Oddly News

ആദ്യരാത്രി, 90ലക്ഷം നല്‍കാതെ ശാരീരികബന്ധത്തിനു സമ്മതിക്കില്ലെന്ന് വധു; വരനെയും വീട്ടുകാരെയും പൂട്ടിയിട്ടു, സ്വർണവുമായി മുങ്ങി

വിവാഹശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ യുവതി ആദ്യരാത്രിയിൽ 90 ലക്ഷം രൂപ ആവശ്യപ്പെട്ടത് വലിയ തർക്കത്തിന് കാരണമായി. പണം നൽകാതെ ശാരീരിക ബന്ധത്തിനു സമ്മതിക്കില്ലെന്ന് യുവതി നിലപാടെടുത്തതോടെ തർക്കം രൂക്ഷമായി. തനിക്ക് വിവാഹത്തിൽ താൽപര്യമില്ലെന്നും സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ് സമ്മതിച്ചതെന്നും യുവതി തുറന്നുപറഞ്ഞതായി പരാതിയിൽ പറയുന്നു.

തർക്കം തുടരുന്നതിനിടെ യുവതി തന്റെ വീട്ടുകാരെ വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ ബന്ധുക്കൾ ഭർത്താവിന്റെ വീട് ആക്രമിക്കുകയും ഗ്യാസ് പൈപ്പ് ലൈൻ തകർത്ത് വീടിന് തീയിടാൻ ശ്രമിക്കുകയും ചെയ്തു. വീട്ടുകാരെ മുറിക്കുള്ളിലിട്ട് പൂട്ടിയ ശേഷം ഗ്യാസ് ചോർത്തി സ്ഫോടനം നടത്താനായിരുന്നു ഇവരുടെ നീക്കമെന്ന് പരാതിയിൽ പറയുന്നു. അയൽവാസികൾ ഓടിയെത്തിയതിനാലാണ് വലിയൊരു അപകടം ഒഴിവായത്.

തന്റെയും ഭർത്താവിന്റെ അമ്മയുടെയും സ്വർണാഭരണങ്ങളുമായാണ് യുവതി സ്വന്തം വീട്ടുകാർക്കൊപ്പം കടന്നുകളഞ്ഞത്. സംഭവത്തിൽ ആദ്യം കേസെടുക്കാൻ മടിച്ച പോലീസിനെതിരെ ഭർത്താവിന്റെ കുടുംബം കോടതിയെ സമീപിച്ചു. കോടതി ഇടപെടലിനെത്തുടർന്ന് യുവതിക്കും പിതാവിനും ബന്ധുക്കൾക്കുമെതിരെ ജഗദീഷ്പുര പോലീസ് കേസെടുത്തു. വിവാഹത്തിന് ദല്ലാളായി നിന്ന വ്യക്തിയെയും പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടാതെ, കേസിൽ നിന്ന് രക്ഷപ്പെടാൻ യുവതി സ്ത്രീധന പീഡന പരാതി നൽകാൻ സാധ്യതയുണ്ടോ എന്നും പോലീസ് നിരീക്ഷിച്ചു വരികയാണ്.