കൊച്ചി: പ്രതിശ്രുത വരൻ തന്ന ബലാത്സംഗം ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസ്, ഇരുവരും തമ്മിൽ ഒത്തുതീർപ്പിലെത്തി എന്ന കാരണത്താൽ റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി . ബലാത്സംഗം എന്നത് കേവലം ഇരു വ്യക്തികൾ തമ്മിലുള്ള സ്വകാര്യ തർക്കമല്ലെന്നും മറിച്ച് പൊതുസമൂഹത്തിന് നേരെ നടക്കുന്ന കുറ്റകൃത്യമാണെന്നും വിലയിരുത്തിക്കൊണ്ടാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രണയത്തിലായിരുന്ന രണ്ട് മെഡിക്കൽ വിദ്യാർത്ഥികളുടെ വിവാഹനിശ്ചയത്തിന് ശേഷം, വരൻ തന്റെ വീട്ടിൽ വെച്ച് ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയിലാണ് കളമശ്ശേരി പോലീസ് കേസെടുത്തത്. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്. പീഡനത്തിന് ശേഷം യുവാവ് തന്നെ സുഹൃത്തുക്കളുടെ മുന്നിൽ വെച്ച് അപമാനിച്ചെന്നും പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറിയെന്നും യുവതിയുടെ ആദ്യ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ പിന്നീട് തങ്ങൾ പരസ്പരം വിവാഹിതരാകാൻ തീരുമാനിച്ചെന്നും അതുകൊണ്ട് കേസിന്റെ തുടർനടപടികളുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്നും കാണിച്ച് പരാതിക്കാരി സത്യവാങ്മൂലം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഒത്തുതീർപ്പാക്കി റദ്ദാക്കണമെന്ന ഹർജിയുമായി വരൻ കോടതിയെ സമീപിച്ചത്.
യുവതി നൽകിയ കൃത്യമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തതെന്നും അവിവാഹിതയായ ഒരു യുവതിയെ ബലാത്സംഗത്തിനിരയാക്കുന്നത് സമൂഹത്തിന് നേരെ നടക്കുന്ന ഗുരുതരവും ക്രൂരവുമായ കുറ്റകൃത്യമാണെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ ഈ പരാതിയിലെ വിവരങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും ഇത്തരം കേസുകളിൽ ഒത്തുതീർപ്പ് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കാൻ മുൻപും ഇവർ കോടതിയെ സമീപിച്ചിരുന്നെങ്കിലും പിന്നീട് ഹർജി പിൻവലിച്ചിരുന്നു. ഇതിൽ നിന്ന് പരാതിക്കാരിക്ക് ഈ വിഷയത്തിൽ കൃത്യമായ ഒരു നിലപാടില്ലെന്ന് വ്യക്തമാണെന്ന് ചൂണ്ടിക്കാണിച്ച കോടതി യുവാവിന്റെ ഹർജി തള്ളുകയായിരുന്നു.




