Featured Sports

കിഷനാട്ടം ! സിംബാബ്‌വെയെ ചുരുട്ടിക്കെട്ടി ഇന്ത്യന്‍ യുവനിരയുടെ തേരോട്ടം; 90 റൺസിന്റെ ജയം, പരമ്പര

ഹരാരെ: സിംബാബ്‌വേയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്ന്‌ മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാമത്തെ കളിയിൽ 90 റണ്ണിനാണ് ഇന്ത്യ വിജയക്കൊടി നാട്ടിയത്. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന പോരാട്ടത്തിൽ ആദ്യം ബാറ്റ്‌ ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ്‌ നഷ്ടത്തിൽ 219 റണ്‍സെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേയുടെ ഇന്നിങ്സ് 17.5 ഓവറില്‍ 129 റണ്ണിൽ അവസാനിക്കുകയായിരുന്നു. നായകനെന്ന നിലയിൽ ശ്രേയസ്‌ അയ്യരുടെ ആദ്യ പരമ്പര നേട്ടമാണിത്‌. ടോസ്‌ നേടിയ സിംബാബ്‌വേ ക്യാപ്റ്റൻ സികന്ദര്‍ റാസ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബാറ്റിങ് അല്പം വെല്ലുവിളിയുയർത്തിയ പിച്ചിൽ ഇന്ത്യക്കായി യഷ്‌ ഠാക്കൂര്‍ ഈ മത്സരത്തിലൂടെ അരങ്ങേറ്റം കുറിച്ചു.

ആദ്യ മത്സരത്തിലെ ടീമിനെ മാറ്റമില്ലാതെ നിലനിർത്തിയാണ് സിംബാബ്‌വേ കളത്തിലിറങ്ങിയത്‌. ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്തത് വൈഭവ്‌ സൂര്യവംശിയും (ഒൻപത് പന്തിൽ 20), അഭിഷേക്‌ ശർമയുമായിരുന്നു (എട്ട് പന്തിൽ എട്ട്). ബ്ലസിങ്‌ മുസര്‍ബാനി എറിഞ്ഞ രണ്ടാം ഓവറിൽ അഭിഷേക് പവലിയനിൽ തിരിച്ചെത്തി. സികന്ദര്‍ റാസയുടെ ആദ്യ ഓവറിൽ രണ്ട് ഫോറുകൾ അടിച്ച ശേഷമാണ് അഭിഷേക് മടങ്ങിയത്. മുസര്‍ബാനിയെ അതിർത്തി കടത്താനുള്ള ശ്രമത്തിനിടെ റയാൻ ബൾ താരത്തെ ക്യാച്ചെടുത്തു.

പതിവുപോലെ ആക്രമിച്ചു കളിച്ച വൈഭവ്‌, റിച്ചാഡ്‌ എൻഗാരവെയുടെ ഓവറിൽ മൂന്ന് ഫോറും ഒരു സിക്സറും പറത്തി. എന്നാൽ എൻഗാരവെയുടെ ഷോർട്ട് ബോൾ പുൾ ചെയ്യാനുള്ള വൈഭവിന്റെ ശ്രമം പിഴക്കുകയും പന്ത് മുസർബാനിയുടെ കൈകളിൽ ഒതുങ്ങുകയും ചെയ്തു. ഇതോടെ ഇന്ത്യ മൂന്ന് ഓവറിൽ രണ്ടിന് 29 എന്ന നിലയിലായി. തുടർന്ന് ക്രീസിലൊന്നിച്ച നായകൻ ശ്രേയസ്‌ അയ്യരും (20 പന്തിൽ 25) ഇഷാൻ കിഷനും (44 പന്തിൽ 81) ചേർന്ന് സ്കോർ ഉയർത്തി. തുടക്കത്തിൽ പുൾ ഷോട്ടുകൾ കളിക്കാൻ പ്രയാസപ്പെട്ട ഇഷാൻ പിന്നീട് തകർപ്പൻ ഫോമിലേക്കുയർന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 34 പന്തിൽ 50 റൺസ് കൂട്ടിച്ചേർത്തു. 31 പന്തിൽ അർധസെഞ്ചുറി തികച്ച ഇഷാനും ശ്രേയസും മുന്നേറവെ, ഇന്ത്യൻ നായകനെ പുറത്താക്കി ബ്രിയാൻ ബെന്നറ്റാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

