ചൈനയിൽ 34-ാം നിലയിലുള്ള ഒരു ഫ്ലാറ്റ് വിലയ്ക്ക് വാങ്ങിയയാൾക്ക് ഒടുവിൽ തന്റെ പണവും വീടും നഷ്ടമായി. കാരണം ആകെ 32 നിലകൾ മാത്രമുള്ള ഒരു കെട്ടിടത്തിലാണ് അയാൾക്ക് 34-ാം നിലയിലെ ഫ്ലാറ്റ് വിറ്റത്. ചൈനയിലെ ഷാൻസി പ്രവിശ്യയിലുള്ള സിയാൻ എന്ന സ്ഥലത്തിനടുത്തുള്ള ഗ്രാമത്തിൽ ഷെൻ എന്നയാൾ 2013-ലാണ് ഈ ഫ്ലാറ്റ് വാങ്ങിയത്. വർഷങ്ങൾക്ക് ശേഷമാണ് താൻ റിയൽ എസ്റ്റേറ്റ് തട്ടിപ്പിന് ഇരയായ വിവരം ഇയാൾ അറിയുന്നത്. സൌത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
പ്രദേശത്തെ ശരാശരി വിപണി വിലയുടെ മൂന്നിലൊന്ന് മാത്രം വിലയുള്ള ഒരു ഫ്ലാറ്റാണ് ഷെൻ വാങ്ങിയത്. ചൈനയിലെ നിയമപ്രകാരം സർക്കാർ ഭൂമിയിലല്ലാതെ, ഗ്രാമങ്ങളിലെ കൂട്ടായ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിയമവിരുദ്ധമായി നിർമ്മിക്കുന്ന കെട്ടിടമായതുകൊണ്ടാണ് ഇതിന് വില കുറവായിരുന്നത്. ഇത്തരം കെട്ടിടങ്ങൾക്ക് ഔദ്യോഗിക അനുമതികളോ നിയമപരമായ സുരക്ഷിതത്വമോ ഉണ്ടാകാറില്ല. നിയമപരമായി ഇവ മറിച്ചുവിൽക്കാൻ കഴിയില്ലെങ്കിലും കുറഞ്ഞ വില കാരണം ആളുകൾ ഇത്തരം ഫ്ലാറ്റുകൾ വാങ്ങാൻ താല്പര്യം കാണിക്കാറുണ്ട്.
2013-ൽ ഏകദേശം 16.65 ലക്ഷം രൂപ (1,17,700 യുവാൻ) അഡ്വാൻസായി നൽകിയാണ് ഷെൻ ഈ ഫ്ലാറ്റ് ബുക്ക് ചെയ്തത്. കെട്ടിടത്തിന് ആവശ്യമായ എല്ലാ അനുമതിപത്രങ്ങളും പിന്നീട് വാങ്ങി നൽകാമെന്ന് നിർമ്മാതാക്കൾ ഉറപ്പുനൽകിയിരുന്നതായി ഷെൻ പറയുന്നു. എന്നാൽ ഇത്തരം പദ്ധതികൾക്ക് പിന്നീട് നിയമപരമായ രേഖകൾ ലഭിക്കാറില്ല എന്നതാണ് വാസ്തവം.
2015-ൽ ഫ്ലാറ്റ് കൈമാറാമെന്നായിരുന്നു കരാറെങ്കിലും നിർമ്മാണം വൈകുകയായിരുന്നു. തുടർന്ന് 2017-ൽ, നിർമ്മിച്ച കെട്ടിടത്തിന് 32 നിലകൾ മാത്രമാണുള്ളതെന്നും അതിനാൽ 34-ാം നിലയിലെ ഫ്ലാറ്റ് നൽകാൻ കഴിയില്ലെന്നും കമ്പനി ഷെന്നിനെ അറിയിച്ചു. പകരം 32-ാം നിലയിലുള്ള ഒരു ഫ്ലാറ്റ് നൽകാമെന്ന് അവർ പറഞ്ഞെങ്കിലും, ബാക്കി തുക പെട്ടെന്ന് നൽകാൻ ഷെന്നിന് കഴിയാത്തതിനാൽ രണ്ട് മാസത്തിന് ശേഷം കമ്പനി ആ ഫ്ലാറ്റ് മറ്റൊരാൾക്ക് വിറ്റു.
തുടർന്ന് വീടും പണവും നഷ്ടപ്പെട്ട ഷെൻ തന്റെ അഡ്വാൻസ് തുക തിരികെ ആവശ്യപ്പെട്ടു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞ കമ്പനി പണം മുഴുവൻ തിരികെ നൽകാൻ തയ്യാറായില്ല. 2020-ലും 2022-ലുമായി കുറച്ചു പണം മാത്രം നൽകിയ ശേഷം കമ്പനി അധികൃതർ ഷെന്നുമായുള്ള എല്ലാ ആശയവിനിമയങ്ങളും നിർത്തിവെയ്ക്കുകയായിരുന്നു.
ഇതിനെതിരെ ഷെൻ പിന്നീട് നിയമപരമായ അതോറിറ്റിയെ സമീപിച്ചു. ബാക്കി നൽകാനുള്ള തുകയും അതിന്റെ പലിശയും ഷെന്നിന് തിരികെ നൽകാൻ അധികൃതർ കമ്പനിയോട് ഉത്തരവിട്ടു. പണം നൽകിയില്ലെങ്കിൽ അധിക പിഴയും ഈടാക്കാൻ ഉത്തരവുണ്ടായിരുന്നു. എന്നാൽ ഈ ഉത്തരവ് വന്നിട്ടും കഴിഞ്ഞ മെയ് മാസം വരെ ഷെന്നിന് പണം ലഭിച്ചിരുന്നില്ല. തുടർന്ന് പ്രാദേശിക കോടതി കമ്പനി ഉടമയ്ക്കെതിരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും, കമ്പനിയുടെ പേരിൽ മറ്റ് സമ്പാദ്യങ്ങളോ ആസ്തികളോ ഇല്ലാത്തതിനാൽ പണം ഈടാക്കുക എന്നത് ബുദ്ധിമുട്ടായി മാറി. ഫ്ലാറ്റ് വാങ്ങി പത്ത് വർഷം കഴിഞ്ഞിട്ടും പണവും വീടും ലഭിക്കാതെ കബളിപ്പിക്കപ്പെട്ട ഈ സംഭവം, നിയമപരമായ സുരക്ഷിതത്വമില്ലാത്ത വിലകുറഞ്ഞ പ്രോപ്പർട്ടികൾ വാങ്ങുന്നതിലെ അപകടങ്ങളെക്കുറിച്ച് ചൈനയിൽ ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.




