Crime

അഷ്‌കര്‍ കൊടുംക്രൂരന്‍; ആദ്യഭാര്യയെ മര്‍ദിച്ച്‌ കോമയിലാക്കി, കുഞ്ഞിനെ മര്‍ദ്ദിച്ചത് വായിൽ തുണി തിരുകി


തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ ഒന്നര വയസ്സുകാരൻ അർഷിതിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അഷ്കർ അതിക്രൂരനാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇയാളുടെ ആദ്യ ഭാര്യയായ ആമിനയെ സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി മർദിച്ച് അബോധാവസ്ഥയിലാക്കിയ പഴയ സംഭവം ഇതോടെ വീണ്ടും ചർച്ചയായി . ആമിനയുടെ തല ചുവരിലും ക്ലോസറ്റിലും ഇടിപ്പിച്ച് മർദിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ദീർഘനാൾ വെന്റിലേറ്ററിൽ കഴിഞ്ഞ ആമിനയ്ക്ക് ഓർമശക്തി തിരിച്ചുകിട്ടിയെങ്കിലും സംസാരിക്കാനുള്ള ശേഷി ഇതുവരെ വീണ്ടെടുക്കാനായിട്ടില്ല. നിലവിൽ ഇവർ മെഡിക്കൽ കോളേജ് റീഹാബിലിറ്റേഷൻ സെന്ററിൽ ചികിത്സയിലാണ്.

തന്റെയും പുതിയ പങ്കാളി അഖിലയുടെയും ജീവിതത്തിന് കുഞ്ഞ് ഒരു തടസ്സമാകുമെന്ന് കരുതിയാണ് അർഷിതിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് അഷ്കർ പോലീസിനോട് സമ്മതിച്ചതായാണ് വിവരം. കുഞ്ഞിന്റെ കരച്ചിൽ പുറത്തുകേൾക്കാതിരിക്കാൻ വായിൽ തുണി തിരുകിക്കയറ്റിയാണ് ഇയാൾ ക്രൂരമായി മർദിച്ചിരുന്നത്.

അഖില വീട്ടിലില്ലാതിരുന്ന സമയത്ത് കുഞ്ഞ് വിതുമ്പിക്കരഞ്ഞപ്പോൾ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നുവെന്ന് ഇയാൾ മൊഴി നൽകി. ബോധം നഷ്ടപ്പെട്ട കുട്ടി മരിച്ചെന്ന് ഉറപ്പായതോടെ, ചോറ് തൊണ്ടയിൽ കുടുങ്ങിയതാണെന്ന് കള്ളം പറഞ്ഞ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ഇതിനുമുമ്പ് തന്നെ വീടും പരിസരവും വൃത്തിയാക്കി തെളിവുകളെല്ലാം ഇയാൾ നശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം രാവിലെ തെളിവെടുപ്പിനായി കരിക്കുഴിയിലെ വാടകവീട്ടിൽ എത്തിച്ചപ്പോൾ യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് കുഞ്ഞിനെ ഉപദ്രവിച്ച രീതികൾ ഇയാൾ പോലീസിന് വിവരിച്ചുകൊടുത്തത്.

നാല് വർഷം മുൻപാണ് പനവൂർ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അഷ്കർ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പാലോട് സ്വദേശിനി ആമിനയെ വിവാഹം കഴിക്കുന്നത്. സ്ത്രീധനത്തിന്റെ പേരിലും സ്വന്തമായി വീടില്ലാത്തതിന്റെ പേരിലും ഇയാൾ ആമിനയെ നിരന്തരം ഉപദ്രവിച്ചിരുന്നതായും, നെടുമങ്ങാട് പോലീസിൽ പലതവണ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും ആമിനയുടെ അമ്മ ആരോപിക്കുന്നു.

പിന്നീട് മറ്റ് പല യുവതികളുമായും സൗഹൃദം സ്ഥാപിച്ച ഇയാൾ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയതായും ആക്ഷേപമുണ്ട്. ഇതിന് ശേഷമാണ് അഷ്കർ അഖിലയുമായി അടുപ്പത്തിലാകുന്നത്. നൃത്ത പരിപാടികൾക്ക് പോയിരുന്ന അഖില മൂന്ന് മാസം ഗർഭിണിയായിരിക്കെ ഭർത്താവ് അഖിൽ ആത്മഹത്യ ചെയ്തിരുന്നു. തുടർന്നാണ് അഷ്കറും അഖിലയും ഒരുമിച്ച് കരിക്കുഴിയിൽ വാടകയ്ക്ക് താമസം തുടങ്ങിയത്.

അഷ്കർ കുഞ്ഞിനെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് അഖിലയുടെ പിതാവ് സുനിൽകുമാർ വെളിപ്പെടുത്തി. അഖില നൃത്ത പരിപാടികൾക്ക് പോകുന്നതിനാൽ കുഞ്ഞിനെ നോക്കാൻ ബുദ്ധിമുട്ടാണെന്നും, അതിനാൽ കുട്ടിയെ അമ്മത്തൊട്ടിലിൽ ഏൽപ്പിക്കാൻ ആലോചിക്കുന്നതായും ഡാൻസ് ട്രൂപ്പിലെ അധ്യാപിക വഴിയാണ് താൻ അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. കുഞ്ഞിനെ തങ്ങൾക്ക് വളർത്താൻ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവർ സമ്മതിച്ചില്ലെന്നും, ഇതിനായി നിയമപരമായ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഈ ദുരന്തം സംഭവിച്ചതെന്നും സുനിൽകുമാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *