ക്ഷേത്രോത്സവത്തിനിടെ നൃത്തം ചെയ്തതിന്റെ പേരിൽ ഭാര്യയെയും രണ്ട് മക്കളെയും കോടാലി കൊണ്ട് വെട്ടിക്കൊന്ന ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. മധ്യപ്രദേശിലെ മൊറേനയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. ബൽറാം കുശ്വാഹ എന്ന യുവാവാണ് ഭാര്യ രവിതയെയും രണ്ട് ആൺമക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
പത്തു ദിവസങ്ങൾക്ക് മുൻപ് ഗ്രാമത്തിലെ ക്ഷേത്രത്തിൽ നടന്ന ഉത്സവത്തിനിടെ ‘ഭാഗവത് കഥ’ എന്ന നൃത്തനാടക പരിപാടിയിൽ രവിത പങ്കെടുത്തിരുന്നു. എന്നാൽ ഭാര്യ പൊതുവേദിയിൽ നൃത്തം ചെയ്തത് ബൽറാമിന് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിനെച്ചൊല്ലി ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കുണ്ടാവുകയും തുടർന്ന് ബൽറാം രവിതയെ സ്വന്തം വീട്ടിലേക്ക് ഇറക്കിവിടുകയും ചെയ്തു. ജൂൺ 17-ന് രവിത തന്റെ കുടുംബവീട്ടിലെത്തിയെങ്കിലും, പിന്നീട് ബൽറാമിന്റെ ബന്ധുക്കൾ ഇടപെട്ട് പ്രശ്നം പരിഹരിക്കാമെന്ന് രവിതയുടെ പിതാവിന് ഉറപ്പുനൽകി ഇവരെ ഭർതൃവീട്ടിലേക്ക് തിരികെ കൊണ്ടുവരുകയായിരുന്നു.
എന്നാൽ വീട്ടിൽ തിരിച്ചെത്തിയതിന് ശേഷവും രവിതയോടുള്ള ബൽറാമിന്റെ ദേഷ്യം മാറിയിരുന്നില്ല. തുടർന്ന് ജൂൺ 27-ന് ഇവരുടെ വീട്ടിൽ നിന്നും യാതൊരു അനക്കവും കേൾക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ അയൽക്കാർ നടത്തിയ പരിശോധനയിലാണ് ചോരയിൽ കുളിച്ചുകിടക്കുന്ന രവിതയുടെയും മക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നതിനിടയിലാണ്, തൊട്ടടുത്ത റെയിൽവേ ട്രാക്കിൽ ഒരു യുവാവിന്റെ മൃതദേഹം കിടക്കുന്നുണ്ടെന്ന സന്ദേശം ലഭിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് ബൽറാം തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. സാഹചര്യത്തെളിവുകളുടെയും ബന്ധുക്കളുടെ മൊഴികളുടെയും അടിസ്ഥാനത്തിൽ, ഭാര്യയെയും മക്കളെയും വകവരുത്തിയ ശേഷം ബൽറാം ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് വ്യക്തമാക്കി.




