Sports

വൈഭവ് സൂര്യവംശിക്ക് പ്രായം 15 തന്നെയോ, അതോ പത്തൊന്‍പതോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

ഐപിഎല്ലിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്കിടയിലെ പ്രധാന ചർച്ചാവിഷയം പതിനഞ്ചുകാരനായ യുവതാരം വൈഭവ് സൂര്യവംശിയാണ്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ റൺവേട്ടക്കാരനായ താരം, കഴിഞ്ഞ സീസണിലെ ‘മോസ്റ്റ് വാല്യുബിൾ പ്ലെയർ’ കൂടിയായിരുന്നു. 237.30 എന്ന അവിശ്വസനീയമായ സ്‌ട്രൈക്ക് റേറ്റിൽ 72 സിക്‌സറുകൾ ഉൾപ്പെടെ 776 റൺസാണ് ഈ ഇടങ്കയ്യൻ ബാറ്റർ അടിച്ചുകൂട്ടിയത്. ഈ മികച്ച പ്രകടനത്തോടെ ടൂർണമെന്റിലെ ‘സൂപ്പർ സ്‌ട്രൈക്കർ’ പുരസ്‌കാരവും സ്വന്തമാക്കിയ വൈഭവിന് ഒരു ടാറ്റാ സിയറ എസ്‌യുവി കാറും സമ്മാനമായി ലഭിച്ചു.

എന്നാൽ പതിനെട്ട് വയസ്സ് തികയാത്ത വൈഭവിന് ഈ സമ്മാനമായി കിട്ടിയ കാറോടിക്കാൻ 2029 വരെ കാത്തിരിക്കേണ്ടി വരും. കാരണം ഔദ്യോഗിക രേഖകൾ പ്രകാരം 2011 മാർച്ച് 27-നാണ് വൈഭവ് ജനിച്ചത്. എന്നാൽ വൈഭവിന്റെ യഥാർത്ഥ പ്രായത്തെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള ചർച്ചകൾ ഇപ്പോൾ സജീവമാണ്. 2023-ൽ നൽകിയ ഒരു അഭിമുഖത്തിൽ ആ വർഷം സെപ്റ്റംബറിൽ തനിക്ക് 14 വയസ്സ് തികയുമെന്ന് വൈഭവ് തന്നെ പറഞ്ഞിരുന്നു. അതുവെച്ച് കണക്കാക്കിയാൽ താരത്തിന് ഇപ്പോൾ 16 വയസ്സുണ്ടാകണം. കൂടാതെ, പ്രശസ്ത ക്രിക്കറ്റ് എഴുത്തുകാരനായ ഗിഡിയൻ ഹേഗ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, പ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് 19 വയസ്സായെന്നാണ് വൈഭവ് കഴിഞ്ഞ വർഷം മറുപടി നൽകിയത്.

എന്നാൽ ഈ പ്രായത്തട്ടിപ്പ് ആരോപണങ്ങളെല്ലാം വൈഭവിന്റെ പിതാവ് സഞ്ജീവ് പൂർണ്ണമായി നിഷേധിക്കുകയാണ് ചെയ്യുന്നത്. അവന് എട്ടര വയസ്സുള്ളപ്പോൾ തന്നെ ബിസിസിഐയുടെ ബോൺ ടെസ്റ്റിന് (എല്ല് പരിശോധന) വിധേയനാക്കിയിരുന്നുവെന്നും അവൻ ഇതിനകം തന്നെ ഇന്ത്യൻ അണ്ടർ-19 ടീമിനായി മികച്ച രീതിയിൽ കളിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾക്ക് ആരെയും ഭയമില്ലെന്നും വേണമെങ്കിൽ വീണ്ടും പ്രായം തെളിയിക്കാനുള്ള ഔദ്യോഗിക പരിശോധനയ്ക്ക് മകൻ തയ്യാറാണെന്നുമാണ് സഞ്ജീവ് പിടിഐയോട് വ്യക്തമാക്കിയത്.

ഇന്ത്യൻ ജൂനിയർ ക്രിക്കറ്റിൽ പ്രായം കുറച്ചുകാണിക്കുന്നത് വലിയൊരു പ്രശ്നമാണെന്ന് മുൻ ഇന്ത്യൻ നായകനും പരിശീലകനുമായ രാഹുൽ ദ്രാവിഡ് നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കുറഞ്ഞ പ്രായത്തിലുള്ള കുട്ടികളുമായി മത്സരിക്കാൻ പ്രായക്കൂടുതലുള്ള കളിക്കാരെ വ്യാജരേഖകളിലൂടെ ഇറക്കുന്നത് അർഹരായ യഥാർത്ഥ യുവതാരങ്ങളുടെ അവസരങ്ങൾ നഷ്ടപ്പെടുത്താൻ മാത്രമേ കാരണമാകൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നു.

പ്രായത്തെക്കുറിച്ചുള്ള ഇത്തരം തർക്കങ്ങൾ നിലനിൽക്കുമ്പോഴും, ലോകത്തെ ഏറ്റവും മികച്ച ബൗളർമാർക്കെതിരെ തന്റെ ബാറ്റിങ് മികവ് തെളിയിക്കാൻ വൈഭവിന് ഇതിനകം സാധിച്ചിട്ടുണ്ട്. 2024-ൽ ഓസ്‌ട്രേലിയൻ അണ്ടർ-19 ടീമിനെതിരെയുള്ള യൂത്ത് ടെസ്റ്റിൽ വെറും 58 പന്തിൽ വൈഭവ് സെഞ്ചറി നേടിയിരുന്നു. ഈ വർഷത്തെ അണ്ടർ-19 ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയതും വൈഭവ് ആണ്. ഇംഗ്ലണ്ടിനെതിരായ ഫൈനലിൽ 15 സിക്‌സറുകൾ ഉൾപ്പെടെ 80 പന്തിൽ 175 റൺസാണ് താരം അടിച്ചുകൂട്ടിയത്. കഴിഞ്ഞ വർഷം ഗുജറാത്ത് ടൈറ്റൻസിനെതിരെ വെറും 38 പന്തിൽ നിന്നാണ് വൈഭവ് സെഞ്ചറി തികച്ചത്.

Leave a Reply

Your email address will not be published. Required fields are marked *