Crime

പ്രസാദമായി ലഹരിമരുന്ന് കലക്കിയ പാൽ നൽകി ബലാത്സംഗം, വീഡിയോ പകർത്തി ഭീഷണി, IIT ബിരുദധാരി ആൾദൈവം അറസ്റ്റിൽ

മഥുര∙ ജോലി സംബന്ധമായ വിവിധ വാഗ്ദാനങ്ങൾ നൽകി യുവതികളെ വശീകരിച്ച് ബലാത്സംഗം ചെയ്തെന്ന കേസിൽ ആൾദൈവം അഭിഷേക് മിശ്ര (29) ഉത്തർപ്രദേശിൽ പൊലീസിന്റെ പിടിയിലായി. രാധാകുണ്ടിലുള്ള ഇയാളുടെ ആശ്രമത്തിൽ വെച്ചാണ് മഥുര പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒഡീഷയിലെ ഭുവനേശ്വർ സ്വദേശിയായ ഇയാൾ 2021-ൽ ഐഐടി റൂർക്കിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഉയർന്ന വിദ്യാഭ്യാസമുള്ള വ്യക്തിയാണ്. ഓൺലൈൻ വഴി മതപ്രഭാഷണങ്ങൾ നടത്തി ശ്രദ്ധേയനായ ഇയാൾ, മൂന്നു വർഷം മുൻപാണ് മഥുരയിലെ ഗോവർധൻ പ്രദേശത്തുള്ള രാധാകുണ്ഡിലേക്ക് താമസം മാറ്റിയത്.

യുവതികൾക്ക് മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കുകയും തുടർന്ന് ആശ്രമത്തിൽ തടവിലാക്കി പീഡിപ്പിക്കുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് മഥുര റൂറൽ പൊലീസ് സൂപ്രണ്ട് സുരേഷ് ചന്ദ്ര റാവത്ത് വ്യക്തമാക്കി. ഛത്തീസ്ഗഡ് സ്വദേശിനിയായ ഒരു യുവതി മേയ് 25 ന് നൽകിയ ബലാത്സംഗ പരാതിയുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പ്രഭാഷണങ്ങളിൽ ആകൃഷ്ടയായി ആശ്രമത്തിലെത്തിയ യുവതിയെ പ്രതി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.

പ്രസാദമാണെന്ന് പറഞ്ഞ് മിശ്ര തനിക്ക് ലഹരിവസ്തുക്കൾ കലർത്തിയ പാൽ കുടിക്കാൻ നൽകിയെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ഇത് കുടിച്ചതോടെ തനിക്ക് ബോധം നഷ്ടപ്പെട്ടെന്നും ഈ സമയത്ത് മിശ്ര തന്നെ ബലാത്സംഗം ചെയ്തെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നു. കൂടാതെ തന്റെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും മൊബൈലിൽ പകർത്തിയ പ്രതി, അത് കാണിച്ച് ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ഈ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് മിശ്ര ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്.