മലപ്പുറം: നൂറുകണക്കിന് വണ്ടികൾ ചീറിപ്പായുന്ന റോഡിന് നടുവിൽ ഒരു പിഞ്ചുകുഞ്ഞ് ചിരിയോടെ ഇരിക്കുന്നു! കാണുന്ന ആരുടെയും നെഞ്ചിടിപ്പ് കൂട്ടുന്ന ഈ കാഴ്ച കണ്ട് പെട്ടെന്ന് നിർത്തിയ സ്വകാര്യ ബസിലെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് ആ കുഞ്ഞിനെ കൈകളിൽ കോരിയെടുത്ത് വലിയൊരു അപകടം ഒഴിവാക്കി. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് ആരുടെയും ശ്രദ്ധയിൽപ്പെടാതെ റോഡിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയത്.
റോഡിന്റെ നടുവിൽ ഒരു കുഞ്ഞിനെ കണ്ട് പരിഭ്രാന്തരായ ‘സഫ മർവ്വ’ എന്ന ബസിലെ ജീവനക്കാരുടെ കൃത്യമായ ഇടപെടലാണ് വലിയൊരു അപകടം ഒഴിവാക്കിയത്. ഒളവട്ടൂർ പുതിയേടത്തുപറമ്പിൽ നിന്നും ഫറോക്കിലേക്ക് പോവുകയായിരുന്ന ബസ് പൂളക്കത്തടം കിണറുപടി ഭാഗത്ത് എത്തിയപ്പോഴാണ്, റോഡിന് നടുവിലിരിക്കുന്ന കുഞ്ഞിനെ ഡ്രൈവറായ രാമചന്ദ്രൻ കാണുന്നത്. ഡ്രൈവർ പെട്ടെന്ന് തന്നെ ബസ് ബ്രേക്കിട്ട് നിർത്തി. തുടർന്ന്, കണ്ടക്ടർ നവാസ് വേഗത്തിൽ ഓടിച്ചെന്ന് കുഞ്ഞിനെ കൈകളിൽ കോരിയെടുത്തു. ബസിനുള്ളിലെ സി.സി.ടിവി ക്യാമറയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുകയും ചെയ്തു.
റോഡരികിലെ ഒരു വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന, ഒരു വയസ്സ് പോലും തികയാത്ത പെൺകുഞ്ഞാണ് തുറന്നുകിടന്ന ഗേറ്റിലൂടെ മുട്ടിലിഴഞ്ഞ് റോഡിലേക്ക് ഇറങ്ങിയത്. കുഞ്ഞിനെ സുരക്ഷിതമായി രക്ഷിച്ച ബസ് ജീവനക്കാരെ തേടി ഇപ്പോൾ നിരവധി ആളുകളുടെ അഭിനന്ദനങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.




