Crime

വനിതാസുഹൃത്തിന്റെ വീട്ടിൽ പതുങ്ങിക്കഴിഞ്ഞു; പാതിരാ പരിശോധനയിൽ പണികിട്ടി; കാപ്പാ കേസ് പ്രതി പിടിയിൽ

തിരുവനന്തപുരം: തൃശൂരിലെ പ്രമുഖ സിനിമാ തിയേറ്ററായ രാഗം തിയേറ്റർ ഉടമ സുനിലിനെ വധിക്കാൻ ശ്രമിച്ച കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി തിരുവനന്തപുരത്ത് വെച്ച് പോലീസിന്റെ പിടിയിലായി. പത്തനംതിട്ട കൊടുമൺ അങ്ങാടിക്കൽ വടക്ക് സ്വദേശിയായ കാർത്തിക് (30) ആണ് അറസ്റ്റിലായത്. ക്രിമിനൽ ലോകത്ത് ‘കിച്ചു’ എന്നറിയപ്പെടുന്ന ഇയാൾക്കെതിരെ കൊലപാതകശ്രമം, മോഷണം, കുഴൽപ്പണം, സ്വർണ്ണക്കടത്ത് തുടങ്ങി നിരവധി കേസുകളുണ്ട്. ഇയാൾ ഒരു ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയാണെന്നും മിക്ക കേസുകളും തൃശൂർ ജില്ലയിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും പോലീസ് അറിയിച്ചു.

കൊടുമൺ പോലീസ് വളരെ രഹസ്യമായി നടത്തിയ ഒരു അർദ്ധരാത്രി ഓപ്പറേഷനിലൂടെയാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരം തിരുപുറം ഭാഗത്ത് കാർത്തിക് എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വെള്ളിയാഴ്ചയാണ് കൊടുമൺ പോലീസ് സ്റ്റേഷനിലെ നാലംഗ സംഘം അവിടെയെത്തിയത്. ഇയാൾ തിരുവനന്തപുരത്ത് വരുമ്പോൾ താമസിക്കാറുള്ള ഒരു പരിചയക്കാരിയുടെ വീട് പോലീസ് കൃത്യമായി തിരിച്ചറിഞ്ഞു. തുടർന്ന് സാധാരണ വേഷത്തിൽ പോലീസ് സംഘം ഈ വീടിന് ചുറ്റും നിരീക്ഷണം ശക്തമാക്കി.

വീട്ടിൽ പരിചയക്കാരിയുടെ അച്ഛനും സഹോദരനും കൂടാതെ മറ്റൊരാൾ കൂടി ഉണ്ടെന്ന് ഉറപ്പുവരുത്തിയ പോലീസ് സംഘം, രാത്രിയാകാൻ ക്ഷമയോടെ കാത്തിരുന്നു. പ്രതി ഉറങ്ങിക്കാണുമെന്ന് കരുതി രാത്രി 12.30 ഓടെ പോലീസ് സംഘം വീടിനുള്ളിലേക്ക് കയറി. എന്നാൽ ഈ സമയം കാർത്തിക് ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. പോലീസിനെ കണ്ടയുടൻ ഇയാൾ അടുക്കളവാതിൽ വഴി പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ അവിടെയും കാത്തുനിന്നിരുന്ന പോലീസ് സംഘം ഇയാളെ തടഞ്ഞു. പോലീസിനെ ആക്രമിക്കാനും മൽപ്പിടിത്തത്തിനും മുതിർന്ന ഇയാളെ പോലീസ് സംഘം ബലമായി കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് ശനിയാഴ്ചയോടെ ഇയാളെ ജീപ്പിൽ കൊടുമൺ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

മുൻപ് പല കേസുകളിലും ഇയാളെ നേരിട്ട് പിടികൂടാൻ പോലീസിന് കഴിഞ്ഞിരുന്നില്ല; ഒളിവിൽ പോയ ശേഷം കോടതിയിൽ നേരിട്ട് കീഴടങ്ങുകയായിരുന്നു ഇയാളുടെ രീതി. കുറച്ചുകാലമായി പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. തൃശൂർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഇയാൾ അവിടെനിന്ന് രക്ഷപ്പെട്ടിരുന്നു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദിന്റെ നിർദ്ദേശപ്രകാരം കൊടുമൺ എസ്.എച്ച്.ഒ. ശ്രീലാൽ ചന്ദ്രശേഖരൻ, എസ്.ഐ. ജെ.യു. ജിനു, സി.പി.ഒ.മാരായ അഭിലാഷ്, ബിൻഷാദ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. ഇയാളെ നിലവിൽ ആറുമാസത്തേക്ക് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *