ഉത്തരേന്ത്യയിലും മറ്റും ഗോസംരക്ഷകർ വാഹനങ്ങൾ തടയുന്നതും ആളുകളെ ആക്രമിക്കുന്നതുമായ വാർത്തകൾ സ്ഥിരമായി പുറത്തുവരുന്ന സാഹചര്യത്തിൽ ബീഫ് വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും ഗോവധം നിരോധിച്ചതാണ് ഇതിന് പ്രധാന കാരണം. അതേസമയം, ചിലയിടങ്ങളിൽ ആട്ടിറച്ചിക്ക് വലിയ ആവശ്യക്കാരുണ്ടെങ്കിലും കോഴിയിറച്ചിയേക്കാളും പന്നിയിറച്ചിയേക്കാളും ഇതിന് വില കൂടുതലാണ്. എന്നാൽ, ബംഗളൂരുവിൽ ആട്ടിറച്ചിക്ക് പകരം ബീഫ് നൽകി ഉപഭോക്താക്കളെ പറ്റിച്ച മലയാളി യുവാക്കൾ ഇപ്പോൾ പോലീസിന്റെ പിടിയിലായിരിക്കുകയാണ്.
ബൊമ്മനഹള്ളിയിലെ കായലോരം റസ്റ്റോറന്റിലാണ് ഈ സംഭവം നടന്നത്. കഴിഞ്ഞ ഒന്നര വർഷമായി പ്രവർത്തിക്കുന്ന ഈ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ചിലർ അടുത്തിടെ ആട്ടിറച്ചി ഓർഡർ ചെയ്തിരുന്നു. എന്നാൽ തങ്ങൾക്ക് കിട്ടിയത് ആട്ടിറച്ചിയല്ലെന്ന് സംശയം തോന്നിയ ഇവർ ഹോട്ടൽ ജീവനക്കാരോട് കാര്യം തിരക്കി. ജീവനക്കാരുടെ മറുപടിയിൽ തൃപ്തി വരാതിരുന്നതിനെ തുടർന്ന് ഉപഭോക്താക്കൾ ഉടൻ തന്നെ അവലഹള്ളി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് റസ്റ്റോറന്റിൽ എത്തിയ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് അവിടെ ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്നും ഉപഭോക്താക്കൾക്ക് നൽകിയത് ആട്ടിറച്ചിയല്ലെന്നും കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് കടയിലുണ്ടായിരുന്ന ജിജോ, ഷിമ്പു എന്നീ മലയാളി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പങ്കാളിയായ അഭിലാഷ് എന്ന മറ്റൊരു മലയാളി നിലവിൽ ഒളിവിലാണ്. ഹോട്ടലിൽ നിന്ന് പിടിച്ചെടുത്ത മാംസം കൂടുതൽ സ്ഥിരീകരണത്തിനായി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.




