Featured Sports

ആറ് തുടര്‍ത്തോല്‍വികള്‍ക്കുശേഷം ഇന്ത്യയ്ക്ക് ഒരു ‘അയ്യര്’ജയം; വൈഭവിന് 19 പന്തില്‍ 50 റണ്‍സ്‌

ഹരാരെയിൽ നടന്ന ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യക്ക് മികച്ച ജയം. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ, ആതിഥേയർ ഉയർത്തിയ 126 റൺസ് ലക്ഷ്യം 40 പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ശ്രേയസ് അയ്യർ ട്വന്റി20 നായകനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ വിജയമാണിത്. 19 പന്തിൽ 50 റൺസ് നേടിയ വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റ ശൈലിയിലുള്ള പ്രകടനമാണ് ഇന്ത്യൻ വിജയം എളുപ്പമാക്കിയത്.

23 റൺസിൽ നിൽക്കെ എട്ട് പന്തിൽ ഒരു റൺസ് മാത്രം നേടിയ അഭിഷേക് ശർമയെ ഇന്ത്യക്ക് തുടക്കത്തിലേ നഷ്ടമായി. തുടർന്ന് ഒന്നിച്ച വൈഭവും ഇഷാൻ കിഷനും ചേർന്ന് 45 റൺസ് കൂട്ടിച്ചേർത്തു. അർധസെഞ്ചുറി തികച്ച ഉടൻ വൈഭവിനെ റിച്ചാർഡ് പുറത്താക്കി. പിന്നീട് ഇഷാനും ക്യാപ്റ്റൻ ശ്രേയസും ചേർന്ന് ടീം സ്കോർ മുന്നോട്ട് നയിച്ചു. 24 പന്തിൽ 35 റൺസെടുത്ത ഇഷാനെ ബ്ലെസ്സിങ് പുറത്താക്കിയെങ്കിലും, ശ്രേയസും (28*) തിലക് വർമയും (6*) ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

നേരത്തെ ബാറ്റ് ചെയ്ത സിംബാബ്‌വെയെ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റിന് 125 റൺസിൽ ഒതുക്കാൻ ഇന്ത്യൻ ബൗളർമാർക്കായി. ഇന്ത്യക്കായി മായങ്ക് യാദവും പ്രിൻസ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ശിവം ദുബെയും രവി ബിഷ്‌ണോയിയും ഓരോ വിക്കറ്റ് നേടി. സിംബാബ്‌വെ നിരയിൽ 39 റൺസെടുത്ത വെസ്ലിയാണ് ടോപ് സ്കോറർ. ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ബ്രയാൻ ബെന്നറ്റിനെ മായങ്ക് പുറത്താക്കിയിരുന്നു. പിന്നാലെ വന്ന ബെൻ കുറാൻ (10), ഡിയോൺ മയേഴ്സ് (6), സികന്ദർ റാസ (4), റയാൻ ബേൽ (26) എന്നിവർ വേഗത്തിൽ മടങ്ങി.

തുടർന്ന് വെസ്ലിയും തടിവനഷെയും (27*) ചേർന്ന് ആറാം വിക്കറ്റിൽ 58 റൺസ് കൂട്ടിചേർത്ത് ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. എന്നാൽ വെസ്ലിയെ ശിവം ദുബെ റൺഔട്ടാക്കിയതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. പിന്നാലെ എത്തിയ ബ്രാഡ് ഇവാൻസിനെ പ്രിൻസ് യാദവ് പൂജ്യത്തിന് പുറത്താക്കി. റൺസ് വിട്ടുകൊടുക്കാതെ രണ്ട് നിർണായക വിക്കറ്റുകൾ വീഴ്ത്തിയ മായങ്ക് യാദവാണ് മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *