ന്യൂഡൽഹി: കർണാടകയിലെ ധർമസ്ഥലയിൽ പതിനേഴുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ സി.ബി.ഐയുടെ അന്വേഷണസംഘത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. സി.ബി.ഐയുടേത് വളരെ മോശവും സ്വതന്ത്രമല്ലാത്തതുമായ അന്വേഷണമാണെന്ന് കുറ്റപ്പെടുത്തിയ കോടതി, കേസ് സംസ്ഥാന പോലീസിന് കൈമാറിയേക്കുമെന്നും സൂചന നൽകി.
ഇതിലും ഭേദം കേസ് കർണാടക പോലീസ് അന്വേഷിക്കുന്നതാണെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, സഞ്ജീവ് സച്ച്ദേവ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. 2012-ൽ രജിസ്റ്റർ ചെയ്ത ഈ കേസിൽ സമഗ്രമായ പുനരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) രൂപീകരിക്കാൻ സർക്കാരിന് അനുമതി നൽകിയേക്കുമെന്നും അറിയിച്ച കോടതി, കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി വിധി പറയാനായി മാറ്റിവെച്ചു.
കേസ് അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥൻ ഒരു ജഡ്ജിയെപ്പോലെയാണ് പെരുമാറിയതെന്നും സ്വതന്ത്രമായ ഒരു അന്വേഷണവും നടത്തിയില്ലെന്നും കോടതി വിമർശിച്ചു. മുൻപ് ശേഖരിച്ച തെളിവുകൾ മാത്രം നോക്കി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയാണ് ഇയാൾ ചെയ്തത്. കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കാനോ പെൺകുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്താനോ സി.ബി.ഐ സംഘം തയ്യാറാകാതിരുന്നതിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ക്രൂരമായി ആക്രമിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ കാര്യത്തിൽ സി.ബി.ഐ വളരെ മോശം പ്രവർത്തനമാണ് കാഴ്ചവെച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര എസ്.ഐ.ടി രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ഹർജിക്കാരന്റെ അഭിഭാഷകർ ആവശ്യപ്പെടുകയും പോലീസും സി.ബി.ഐയും വരുത്തിയ വീഴ്ചകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
എന്നാൽ, പുനരന്വേഷണ നീക്കത്തെ സി.ബി.ഐ ശക്തമായി എതിർത്തു. 2013-ൽ ഏറ്റെടുത്ത കേസിൽ 2015-ൽ തന്നെ കുറ്റപത്രം സമർപ്പിച്ചതാണെന്നും, വിചാരണ പൂർത്തിയായ ശേഷം പുനരന്വേഷണം നടത്തുന്നത് ക്രിമിനൽ നടപടിക്രമങ്ങളെ അട്ടിമറിക്കുമെന്നും സി.ബി.ഐ അഭിഭാഷകൻ വാദിച്ചു. എന്നാൽ 12 വർഷത്തിനുശേഷം തെളിവുകൾ കണ്ടെത്താൻ കഴിയില്ലെന്നാണോ പറയുന്നതെന്ന് കോടതി ആരാഞ്ഞു. കേസിൽ ഇനി സി.ബി.ഐയെ വിശ്വസിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെങ്കിൽ അതിനെ സംശയിക്കേണ്ടതില്ലെന്ന് നിരീക്ഷിച്ച് ഹർജി വിധി പറയാനായി മാറ്റുകയായിരുന്നു.




