ആകാശയാത്രയ്ക്കിടയിൽ അർജന്റീനയും ഈജിപ്തും തമ്മിലുള്ള ഫുട്ബോൾ മത്സരം തത്സമയം കാണാൻ ഒരു യാത്രക്കാരൻ ഇൻ-ഫ്ളൈറ്റ് വൈഫൈ വാങ്ങിയതോടെ ഒരു സാധാരണ വിമാനയാത്ര പെട്ടെന്ന് ഒരു ഫുട്ബോൾ പാർട്ടിപ്പൂരമായി മാറി. ‘ദി റിയൽ ബുനി’ എന്ന എക്സ് (ട്വിറ്റർ) ഉപയോക്താവ് പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് ഈ അവിചാരിത നിമിഷം സോഷ്യൽ മീഡിയയിൽ വൈറലായത്. ഒരു ലാപ്ടോപ്പ് സ്ക്രീൻ എങ്ങനെയാണ് വിമാനത്തിലെ ഡസൻകണക്കിന് യാത്രക്കാരുടെ ശ്രദ്ധാകേന്ദ്രമായി മാറിയതെന്ന് ഈ വീഡിയോയിൽ കാണാം.
വിമാനത്തിന്റെ കാബിന് മുന്നിലായി ഒരു യാത്രക്കാരൻ തന്റെ ലാപ്ടോപ്പ് തലയ്ക്ക് മുകളിലേക്ക് ഉയർത്തിപ്പിടിച്ച് മത്സരം മറ്റുള്ളവർക്കായി കാണിച്ചുകൊടുക്കുകയായിരുന്നു. കളി മുറുകിയതോടെ പിന്നിലെ സീറ്റുകളിലിരുന്ന യാത്രക്കാർ സ്ക്രീനിലേക്ക് നോക്കാനായി ഐലിലേക്ക് (സീറ്റുകൾക്കിടയിലെ വഴി) തല നീട്ടാൻ തുടങ്ങി. നിമിഷങ്ങൾക്കകം വിമാനത്തിലെ ആ വഴി ഒരു താല്ക്കാലിക ഗാലറിയായി മാറി. ആളുകൾ സീറ്റുകളിൽ നിന്ന് മുന്നോട്ട് ആഞ്ഞുനോക്കിയും എഴുന്നേറ്റുനിന്നുമാണ് കളി ആസ്വദിച്ചത്. ആ യാത്രക്കാരൻ ഒട്ടും മാറ്റമില്ലാതെ കളി തീരുന്നതുവരെ ലാപ്ടോപ്പ് അങ്ങനെതന്നെ പിടിച്ചുനിന്നു. കൂടെയുള്ള യാത്രക്കാർ സീറ്റുകളിലിരുന്ന് കളി ശ്രദ്ധയോടെ കാണുകയും, ആവേശകരമായ നിമിഷങ്ങളിൽ ഇടയ്ക്കിടെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
“ഒരു യുവാവ് വിമാനത്തിൽ വെച്ച് അർജന്റീന-ഈജിപ്ത് കളി കാണാനായി വൈഫൈ വാങ്ങി. ഒടുവിൽ വിമാനത്തിലുണ്ടായിരുന്ന 187 യാത്രക്കാരും കളി കാണാനും കേൾക്കാനുമായി ലാപ്ടോപ്പിന് ചുറ്റും കൂടി” എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചത്. യുവാവിന്റെ ഈ നല്ല മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള നല്ല പ്രതികരണങ്ങളാണ് വരുന്നത്. എല്ലാ യാത്രക്കാരും വെവ്വേറെ വൈഫൈ പാസ്സുകൾ വാങ്ങുന്നതിന് പകരം, ഈ യുവാവ് ഒരു ഹ്യൂമൻ ബ്രോഡ്കാസ്റ്റിംഗ് സ്റ്റേഷനായി മാറി എയർലൈൻസിന്റെ ഇന്റർനെറ്റ് ബാൻഡ്‌വിഡ്ത്ത് ഒറ്റയ്ക്ക് രക്ഷിച്ചുവെന്ന് പലരും തമാശയായി കുറിച്ചു. സ്പോർട്സിന് അപരിചിതരായ മനുഷ്യരെപ്പോലും എങ്ങനെ പെട്ടെന്ന് ഒന്നിപ്പിക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട്, 30,000 അടി ഉയരത്തിൽ നടന്ന ഈ ഒത്തുചേരലിനെ പലരും വേൾഡ് കപ്പ് വാച്ച് പാർട്ടികളോടാണ് ഉപമിച്ചത്. ഒരു സാധാരണ വിമാനയാത്രയെ മനോഹരമായ ഒരു അനുഭവമാക്കി മാറ്റിയ ആ യാത്രക്കാരന്റെ പ്രവൃത്തിയെ സോഷ്യൽ മീഡിയ ഒന്നടങ്കം പ്രശംസിക്കുകയാണ്.