പിന്നീടെത്തിയ തിലക്‌ വർമയെ (29 പന്തിൽ പുറത്താകാതെ 60) കൂട്ടുപിടിച്ച് ഇഷാൻ കിഷൻ താണ്ഡവമാടി. നാലാം വിക്കറ്റ് സഖ്യം വെറും 26 പന്തിലാണ് 50 റൺസ് നേടിയത്. തിലക് വർമ 23 പന്തിൽ തന്റെ അർധസെഞ്ചുറി പൂർത്തിയാക്കി. 11-ാം ഓവറിൽ നൂറിലെത്തിയ ഇന്ത്യൻ സ്കോർ 19-ാം ഓവറിലാണ് ഇരുനൂറ് കടന്നത്. അർഹിച്ച സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഇഷാനെ ന്യൂമാൻ ന്യാംഹുറിയുടെ പന്തിൽ ബെന്നറ്റ് ക്യാച്ചെടുത്ത് പുറത്താക്കി. തുടർന്നെത്തിയ റിങ്കു സിങ് (എട്ട് പന്തിൽ 12) വേഗത്തിൽ മടങ്ങിയപ്പോൾ ശിവം ദുബെ (മൂന്ന് പന്തിൽ ആറ്) പുറത്താകാതെ നിന്നു. സിംബാബ്‌വേ നായകൻ സികന്ദർ റാസ നാല് ഓവറിൽ വിക്കറ്റൊന്നുമില്ലാതെ 47 റൺസ് വഴങ്ങി. മുസർബാനി, എൻഗാരവെ, ഇവാൻസ്, ന്യാംഹുറി, ബെന്നറ്റ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ സിംബാബ്‌വേ ഓപ്പണർ ബ്രിയാൻ ബെന്നറ്റ് (19 പന്തിൽ 32) മികച്ച തുടക്കമാണ് നൽകിയത്. ബെന്നറ്റിനെ വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ കൈകളിലെത്തിച്ച് അരങ്ങേറ്റക്കാരൻ യഷ് ഠാക്കൂർ തന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കി. തുടർന്ന് ബെൻ കുറാൻ (ഒന്ന്), ഡിയോൺ മായേഴ്‌സ് (12) എന്നിവർ കൂടി പുറത്തായതോടെ സിംബാബ്‌വേ പ്രതിരോധത്തിലായി. കുറാനെ പ്രിൻസ് യാദവും മായേഴ്സിനെ രവി ബിഷ്‌ണോയിയുമാണ് മടക്കിയയച്ചത്.

നായകൻ സികന്ദർ റാസ (പൂജ്യം), വെസ്ലി മാധ്‌വീർ (രണ്ട്) എന്നിവരും വേഗത്തിൽ പവലിയനിലേക്ക് മടങ്ങി. തുടർന്ന് റയാൻ ബൾ (19 പന്തിൽ 20), താഡിവാൻഷെ മാറുമാനി (19 പന്തിൽ 24), ബ്രാഡ്‌ ഇവാൻസ് (11 പന്തിൽ 19) എന്നിവർ നടത്തിയ പോരാട്ടമാണ് സിംബാബ്‌വേ സ്കോർ 100 കടത്തിയത്. ഇന്ത്യക്കായി പാർട്ട് ടൈം സ്പിന്നർ അഭിഷേക് ശർമ 17 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. യഷ് ഠാക്കൂർ, പ്രിൻസ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതവും ബിഷ്‌ണോയ്, ശിവം ദുബെ, തിലക് വർമ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ബാറ്റിങ്ങിൽ മിന്നുന്ന പ്രകടനം പുറത്തെടുത്ത ഇഷാൻ കിഷനാണ് മത്സരത്തിലെ താരം.

Leave a Reply

Your email address will not be published. Required fields are marked *