ദാംബുള്ള: ശ്രീലങ്ക എയ്‌ക്കെതിരായ ത്രിരാഷ്ട്ര പരമ്പരയിലെ ആവേശപ്പോരാട്ടത്തിൽ ഇന്ത്യ എയ്ക്ക് സൂപ്പർ ഓവറിൽ നാടകീയ തോൽവി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 49.2 ഓവറിൽ 265 റൺസിന് പുറത്താവുകയായിരുന്നു. 72 റൺസെടുത്ത സൂര്യാംശ് ഷെഡ്ഗെയും 51 റൺസ് നേടിയ വിപ്രജ് നിഗവുമാണ് ഇന്ത്യൻ ബാറ്റിങ്ങിന് കരുത്തുപകർന്നത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക സമരവിക്രമയുടെ (91) മികച്ച പ്രകടനത്തോടെ എളുപ്പം ജയിക്കുമെന്ന് തോന്നിച്ചെങ്കിലും അർഷദ് ഖാൻ എറിഞ്ഞ അവസാന ഓവർ കളി തിരിച്ചുവിട്ടു.
അവസാന ഓവറിൽ ജയിക്കാൻ അഞ്ച് റൺസ് വേണമെന്നിരിക്കെ നാല് റൺസ് മാത്രം വിട്ടുകൊടുത്ത് അർഷദ് മത്സരം സമനിലയിലാക്കി. അവസാന പന്തിൽ രണ്ട് റൺസ് വേണമായിരുന്നിരിക്കെ ലങ്കൻ താരം ഗുണശേഖര എടുത്ത സിംഗിളിനൊടുവിൽ പ്രഭ്സിമ്രൻ സിങ്ങിന്റെ ത്രോയിൽ റണ്ണൗട്ടായി. ഇതോടെ ടൈ ആയ മത്സരത്തിന്റെ ഫലത്തെച്ചൊല്ലി വലിയ ആശയക്കുഴപ്പമുണ്ടായെങ്കിലും അമ്പയർമാരുടെ ചർച്ചയ്ക്ക് ശേഷം സൂപ്പർ ഓവർ പ്രഖ്യാപിക്കുകയായിരുന്നു. സൂപ്പർ ഓവറിൽ ശ്രീലങ്ക ഉയർത്തിയ 16 റൺസ് പിന്തുടർന്ന ഇന്ത്യയ്ക്ക് 9 റൺസ് മാത്രമേ നേടാനായുള്ളൂ. കളിക്ക് ശേഷം ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശിയും ശ്രീലങ്കൻ കളിക്കാരും തമ്മിൽ മൈതാനത്ത് വെച്ച് തർക്കമുണ്ടാവുകയും ചെയ്തു. ഇതിനിടെ, ഇന്ത്യൻ ബാറ്റർ വിപ്രജ് നിഗം പിച്ചിന് നടുവിലൂടെ ഓടിയതിന് രണ്ടു തവണയായി 10 റൺസ് പെനാൽറ്റിയായി ശ്രീലങ്കയ്ക്ക് ഇന്നിങ്സ് തുടങ്ങും മുൻപ് തന്നെ ലഭിച്ചിരുന്നു.
സൂപ്പർ ഓവറിന് തൊട്ടുമുമ്പ് തന്നെ മൈതാനത്ത് നാടകീയ രംഗങ്ങൾ തുടങ്ങിയിരുന്നു. വെളിച്ചക്കുറവ് കാരണം സൂപ്പർ ഓവർ നടത്തുന്ന കാര്യത്തിൽ അമ്പയർമാർക്ക് സംശയമുണ്ടായിരുന്നു. മത്സരം സമനിലയിൽ അവസാനിപ്പിക്കാനായിരുന്നു ആദ്യ ആലോചനയെങ്കിലും ഇന്ത്യ എ ക്യാപ്റ്റൻ തിലക് വർമ്മ ഇടപെട്ട് സൂപ്പർ ഓവർ നടത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. മറ്റ് ഇന്ത്യൻ താരങ്ങളും ഈ ചർച്ചയിൽ പങ്കുചേർന്നു.
എന്നാൽ വിവാദങ്ങൾ അവിടെയും തീർന്നില്ല; ശ്രീലങ്കയുടെ സൂപ്പർ ഓവറിലെ അവസാന പന്ത് അമ്പയർമാർ നോ ബോൾ വിളിച്ചത് തിലക് വർമ്മയെ അതൃപ്തനാക്കി. അരക്കെട്ടിന് മുകളിലൂടെ വന്ന ഫുൾ ടോസ് ബോൾ നോ ബോൾ വിളിക്കുമ്പോൾ ലങ്കൻ കളിക്കാർ മൈതാനം വിടാൻ തുടങ്ങിയിരുന്നു, ഇന്ത്യൻ താരം വൈഭവ് സൂര്യവംശി ബാറ്റിങ്ങിനായി ഒരുങ്ങുകയുമായിരുന്നു. തീരുമാനത്തിൽ വ്യക്തത തേടി തിലക് അമ്പയർമാരുമായി വീണ്ടും ദീർഘനേരം സംസാരിച്ചു. ഒടുവിൽ ഒരു പന്ത് കൂടി എറിയേണ്ടി വന്നത് മൈതാനത്തെ അന്തരീക്ഷം കൂടുതൽ വഷളാക്കി.
മത്സരം അവസാനിച്ച ശേഷവും കാര്യങ്ങൾ ശാന്തമായില്ല. സൂപ്പർ ഓവറിൽ രണ്ട് പന്തിൽ നിന്ന് അഞ്ച് റൺസ് മാത്രം നേടാനായതിന്റെ നിരാശയിലായിരുന്നു വൈഭവ്. വിജയം ആഘോഷിക്കുകയായിരുന്ന ശ്രീലങ്കൻ താരങ്ങൾക്കിടയിലൂടെ നടന്നുപോകുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിൽ നിയന്ത്രണം വിട്ട വൈഭവ് ഒരു ലങ്കൻ കളിക്കാരനെ തള്ളിമാറ്റുകയും ചെയ്തു. ഒടുവിൽ മറ്റ് കളിക്കാരെത്തിയാണ് രംഗം ശാന്തമാക്കിയത്.




