Featured Sports

‘കോനെയുടെ എല്ലൊടിയുന്ന ശബ്ദം കേട്ടു, ടീം ഒന്നാകെ തകർന്നുപോയി, ഖത്തർ താരം റൂമിലെത്തി മാപ്പു പറഞ്ഞു’: കാനഡ കോച്ച്

ഫിഫ ലോകകപ്പ് മത്സരത്തിൽ ഖത്തറിനെതിരെ മറുപടിയില്ലാത്ത ആറു ഗോളുകളുടെ വമ്പൻ വിജയമാണ് കാനഡ സ്വന്തമാക്കിയത്. സൂപ്പർ താരം ജൊനാഥൻ ഡേവിഡ് ഹാട്രിക് ഗോളുകൾ നേടിയ മത്സരത്തിൽ കൈൽ ലാരിൻ, നേഥൻ സാലിബ എന്നിവരും കാനഡയ്ക്കായി സ്കോർ ചെയ്തു. ഖത്തർ താരം വഴങ്ങിയ ഒരു സെൽഫ് ഗോളും കാനഡയുടെ വിജയ തിളക്കം കൂട്ടി.

29, 45+3, 90+2 മിനിറ്റുകളിലായിരുന്നു ഡേവിഡിന്റെ തകർപ്പൻ ഗോളുകൾ പിറന്നത്. 75–ാം മിനിറ്റിൽ പന്ത് തടുക്കാൻ ശ്രമിച്ച മുഹമ്മദ് മനായിക്ക് പറ്റിയ പിഴവാണ് ഖത്തറിന് സെൽഫ് ഗോളായി മാറിയത്. കാനഡയുടെ വേഗതയേറിയ മുന്നേറ്റങ്ങൾക്ക് മുന്നിൽ പതറിയ ഖത്തർ കളിക്കാർ തുടർച്ചയായി ഫൗളുകൾ ചെയ്തത് കളിയിലെ സുഖകരമല്ലാത്ത കാഴ്ചയായി. ഇതിനിടെ കാനഡ താരം ഇസ്‍മായിൽ കോനെയ്ക്ക് ഗുരുതരമായി പരുക്കേറ്റതോടെ ഖത്തർ താരങ്ങൾക്ക് നേരെ ഗാലറിയിൽ നിന്ന് വലിയ രീതിയിൽ ആരാധകരുടെ പ്രതിഷേധവുമുണ്ടായി.

മത്സരത്തിന് ശേഷം കോനെയുടെ പരുക്കിനെക്കുറിച്ച് കാനഡ പരിശീലകൻ ജെസ്സെ മാർഷ് സംസാരിക്കുകയുണ്ടായി. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തുണ്ടായ ഈ പരുക്ക് ടീമിനെയാകെ വിഷമിപ്പിച്ചുവെന്ന് മാർഷ് പറഞ്ഞു. ‘‘ഞങ്ങളുടെ കൺമുന്നിലാണ് ആ പരുക്ക് സംഭവിച്ചത്. കോനെയുടെ എല്ല് ഒടിയുന്ന ശബ്ദം പോലും അവിടെയുണ്ടായിരുന്നവർക്ക് കേൾക്കാമായിരുന്നു. പരുക്കിന്റെ കാഠിന്യം കാരണം കാനഡ ടീം ഒന്നാകെ അതുകണ്ട് തകർന്നുപോയി. ഇസ്മായിൽ ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനാണ്, അദ്ദേഹത്തിന്റെ അഭാവം ടീമിന് വലിയൊരു നഷ്ടം തന്നെയാണ്. പരുക്കുണ്ടായ സമയത്ത് കാനഡ താരങ്ങൾ എത്രത്തോളം വിഷമിച്ചുവെന്ന് എല്ലാവരും കണ്ടതാണ്. എന്നാൽ ഞങ്ങൾക്ക് കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടായിരുന്നു. ഹൈ‍‍ഡ്രേഷൻ ബ്രേക്കിന്റെ സമയത്ത് ഞാൻ കളിക്കാരോട് പറഞ്ഞതും ഈ മത്സരം നന്നായി കളിച്ചു തീർക്കണമെന്നാണ്, അവരത് ഭംഗിയായി ചെയ്യുകയും ചെയ്തു.’’– കാന‍ഡ കോച്ച് വ്യക്തമാക്കി.

കോനെയ്ക്ക് ഇത്രയും വലിയൊരു പരുക്ക് പറ്റുമെന്ന് ഖത്തർ താരം മാഡിബോ ഒരിക്കലും വിചാരിച്ചിട്ടുണ്ടാകില്ലെന്നും കാനഡ കോച്ച് കൂട്ടിച്ചേർത്തു. കളി കഴിഞ്ഞയുടൻ ഖത്തർ താരം കാനഡയുടെ ഡ്രസിങ് റൂമിലെത്തി ക്ഷമ ചോദിച്ചതായും അദ്ദേഹം പറഞ്ഞു. ‘‘ഇത്രയും കഠിനമായ പരുക്കിന് കാരണമാകുന്ന ഒരു ടാക്കിളായിരിക്കും അതെന്ന് അദ്ദേഹം കരുതിക്കാണില്ല. അതുകൊണ്ട് തന്നെ ആ കളിക്കാരനെ മാത്രം ഞാൻ കുറ്റപ്പെടുത്തില്ല.’’– മാർഷ് നിലപാട് വ്യക്തമാക്കി. മത്സരത്തിന്റെ 53–ാം മിനിറ്റിലാണ് ഇസ്മായിൽ കോനെയ്ക്ക് പരുക്കേൽക്കുന്നത്. അസിം മാഡിബോയുടെ ഫൗളിൽ കോനെയുടെ കാൽമുട്ടിന് താഴെയുള്ള എല്ല് ഒടിയുകയായിരുന്നു. വേദന കൊണ്ട് താരം നിലവിളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഡോക്ടർമാർ എത്തി കോനെയെ പരിശോധിക്കുന്ന സമയത്ത് കാനഡ താരങ്ങൾ അദ്ദേഹത്തിന് ചുറ്റും ഒത്തുചേർന്ന് ഒരു കാവൽവലയം തീർത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *