പോസ്റ്റുമോർട്ടത്തിനിടെ പുരുഷന്മാരുടെ മൃതദേഹങ്ങൾ കണ്ട് മോശം കമന്റുകൾ പറയാറുണ്ടെന്ന വെളിപ്പെടുത്തലിലൂടെ വിവാദത്തിലായ എംബിബിഎസ് വിദ്യാർഥിനി സേജൽ പവാറിന് സസ്പെന്ഷന്. മുംബൈയിലെ കിംഗ് എഡ് വാർഡ് മെമ്മോറിയൽ ഹോസ്പിറ്റൽ അധികൃതരാണ് സേജലിനെ 15 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
സ്റ്റാൻഡപ് കൊമേഡിയനായ പ്രണിത് മോറിന്റെ പരിപാടിക്കിടെയായിരുന്നു വിദ്യാർഥിനിയുടെ ഈ വിവാദ മറുപടി. മൃതദേഹങ്ങളുടെ ലൈംഗികാവയവങ്ങളുടെ വലുപ്പം നോക്കി കളിയാക്കി ചിരിക്കാറുണ്ടെന്ന ഈ പരാമർശത്തെ വളരെ ഗൗരവത്തോടെയാണ് സീനിയർ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ കാണുന്നത്.
തന്റെ പ്രസ്താവനയിൽ സേജൽ പവാർ പിന്നീട് മാപ്പപേക്ഷിച്ചെങ്കിലും അതുകൊണ്ട് മാത്രം പ്രശ്നം അവസാനിക്കുന്നില്ലെന്നാണ് മുതിർന്ന ഡോക്ടർമാരുടെ നിലപാട്. മെഡിക്കൽ രംഗത്തിന്റെ അന്തസ്സിനെത്തന്നെ ബാധിക്കുന്ന കാര്യമാണിത്. മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കാൻ വേണ്ടിയാണ് പല കുടുംബങ്ങളും പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ വിട്ടുനൽകുന്നത്. അത് തികഞ്ഞ ബഹുമാനത്തോടെ മാത്രമേ കൈകാര്യം ചെയ്യാവൂ എന്നാണ് മെഡിക്കൽ എത്തിക്സ് വ്യക്തമാക്കുന്നത്. എന്നാൽ സേജലിന്റെ ഇത്തരം വാക്കുകൾ മൃതദേഹം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്നും ഡോക്ടർമാർ കരുതുന്നു.
ഈ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ കെഇഎം ആശുപത്രി ഒരു പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം തന്നെ റിപ്പോർട്ട് നൽകാൻ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. തങ്ങളുടെ വിദ്യാർഥിനിയുടെ മോശം പരാമർശമുള്ള വിഡിയോ കണ്ടിരുന്നുവെന്നും, ഒരു മണിക്കൂർ നീളമുള്ള ഷോയിൽ നിന്നുള്ള രണ്ട് മിനിറ്റുള്ള ഒരു ഭാഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നും കെഇഎം ആശുപത്രി ഡീൻ വ്യക്തമാക്കി.
ഡോ. അനിത ചലക്, ഡോ. ശ്രദ്ധ എന്നിവരടങ്ങുന്ന സമിതിയാണ് നിലവിൽ വിഷയം അന്വേഷിക്കുന്നത്. ദേശീയ മെഡിക്കൽ കമ്മിഷന്റെ സോഷ്യൽ മീഡിയ മാർഗ്ഗനിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്താണ് അന്വേഷണം നടക്കുന്നത്.




