Crime

പള്ളിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം? ദുരൂഹത, അന്വേഷണം തുടങ്ങി

കണ്ണൂർ: ഇൻഫന്റ് ജീസസ് ചർച്ച് സെമിത്തേരിയിലെ കല്ലറയ്ക്കുള്ളിൽ ദുരൂഹമായ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ രണ്ടാമതൊരു മൃതദേഹം കൂടിയുണ്ടെന്ന സംശയത്തെത്തുടർന്ന് പോലീസ് അന്വേഷണം തുടങ്ങി. മറ്റൊരു മൃതദേഹം അടക്കം ചെയ്യുന്നതിനായി കല്ലറ തുറന്നപ്പോഴാണ് ഉള്ളിൽ പായയിൽ പൊതിഞ്ഞ നിലയിൽ അജ്ഞാതമായ എന്തോ ഒന്നിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

ഇത് മറ്റൊരു മൃതദേഹം തന്നെയാണെന്ന ശക്തമായ സംശയമാണ് ഇപ്പോൾ പ്രദേശത്ത് ഉയർന്നിട്ടുള്ളത്. സംഭവത്തിൽ കരിക്കോട്ടക്കരി പോലീസാണ് വിശദമായ അന്വേഷണം നടത്തുന്നത്. നാട്ടുകാരനായ ജിൽസ് ഉണ്ണിമാക്കൽ എന്ന വ്യക്തി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഈ വിവരങ്ങൾ പുറംലോകമറിഞ്ഞത്.

കല്ലറ തുറന്നപ്പോൾ കണ്ട അസ്വാഭാവികമായ ഈ കാഴ്ച ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് താൻ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതെന്ന് ജിൽസ് പ്രതികരിച്ചു. ക്രൈസ്തവ ആചാരപ്രകാരം സാധാരണ രീതിയിൽ ഒരു കല്ലറയിൽ ഒരേസമയം ഇത്തരത്തിൽ രണ്ട് മൃതദേഹങ്ങൾ അടക്കം ചെയ്യാറില്ലെന്നും, വിവരമറിഞ്ഞ പലരും ഇത് പുറത്തുപറയാൻ മടിച്ചപ്പോഴാണ് താൻ ഈ വിഷയത്തിൽ ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സംഭവത്തിൽ ദുരൂഹത തോന്നിയ ഉടൻ തന്നെ പള്ളി അധികൃതർ പോലീസിനെ വിവരമറിയിച്ചിരുന്നുവെന്ന് വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ അറിയിച്ചു.

കരിക്കോട്ടക്കരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്. കല്ലറയ്ക്കുള്ളിൽ പായയിൽ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്നത് മൃതദേഹം തന്നെയാണോ എന്ന് ഉറപ്പുവരുത്താൻ ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണ്. റവന്യൂ അധികൃതരുടെയും ഫോറൻസിക് വിദഗ്ധരുടെയും സാന്നിധ്യത്തിൽ കല്ലറ വീണ്ടും തുറന്ന് പരിശോധിച്ച് തുടൽനടപടികൾ സ്വീകരിക്കാനാണ് പോലീസിന്റെ നിലവിലെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *