Celebrity

‘പോണ്‍ വീഡിയോ കാണുന്നതാണ് ആഗോളതാപനത്തിന് കാരണം’; വിചിത്രവാദവുമായി നടന്‍, നിങ്ങള്‍ അഭിനയിക്കുന്നത് സോഫ്റ്റ് പോൺ വെബ് സീരീസുകളിൽ അല്ലേയെന്ന് കമന്റ്

പട്രിയാർക്കി അഥവാ പുരുഷാധിപത്യമാണ് ആഗോളതാപനത്തിന് പ്രധാന കാരണമെന്ന ബോളിവുഡ് നടി ദിയ മിർസയുടെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു വാദവുമായി പ്രമുഖ ടെലിവിഷൻ താരം അഭിനവ് ശുക്ല രംഗത്തെത്തിയിരിക്കുന്നത്. പോൺ വീഡിയോ കാണുന്നതാണ് ആഗോളതാപനത്തിന് ഇടയാക്കുന്നതെന്നാണ് താരത്തിന്റെ പുതിയ നിരീക്ഷണം.

നടിമാരായ റുബീന ദിലൈക്, ഹിനാ ഖാൻ എന്നിവരുടെ ‘ദി4പോവ്’ എന്ന ജനപ്രിയ പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് അഭിനവ് ശുക്ല തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്. ദിയ മിർസയുടെ വാദങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു ഇത്. പോൺ വ്യവസായത്തിന്റെ നിർമ്മാണത്തിനും വിതരണത്തിനുമായി വലിയ അളവിൽ ഊർജ്ജവും വൈദ്യുതിയും ഉപയോഗിക്കേണ്ടി വരുന്നുണ്ടെന്നും, ഇത് ആഗോളതാപനത്തെ നേരിട്ട് സ്വാധീനിക്കുന്നുണ്ടെന്നുമാണ് അഭിനവ് വാദിച്ചത്.

ഇതോടൊപ്പം പോൺ വീഡിയോ കാണുന്നത് വളരെ അപകടകരമാണെന്നും അത് ജീവിത യാഥാർത്ഥ്യങ്ങളെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും അഭിനവ് പറഞ്ഞു. പുരുഷന്മാരുടെ ലക്ഷ്യബോധത്തെയും കരുത്തിനെയും അത് പ്രതികൂലമായി ബാധിക്കുമെന്നും താരം കൂട്ടിചേർത്തു. അഭിനവിന്റെ ഈ പ്രസ്താവന പോഡ്‌കാസ്റ്റിലുണ്ടായിരുന്ന റുബീനയെയും ഹിനാ ഖാനെയും ഒരുപോലെ അദ്ഭുതപ്പെടുത്തി. തുടർന്ന് പോൺ കാണാറുണ്ടോ എന്ന ഹിനയുടെ ചോദ്യത്തിന് താൻ മുൻപ് കണ്ടിട്ടുണ്ടെന്ന് അഭിനവ് തുറന്നുപറയുകയും ചെയ്തു.

അഭിനവ് ശുക്ലയുടെ ഈ വാദം സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാവുകയും സമ്മിശ്ര പ്രതികരണങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. പോൺ കാണില്ലെന്ന് പറയുകയും എന്നാൽ സോഫ്റ്റ് പോൺ സ്വഭാവമുള്ള വെബ് സീരീസുകളിൽ അഭിനയിക്കുകയും ചെയ്യുന്നതിനെ ചോദ്യം ചെയ്ത് നിരവധി പേരാണ് അഭിനവിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. അനാവശ്യമായി ‘കൂൾ’ ആകാൻ ശ്രമിക്കേണ്ടതില്ലെന്നും ചിലർ കമന്റുകളിലൂടെ പരിഹസിച്ചു.

അതേസമയം, പുരുഷാധിപത്യവും കാലാവസ്ഥാ വ്യതിയാനവും തമ്മിൽ ബന്ധമുണ്ടെന്ന പ്രസ്താവനയ്ക്ക് എതിരെയുണ്ടായ വിമർശനങ്ങൾക്കും ട്രോളുകൾക്കും മറുപടിയുമായി ദിയ മിർസയും രംഗത്തെത്തിയിരുന്നു. പരിസ്ഥിതി മലിനീകരണത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രധാന ഇരകൾ സ്ത്രീകളാണെന്നും പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണത്തിന് പിന്നിൽ പുരുഷാധിപത്യപരമായ ചിന്താഗതിയാണെന്നും ദിയ വ്യക്തമാക്കി. കുടിവെള്ളക്ഷാമവും കൃഷിനാശവും വരുമ്പോൾ കുടുംബത്തെ സംരക്ഷിക്കാൻ കൂടുതൽ ദുരിതം അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകൾക്കാണെന്നും ദിയ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *