ഐഐഎമ്മില്‍ പഠിക്കാനുള്ള തീവ്രമായ ആഗ്രഹം ഒരു യുവാവിന് നല്‍കിയത് 74 ലക്ഷം രൂപയുടെ ബാദ്ധ്യത. അഹമ്മദാബാദിൽ എക്സിക്യൂട്ടീവ് പിജി പ്രോഗ്രാം ചെയ്യുന്ന മുൻ അസിസ്റ്റന്റ് കമാൻഡന്റ് അമിത് സോണിയാണ് നിലവിലുണ്ടായിരുന്ന സർക്കാർ ജോലി ഉപേക്ഷിക്കാനുള്ള തന്റെ തീരുമാനം വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചതായി വെളിപ്പെടുത്തിയത്. ഏകദേശം 74 ലക്ഷം രൂപയുടെ നഷ്ടം സഹിച്ചാണ് താൻ കോഴ്സ് തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
ഐഐഎം അഹമ്മദാബാദിൽ പ്രവേശനം ലഭിച്ച അന്നുതന്നെ താൻ സർക്കാർ ജോലിയിൽ നിന്നും രാജിവെച്ചതായി അമിത് സോണി ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി. മറ്റൊരു പ്ലാനോ സംശയങ്ങളോ ഒന്നുമില്ലാതെ, താൻ തിരഞ്ഞെടുത്ത പാതയിലുള്ള പൂർണ്ണമായ വിശ്വാസത്തോടെയാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ തീരുമാനത്തിന്റെ സാമ്പത്തിക വശങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും സോണി പങ്കുവെച്ചു. അദ്ദേഹത്തിന്റെ കണക്കനുസരിച്ച്, പിജി പ്രോഗ്രാമിന്റെ ഫീസ് 37.10 ലക്ഷം രൂപയും, ഇന്റർനാഷണൽ ഇമ്മേഴ്‌ഷൻ കോഴ്സിന് 4.5 ലക്ഷം രൂപയുമാണ് ചിലവ് വന്നത്. ഒരു വർഷത്തെ ജീവിതച്ചെലവുകൾക്കായി 2.5 ലക്ഷം രൂപയും കണക്കാക്കുന്നു. കൂടാതെ, ജോലി രാജിവെച്ചതിനുള്ള ബോണ്ട് തുകയായി 9.80 ലക്ഷം രൂപ നൽകേണ്ടി വന്നതിനൊപ്പം ആ വർഷത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി ഏകദേശം 20 ലക്ഷം രൂപയും അദ്ദേഹത്തിന് നഷ്ടമായി. ഇതെല്ലാം ചേർത്താണ് തുക 74 ലക്ഷത്തോട് അടുത്തത്.
ഇത്രയും വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിട്ടും തനിക്ക് യാതൊരു പശ്ചാത്താപവുമില്ലെന്ന് സോണി പറയുന്നു. ഇത്തരം തീരുമാനങ്ങളുടെ മൂല്യം പണം കൊണ്ട് മാത്രം അളക്കാൻ കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. വ്യക്തിപരമായ വളർച്ച, പുതിയ അവസരങ്ങൾ, സുരക്ഷിത മേഖലകളിൽ നിന്ന് പുറത്തുകടക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവയിലാണ് ഇതിന്റെ യഥാർത്ഥ വിജയമെന്ന് അദ്ദേഹം വാദിക്കുന്നു.
“യൂണിഫോമിൽ നിന്ന് ബോർഡ്രൂമിലേക്ക്” ഉള്ള ഈ മാറ്റത്തെ തന്റെ ഔദ്യോഗിക ജീവിതത്തിലെ ഒരു പുതിയ അധ്യായത്തിന്റെ തുടക്കമായാണ് സോണി വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ഈ സോഷ്യൽ മീഡിയ പോസ്റ്റ് വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നിരവധി ആളുകൾ അദ്ദേഹത്തിന്റെ ധീരതയെയും നിശ്ചയദാർഢ്യത്തെയും പ്രശംസിച്ചപ്പോൾ, സുരക്ഷിതമായൊരു സർക്കാർ ജോലി ഉപേക്ഷിച്ച് ഉപരിപഠനത്തിന് ഇറങ്ങിപ്പുറപ്പെടുന്നത് എത്രത്തോളം ലാഭകരമാണെന്നതിനെക്കുറിച്ച് മറ്റ് ചിലർ ചർച്ചകൾ ഉയർത്തുകയും ചെയ്തു.




