ലഖ്‌നൗ: സർക്കാർ ജോലി ലഭിക്കാത്തതിലുള്ള കടുത്ത മാനസികവിഷമത്തെ തുടർന്ന് 23 വയസുകാരനായ ബിടെക് സ്വർണ മെഡൽ ജേതാവ് വീടിനുള്ളിൽ തൂങ്ങിമരിച്ചു. കാൺപൂർ ഗോവിന്ദ് നഗർ സ്വദേശിയായ ആനന്ദ് ആണ് ജീവനൊടുക്കിയത്. ”പപ്പാ, എന്നോട് ക്ഷമിക്കണം, ഒരു സർക്കാർ ജോലിക്കായി ഞാൻ അമ്പതോളം തവണ ശ്രമിച്ചെങ്കിലും ഒന്നിനും വിജയിക്കാനായില്ല” എന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ 2024-ൽ കാൺപൂരിലെ ഒരു സ്വകാര്യ എൻജിനീയറിങ് കോളജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഒന്നാം റാങ്കോടെയാണ് ആനന്ദ് ബിടെക് വിജയിച്ചത്. ഇതിനുപുറമെ ഉത്തർപ്രദേശ് സംസ്ഥാന തലത്തിൽ മൂന്നാം റാങ്കും ഈ മിടുക്കൻ സ്വന്തമാക്കിയിരുന്നു. പഠനത്തിൽ മികച്ച വിജയം നേടിയ ആനന്ദിന് കോളജ് അധികൃതർ സ്വർണമെഡൽ നൽകി ആദരിച്ചിട്ടുമുണ്ടായിരുന്നു.
സഹോദരന്റെ വിവാഹാലോചനയുമായി ബന്ധപ്പെട്ട് ആനന്ദിന്റെ മാതാപിതാക്കൾ ബിഹാറിലേക്ക് പോയിരിക്കുകയായിരുന്നു. ഈ സമയം വീട്ടിൽ തനിച്ചായിരുന്ന യുവാവിനെ, വീട്ടുജോലിക്കാരി വന്ന് പലതവണ വിളിച്ചിട്ടും വാതിൽ തുറന്നില്ല. ഇതോടെ സംശയം തോന്നിയ അവർ അയൽക്കാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി വീടിന്റെ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ബിടെക് പഠനം പൂർത്തിയാക്കിയ ശേഷം പവർ ഗ്രിഡിൽ ഒരു വർഷത്തെ അപ്രന്റീഷിപ്പും ആനന്ദ് വിജയകരമായി ചെയ്തിരുന്നു. അതിനുശേഷം വിവിധ മത്സരപരീക്ഷകൾ എഴുതി ജോലി നേടാനുള്ള നിരന്തര തയ്യാറെടുപ്പിലായിരുന്നു താരം. എന്നാൽ എഴുതിയ പരീക്ഷകളിലെല്ലാം പരാജയപ്പെട്ടതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി ആനന്ദ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പിതാവ് രാജ്‌കുമാർ പറഞ്ഞു.
വിവരമറിഞ്ഞ് എത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു. തുടർന്ന് ഭൈരവ് ഘട്ടിൽ സംസ്കാര ചടങ്ങുകൾ നടത്തി. സംഭവത്തിൽ പോലീസ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല….അതിജീവിക്കുകള മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056 )




