർത്തകർ പിരിവെടുത്ത് കാവ്യയെ സഹായിച്ചിരുന്നെങ്കിലും, അടുത്തിടെ ഇവർ ആഡംബര കാർ വാങ്ങിയിരുന്നു. വിദേശത്തുള്ള സഹോദരന്റേതാണ് കാറെന്നായിരുന്നു ഇവരുടെ വിശദീകരണം.
2000 രൂപ വീതം കൈപ്പറ്റി, ലഹരി ഒളിച്ചുവെച്ച സ്ഥലം ആവശ്യക്കാർക്ക് അയച്ചുകൊടുക്കുന്നതായിരുന്നു ഇവരുടെ രീതി. അവിടെയെത്തുന്നവർക്ക് സംഘത്തിലെ മറ്റൊരാളാണ് ലഹരി നൽകിയിരുന്നത്. ഈ തുക പിന്നീട് കാവ്യയുടെ അക്കൗണ്ടിലേക്ക് മാറ്റി പോലീസ് അന്വേഷണത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ലഹരി നേരിട്ട് ഉപയോഗിച്ചിരുന്നില്ലെങ്കിലും വലിയ ഇടപാടുകാരുമായി കീർത്തനയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.
കീർത്തനയുടെ അറസ്റ്റിന് പിന്നാലെ അക്കൗണ്ടുകൾ പോലീസ് പരിശോധിക്കുന്നതായി പേരാമ്പ്ര ബി.ആർ.സി. അധികൃതർ സ്കൂൾ എച്ച്.എം. വഴി കാവ്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ലഹരിസംഘവുമായി ബന്ധമില്ലെന്ന് ഇവർ ബി.ആർ.സി. അധികൃതരോടും പോലീസിനോടും ആവർത്തിച്ചു. നിലവിൽ കീർത്തനയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിട്ടുണ്ട്, കാവ്യയെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവും ഉടൻ പുറത്തിറങ്ങും.




