Crime

പ്രണയത്തിന് തടസം; 34 സെക്കൻഡിൽ എട്ടു തവണ കുട്ടിയെ നിലത്തെറിഞ്ഞു കൊന്നു; നടുക്കുന്ന സിസിടിവി ദൃശ്യം പുറത്ത്

ഉത്തർപ്രദേശിലെ ഫിറോസാബാദിൽ ഒന്നര വയസ്സുകാരനായ ആൺകുട്ടിയെ വെറും 34 സെക്കൻഡിനുള്ളിൽ എട്ടുതവണ നിലത്തെറിഞ്ഞ് ക്രൂരമായി കൊലപ്പെടുത്തി. കുട്ടിയുടെ അമ്മയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച യുവാവാണ് ഈ ക്രൂരത ചെയ്തത്. തങ്ങളുടെ പ്രണയബന്ധത്തിന് കുഞ്ഞ് തടസ്സമാകുമെന്ന് കരുതിയാണ് ഇയാൾ കൊലപാതകം നടത്തിയത്.

കുട്ടിയുടെ അമ്മ ബന്ധുവീട്ടിൽ പോയ സമയത്തായിരുന്നു സംഭവം. പ്രതി കുഞ്ഞിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

ഈ കേസിൽ പ്രതിയായ വിരാജും കുട്ടിയുടെ അമ്മ രതിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇയാൾക്ക് രതിയെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടായിരുന്നു. രതി തന്റെ അമ്മായിയുടെ വീട്ടിലുണ്ടെന്ന് മനസ്സിലാക്കിയ വിരാജ് വെള്ളിയാഴ്ച അവിടെയെത്തുകയും കുട്ടിയെയും കൂട്ടി പുറത്തേക്ക് പോവുകയുമായിരുന്നു. തുടർന്ന് റോഡിൽ വെച്ച് കുഞ്ഞിന്റെ കാലിൽ പിടിച്ച് നിലത്തേക്ക് പലതവണ അടിച്ചുകൂട്ടുന്ന ഭയാനകമായ ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞിട്ടുള്ളത്.

ഉടൻ തന്നെ ബന്ധുക്കൾ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ക്രൂരകൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് വ്യക്തമാക്കി.