സ്ബക്കിസ്ഥാനിൽ സഹപാഠിയുടെ ക്രൂരമർദ്ദനത്തെ തുടർന്ന് മരിച്ച ഹരിപ്പാട് സ്വദേശിനിയും എംബിബിഎസ് വിദ്യാർഥിനിയുമായ സാവരിയ ബസന്തിന്റെ ശരീരത്തിൽ ഗുരുതരമായ പരിക്കുകളുണ്ടായിരുന്നതായി ബന്ധുക്കൾ. പെൺകുട്ടിയുടെ ശരീരമാസകലം മുറിവുകളും ചതവുകളുമുണ്ടായിരുന്നുവെന്നും നെഞ്ചിൽ പലതവണ ആഞ്ഞു ചവിട്ടിയ പാടുകളുണ്ടെന്നും അവർ പറയുന്നു. പ്രതിയായ മലപ്പുറം സ്വദേശി സദറുൽ അനം സാവരിയയെ മതപരിവർത്തനത്തിന് പ്രേരിപ്പിച്ചിരുന്നതായി സഹപാഠികൾ അവിടുത്തെ പോലീസിനോട് പറഞ്ഞിട്ടുണ്ട്. നിലവിൽ പെൺകുട്ടിയുടെ മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് വീണ്ടും പോസ്റ്റുമോർട്ടം നടത്തിയിരിക്കുകയാണ്.
ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ വിദ്യാർത്ഥികളായിരുന്നു കൊല്ലപ്പെട്ട സാവരിയയും പ്രതി സദറുൾ അനവും. കോളജിൽ ഹോസ്റ്റൽ സൗകര്യം കുറവായതിനാൽ ആൺകുട്ടികളും പെൺകുട്ടികളും ഒരേ ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സാവരിയ ഗുരുതരാവസ്ഥയിലാണെന്ന വിവരവും പിന്നാലെ മരണവാർത്തയും നാട്ടിലറിയുന്നത്. ഹോസ്റ്റലിൽ വെച്ച് ദിവസങ്ങളോളം സദറുൽ അനം പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നും ഇക്കാര്യം സഹപാഠികൾ അവിടുത്തെ പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു.
ലാപ്ടോപ്പ് കൊണ്ട് തലക്കടിച്ചത് മാത്രമല്ല മരണകാരണമെന്നും പ്രതിയുടേത് പെട്ടെന്നുണ്ടായ പ്രകോപനമല്ലെന്നും കുടുംബം പറയുന്നു. ബുഖാറ പോലീസ് കേസിൽ കൃത്യമായ അന്വേഷണം നടത്തിയിട്ടില്ല. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നതിനാൽ പ്രതിയെ കാണാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും അവിടുത്തെ അധികൃതർ അനുവാദം നൽകിയില്ല.
പ്രതി സദറുൽ അനം സാവരിയയെ നിരന്തരം മതപരിവർത്തനത്തിന് നിർബന്ധിച്ചിരുന്നുവെന്നും എന്നാൽ പെൺകുട്ടി ഇതിന് വഴങ്ങിയിരുന്നില്ല എന്നുമാണ് കുടുംബം ഉന്നയിക്കുന്ന ഗുരുതരമായ ആരോപണം.
പ്രതിക്കെതിരെ നിലവിൽ ഹരിപ്പാട് പോലീസും കേസെടുത്തിട്ടുണ്ട്. സദറുൽ അനം ഇപ്പോൾ ഉസ്ബക്കിസ്ഥാനിലെ ബുഖാറ പോലീസിന്റെ കസ്റ്റഡിയിലാണ്. ക്രൂരമായി കൊലപാതകം നടത്തിയ പ്രതി നിയമത്തിൽ നിന്ന് രക്ഷപ്പെടരുത് എന്നതിനാലാണ് നാട്ടിലും പരാതി നൽകിയതെന്നും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികളുമായി മുന്നോട്ട് പോകുമെന്നും കുടുംബം അറിയിച്ചു. വണ്ടാനം മെഡിക്കൽ കോളേജിലെ റീ-പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഹരിപ്പാട്ടെ വീട്ടുവളപ്പിൽ സംസ്കരിക്കും.




